അയോധ്യ ക്ഷേത്രക്കൊള്ള; ട്രസ്റ്റ് ചെയര്‍മാന്റെ ഡ്രൈവര്‍ക്ക് 50 കോടി രൂപയുടെ ആസ്തി, ഓട്ടോ ഓടിച്ച് ഉണ്ടാക്കിയതെന്ന് വിശദീകരണം

അയോധ്യയിൽ നിര്‍മിച്ച രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണവും അമൂല്യവസ്തുക്കളും കവര്‍ച്ച ചെയ്ത കേസിന് പിന്നാലെ പുറത്തെത്തുന്നത് ക്ഷേത്രക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയാണ് ചമ്പത് റായ്. വിശ്വ ഹിന്ദു പരിഷത് ദേശീയ ഉപാധ്യക്ഷൻ കൂടിയായ ഇദ്ദേഹത്തിന്റെ ഉറ്റ അനുയായിയും സ്ഥിരം ഡ്രൈവറുമായ രാം ശങ്കര്‍ യാദവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ദിവസം ഒരു കോടിയിലധികം നടവരവ് മാത്രമുള്ള ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് രാം ശങ്കര്‍ യാദവാണ്. കൊള്ളയുടെ വിവരങ്ങൾ പരസ്യമായതോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മുഖം രക്ഷിക്കാനായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഒമ്പത് പേരിൽ ഒരാളാണ്. ഇദ്ദേഹത്തിൽ നിന്ന് എസ്ഐടി തന്നെയാണ് ഭണ്ഡാരങ്ങളുടെ താക്കോൽ പിടിച്ചെടുത്തത്. ഇവ എങ്ങിനെ ഒരു ഡ്രൈവറുടെ കൈവശം എത്തി എന്നതിന് വിശദീകരണമില്ല. സംഭാവന എണ്ണുന്ന മുറിയിലെ സിസിടിവിയിൽ 45 ദിവസത്തെ ദൃശ്യങ്ങൾമാത്രമാണ് ഉണ്ടായിരുന്നത്.
ടിന്നു എന്ന ഓമന പേരിൽ അറിയപ്പെടുന്ന രാം ശങ്കര്‍ യാദവിന് ഇപ്പോൾ അയോധ്യയിൽ മാത്രം 50 കോടി രൂപയുടെ ആസ്തിയുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ക്ഷേത്ര നടത്തിപ്പിൽ പ്രമാണി ചമഞ്ഞു നടന്നിരുന്ന ഇദ്ദേഹം കുടുംബ സ്വത്തിനെ കുറിച്ച് ചേദിച്ചപ്പോൾ ഓട്ടോ റിക്ഷ ഓടിച്ചും വായ്പ വാങ്ങിയും സമ്പാദിച്ചത് എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. ക്ഷേത്രം പ്രവര്‍ത്തനം തുടങ്ങിയ 2024 ന് ശേഷം ജീവനക്കാരുടെ പലരുടെയും ആസ്തി അവിശ്വസനീയമായി പലമടങ്ങ് വര്‍ധിച്ചതായി പ്രത്യേക അന്വേഷണ സംഘം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്വന്തം നിലയ്ക്ക് എങ്ങനെ ഇത്രയും വലിയ കൊള്ള നടത്താൻ കഴിയും. പിന്നിൽ ആരുടെ നേതൃത്വവും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമാണ് എന്നതിനൊന്നും തത്കാലം ഉത്തരമില്ല.
ചോദ്യ പേപ്പര്‍ ചോര്‍ച്ച
അന്വേഷിച്ചതുപോലെ
കേസിൽ ഒൻപത് പേരെയാണ് ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ടിന്നു മാത്രമല്ല ശേഷിച്ചവരും ഉന്നത പരസ്പര കുടുംബ ബന്ധങ്ങൾ ഉള്ളവരാണ്. ടിന്നുവിന്റെ തന്നെ അനന്തരവനാണ് മനീഷ് കുമാര്‍ യാദവ്. മറ്റൊരു പ്രതി രാം ശങ്കര്‍ മിശ്ര ഇയാളുടെ മകൻ അനുകൽപ് മിശ്ര മരുമകൻ ലവ് കുമാര്‍ മിശ്ര എന്നിവരും പ്രതികളിൽ ഉൾപ്പെടുന്നു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് തന്റെ രാജി സന്നദ്ധ പ്രഖ്യാപിച്ചാണ് മുഖം രക്ഷിക്കാൻ ശ്രമിച്ചത്. ട്രസ്റ്റി അനിൽ മിശ്ര മൗനം തുടരുകയാണ്. ഇരുവര്‍ക്കും പള്ളി പൊളിച്ച കര്‍സേവാ കാലം മുതൽ ചരിത്രമുണ്ട്. ആര്‍ എസ് എസ്, വി എച്ച് പി സംഘടനകളുടെ ഭാഗവുമാണ്. എന്നിട്ടും അകത്ത് നിന്നുതന്നെ കുത്ത് കിട്ടുകയായിരുന്നു. അത്രയും വലിയ സമ്പത്താണ് കുമിഞ്ഞു കൂടുന്നത്. ഇത് നേരത്തെ കണ്ടവരാണ് കൊള്ളയടിക്ക് വഴി മരുന്നിട്ടത് എന്നും വ്യക്തം.
കാണിക്കയായി ലഭിച്ച പണത്തിനും ഉരുപ്പടികൾക്കും മാത്രമല്ല ഒന്നിനും കണക്കും രശീതിയും ഉണ്ടായിരുന്നില്ല. ചമ്പത് റായിക്ക് നേരിട്ട് നൽകിയവര്‍ വരെ പരാതിപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇടക്കാലത്ത് ഇവര്‍ക്കൊപ്പം നിന്നിരുന്ന ശിവസേന തന്നെയും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിന് നൽകിയ ഒരു കോടി രൂപയ്ക്കും വെള്ളിക്കട്ടികൾക്കും രശീത് കിട്ടിയില്ല എന്നാണ് വെളിപ്പെടുത്തൽ. യു പി സര്‍ക്കാര്‍ കൂടി ആരോപണ നിഴലിലാവുകയും അന്വേഷണം പ്രഖ്യാപിക്കയും ചെയ്തതോടെയാണ് ശിവസേന തുറന്നു പറച്ചിന് ധൈര്യം കാണിച്ചിരിക്കുന്നത്.
അന്വേഷണം തിടുക്കപ്പെട്ട് പ്രഖ്യാപിച്ചു എങ്കിലും ഇതോടെ ആഴത്തിലുള്ള വിവരങ്ങളും പുറത്തെത്തുകയാണ്. വെറും കാണിക്ക എണ്ണൽ ചുമതലക്കരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിൽ ചെയ്ത അതേ രീതിയിലുള്ള അന്വേഷണമാണ്. ഏറ്റവും അവസാന കണ്ണികളായുള്ള സാധാരണ പ്രതികളെ കുരുക്കി. നടപടി മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി ഉത്തരവാദിത്തം തീര്‍ത്തു.
പക്ഷേ പുറത്തു വരുന്ന വിവരങ്ങൾ ചെറുതല്ല. അയോധ്യ ഭൂമി ഏറ്റെടുക്കൽ ഘട്ടത്തിൽ തന്നെ വ്യാപകമായ അഴിമതിയും വെട്ടിപ്പും പുറത്തെത്തിയിരുന്നതാണ്. മുതിര്‍ന്ന ബിജെപി നേതാവും പാര്‍ടി വക്താവുമായ രജനീഷ് സിങ്, മുൻ എം പി ബ്രിജ് ഭൂഷൺ സിങ് എന്നിവരെല്ലാം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻറ് ലൈബ്രറി സൊസൈറ്റി അംഗവും പ്രസാര്‍ ഭാരതി മുൻ ചെയര്‍മാനുമായ എ സുര്യപ്രകാശ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇംഗ്ളീഷ് ദനപത്രത്തിൽ വിശദമായ ലേഖനം തന്നെ എഴുതി.
ജോലി കാണിക്കയെണ്ണൽ
ശമ്പളം ബാങ്ക് വക
ഇത്രയും വലിയ തട്ടിപ്പ് നടത്തിയവരിൽ നിന്നും ഇതുവരെ എസ് എ ടി കണ്ടെടുത്തത് വെറും 79.85 ലക്ഷം രൂപയാണ്. രാമ ക്ഷേത്രത്തിന്റെ പണം ശുചിമുറിയിലായുരന്നു സൂക്ഷിച്ചത്. അറസ്റ്റു ചെയ്യപ്പെട്ട ഇവരിൽ ആറു പേര്‍ ബാങ്ക് ജീവനക്കാരാണ് എന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്. ബാങ്കിൽ നിന്നാണ് ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത് എന്ന് പ്രോസിക്യൂഷൻ ഓഫീസര്‍ കെ സി വര്‍മ്മ പറഞ്ഞു. ഈ സംഘം തന്നെയാണ് ഭണ്ഡാരങ്ങളുടെ താക്കോലും കയ്യിൽ വെച്ചിരുന്നത്.
ട്രസ്റ്റ് നടത്തിയ ഭൂമി ഇടപാടുകൾ മുതൽ നിര്‍മ്മാണവും കാണിക്ക പിരിവും വരെ പ്രദേശത്തെ ജനങ്ങൾ കണ്ടുനിൽക്കയായിരുന്നു. ഇതേ ക്ഷേത്രത്തിന്റെ പേരിലാണ് രാജ്യത്ത് മുഴുവൻ വിദ്വേഷവും വിഭാഗീയതയും കത്തിച്ച് ബിജെപി സംഘപരിവാര്‍ സംഘം ആര്‍ എസ് എസ് അടിത്തറയിൽ ശക്തിപ്പെട്ട് രാജ്യത്തിന്റെ ഭരണം പിടിച്ചത്. എന്നാൽ ഇതേ അയോധ്യയിൽ എല്ലാം കണ്ടു നിന്ന ജനങ്ങൾ അവരെ തോൽപ്പിക്കുകയായിരുന്നു.
കൊള്ള സംഘത്തെ കുറിച്ച് സമാജ് വാദി പാര്‍ടി നേതാവ് പവൻ പാണ്ഡെയാണ് ആദ്യം പരസ്യമായി പ്രതികരിച്ചത്. പിന്നീട് ഇടഞ്ഞു നിന്ന ബിജെപി നേതാവ് ഡോ. രജനീഷ് സിങ് പരസ്യ പ്രതികരണം നടത്തി. ഇതോടെ നിൽക്കകള്ളിയില്ലതായി തീര്‍ന്ന രാമജൻമ ഭൂമി ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാൻ നൃപേന്ദ്ര മിശ്രയും പരസ്യമായി രംഗത്ത് വന്നു. ഇദ്ദേഹം പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. ഇതോടൊപ്പം മുൻ എംപി ബ്രിജ് ഭൂഷണ സിങും പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ ഉൾപ്പെട്ട ഇദ്ദേഹത്തിന് ലഭിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ പരിരക്ഷ വലിയ വിവാദമായിരുന്നു. പ്രധാമന്ത്രി ഉൾപ്പെടെ ഇദ്ദേഹത്തെ ഭയക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നതും വാര്‍ത്തയായിരുന്നു.
കേസ് തിരിഞ്ഞപ്പോൾ
പരാതിക്കാരായി
ചമ്പത് റായിയും അനിൽ മിശ്രയും ഇപ്പോഴും കേസിന് പുറത്ത് സുരക്ഷിതരായി കഴിയുന്നു. ക്ഷേത്രം മാനേജര്‍ ഗോപാൽ റാവുവാണ് കാര്യങ്ങൾ കൈവിടും എന്ന ഘട്ടത്തിൽ പരാതി നൽകിയത്. ഇദ്ദേഹം അന്വേഷണ പരിധിയിൽ ഇല്ല. ഒപ്പം ട്രസ്റ്റിലെ മുതിര്‍ന്ന ആര്‍ എസ് എസ് പ്രതിനിധി കൃഷ്ണ മോഹനും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ അന്വേഷണ സംഘം സുരക്ഷിതമാക്കിയ അകലത്തിൽ ഇപ്പോഴും തുടരുന്നു.
പരാതി ഉയര്‍ന്നപ്പോഴും വിവരങ്ങൾ വെളിപ്പെട്ടപ്പോഴും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം പതിവ് രീതിയിലായിരുന്നു. രാജ്യ സ്നേഹവും വിഭാഗീയതയും തന്നെ വെച്ച് മൂര്‍ച്ച കൂട്ടി. ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാനുള്ള ചരിത്രപരവും സംവിധാനപരവുമായ ഗൂഡാലോചന എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ വിവരങ്ങൾ ഓരോന്നായി പുറത്തെത്തി തുടങ്ങിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടി വന്നു. കേസ് ഒതുക്കാനോ യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ എന്നതിൽ സംശയമില്ല. പണം എണ്ണൽ സംഘത്തിൽ എത്തി അന്വേഷണം മുട്ടി നിൽക്കയാണ്. അന്വേഷകര്‍ കണ്ടെത്തിതിനെക്കാൾ അധികം വിവരങ്ങൾ അയോധ്യയിലെ ജനങ്ങൾക്കിടയിൽ പാട്ടാണ്. ഉത്തര്‍ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
കൂടെ വളര്‍ന്ന
അഴിമതിയും കൊള്ളയും
അയോധ്യാ രാഷ്ട്രീയത്തിൽ സംഘപരിവാറും വിഎച്ച്‌പിയും അഴിമതിയും ഒരുമിച്ചാണ് സംഭവിച്ചത്. തര്‍ക്ക സമയത്ത് സംഭാവനയായി ശേഖരിച്ച തുകയിൽ 1400 കോടി രൂപ വിഎച്ച്‌പി നേതാക്കൾ അപഹരിച്ചതായി നിർമോഹി അഖാഡ ആരോപിച്ചിരുന്നു. 1980കളിലും ’90കളിലും ബിജെപി ഉൾപ്പെടെ സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്കായി ഇൗ തുക വിനിയോഗിച്ചെന്ന് നിർമോഹി അഖാഡ വക്താവ് മഹന്ത് സീതാറാം പരസ്യമായി പറയുകയും ചെയ്തു.
ശിലാപൂജാ ചടങ്ങുമായി ബന്ധപ്പെട്ട് ഇഷ്ടികകൾ ശേഖരിച്ചപ്പോൾ സംഭാവനയും സ്വീകരിച്ചു. ഇൗ രീതിയിൽ സമാഹരിച്ച തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. താൽക്കാലിക ക്ഷേത്രത്തിലും കാണിക്ക ലഭിച്ചിരുന്നു. ഈ തുകയും ഉരുപ്പടികളും എവിടെ എന്നും നിർമോഹി അഖാഡ സംശയം ഉന്നയിച്ചിരുന്നു. പ്രതിഷ്‌ഠാചടങ്ങിന്റെ ഘട്ടത്തിൽ ട്രസ്റ്റിന്റെ പേരിൽ വ്യാജ പോർട്ടലുകൾ ആരംഭിച്ച് പ്രസാദവിൽപ്പന നടത്തി കോടികൾ സമാഹരിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.
രണ്ടുകോടി രൂപയ്ക്ക് വാങ്ങിയ ഭൂമി മിനിറ്റുകൾക്കകം 18.5 കോടി രൂപയ്‌ക്ക് ട്രസ്റ്റിന് കൈമാറിയ റിയൽ എസ്റ്റേറ്റ് ഭക്ത തന്ത്രവും പുറത്തെത്തി. ഇതോടൊപ്പം പ്രദേശത്ത് താമസിച്ചിരുന്ന ദളിത് വിഭാഗങ്ങളിൽ നിന്നും രേഖകളിൽ കൃത്രിമം കാട്ടി ഭൂമി വാങ്ങിക്കൂട്ടി മറിച്ചു വിറ്റു. ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അടുത്തിടെ സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിക്കുകയാണുണ്ടായത്.
ഇപ്പോൾ നടക്കുന്ന അറസ്റ്റും അന്വേഷണ നാടങ്ങളും ഭക്തർ നൽകിയ കാണിക്ക നേരിട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടതാണെങ്കിൽ, ഭൂമി വിവാദങ്ങൾ ക്ഷേത്രത്തിനായി സ്ഥലം വാങ്ങിയതിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായും അഴിമതിയുമായും നേരിട്ട് ബന്ധപ്പെട്ടതാണ്.
അയോധ്യയിലെ ജനങ്ങൾ ഇക്കാര്യങ്ങൾ എല്ലാം നേരത്തെ അറിഞ്ഞിരുന്നു. അവര്‍ തെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിക്കെതിരെ വോട്ട് ചെയ്ത് രാഷ്ട്രീയമായി പ്രതികരിക്കയും ചെയ്തു. ഇപ്പോൾ ക്ഷേത്രക്കൊള്ളയുടെ ആഴവും വലിപ്പവും കണ്ട് രാജ്യം ഞെട്ടുകയാണ്.










0 comments