ad
Deshabhimani

എൽ നിനോ വില്ലനായി: കരിമ്പ് കർഷകർ പ്രതിസന്ധിയിൽ; പഞ്ചസാര ഉല്പാദനവും കുറഞ്ഞേക്കും

Sugarcane Famer India (Sanket Jain/Thomson Reuters)

ഇന്ത്യയിലെ മഹാരാഷ്ട്രയിലുള്ള ഖോച്ചി ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തിൽ നിന്നുള്ള ചിത്രം. (Image Courtesy: Sanket Jain/Thomson Reuters)

വെബ് ഡെസ്ക്

Published on Jun 27, 2026, 04:19 PM | 2 min read

മുംബൈ : ആഗോള വിപണിയിൽ പഞ്ചസാരയുടെ വിലക്കയറ്റത്തിന് കാരണമായേക്കാവുന്ന നിർണായക നീക്കവുമായി ഇന്ത്യ. വരും വർഷങ്ങളിൽ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി പൂർണമായി നിർത്തിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൽ നിനോ പ്രതിഭാസത്തെത്തുടർന്ന് കരിമ്പ് ഉല്പാദനത്തിലുണ്ടായ കുറവും, ഹരിത ഇന്ധനമായ എഥനോൾ ഉല്പാദനത്തിനായി വൻതോതിൽ കരിമ്പ് മാറ്റിവെക്കുന്നതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.


ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉല്പാദക രാജ്യമായ ഇന്ത്യ കയറ്റുമതിയിൽ നിന്ന് പിന്മാറുന്നത് അന്താരാഷ്ട്ര വിപണിയിൽ പഞ്ചസാര വില കുത്തനെ ഉയരാൻ കാരണമാകും. നിലവിൽ ലോകവിപണിയിൽ പഞ്ചസാര ലഭ്യത കുറവാണ്.


കഴിഞ്ഞ ഏതാനും സീസണുകളായി പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കാരണം മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ മഴ പെയ്യുന്നത് കുറഞ്ഞിരുന്നു. കരിമ്പ് ഉല്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളാണിവ. ഇത് കരിമ്പ് വിളവെടുപ്പിനെ സാരമായി ബാധിച്ചു. ആഭ്യന്തര വിപണിയിൽ പഞ്ചസാര വില നിയന്ത്രിച്ചു നിർത്തുന്നതിനും ദൗർലഭ്യം ഒഴിവാക്കുന്നതിനും നിലവിലുള്ള സ്റ്റോക്ക് രാജ്യത്ത് തന്നെ നിലനിർത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.


പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിനായി കരിമ്പിൽ നിന്നുള്ള ജ്യൂസും സിറപ്പും വൻതോതിൽ എഥനോൾ ഉല്പാദനത്തിനായി മാറ്റിവയ്ക്കുന്നുണ്ട്. വരും വർഷങ്ങളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് വർധിപ്പിക്കാൻ ലക്ഷ്യമിടുകയാണ് രാജ്യം. ഇതോടെ പഞ്ചസാര ഉല്പാദനത്തിനായി ലഭിക്കുന്ന കരിമ്പിന്റെ അളവിൽ വലിയ കുറവുണ്ടാകും.


ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളായ ഇന്ത്യയിൽ, പഞ്ചസാരയുടെ വിലയും ലഭ്യതയും വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളാണ്. ഉത്സവങ്ങളും ആഘോഷങ്ങളും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാ​ഗമാണ്. അതുപോലെ തന്നെ മധുരപലഹാരങ്ങൾക്കുള്ള ജനപ്രീതിയും വലുതാണ്. ഇതിനൊപ്പം തന്നെ രാജ്യത്തെ ഭൂരിഭാഗം വരുന്ന നിർധന കുടുംബങ്ങളും കുറഞ്ഞ ചെലവിൽ ശരീരത്തിന് ആവശ്യമായ കലോറി കണ്ടെത്താനുള്ള ഒരു പ്രധാന മാർഗ്ഗമായി പഞ്ചസാരയെ ആശ്രയിക്കുന്നുണ്ട്.


ഇന്ത്യയെ മാത്രമല്ല, എൽ നിനോ പ്രതിഭാ​സം ബ്രസീലിലെയും തായ്‌ലൻഡിലെയും വിളവെടുപ്പിനെയും ബാധിച്ചേക്കാം. ഏറ്റവും വലിയ കയറ്റുമതിക്കാരായ ബ്രസീലും കൂടുതൽ കരിമ്പ് എഥനോൾ ഉല്പാദനത്തിനായി മാറ്റിവെക്കുകയാണ്. മറ്റൊരു പ്രധാന കയറ്റുമതി രാജ്യമായ തായ്‌ലൻഡിലും എൽ നിനോ മൂലമുണ്ടാകുന്ന മഴക്കുറവ് ഉല്പാദനത്തെ ബാധിച്ചേക്കാം.


എൽ നിനോ പ്രതിഭാസം കാരണം ഈ വർഷം ഇന്ത്യയിലെ കാലവർഷം കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ദുർബലപ്പെടുമെന്നാണ് പ്രവചനം. ജൂൺ മാസത്തിൽ ലഭിച്ച മഴയിൽ 40 ശതമാനത്തിലധികം കുറവുണ്ടായതോടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.


മഴ കുറയുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പ്രമുഖ ഉല്പാദന മേഖലകളിലെ കർഷകർ കരിമ്പ് കൃഷിയിൽ നിന്ന് പിന്തിരിയുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കരിമ്പ് തൈകൾക്കുള്ള ആവശ്യം കുറഞ്ഞിട്ടുണ്ട്.


ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനായാണ് പെട്രോളിൽ കൂടുതൽ എഥനോൾ കലർത്താൻ കേന്ദ്രം തയ്യാറാവുന്നത്. ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം ശക്തമായ മുൻകൈയെടുക്കുന്നുണ്ട്. ഈ പദ്ധതികൾ വേഗത്തിലാകുന്നതോടെ എഥനോളിന്റെ ആവശ്യം നിലവിലെ 1,200 - 1,300 കോടി ലിറ്ററിൽ നിന്ന് 2039-40 വർഷത്തോടെ ഏകദേശം 3,000 കോടി ലിറ്ററായി (രണ്ടിരട്ടിയിലധികം) വർധിച്ചേക്കാമെന്നാണ് വ്യവസായ മേഖലയിലെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.


ആഭ്യന്തര ഉപഭോഗം വർഷം തോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ കയറ്റുമതി അനുവദിച്ചാൽ രാജ്യത്ത് പഞ്ചസാര വില കുത്തനെ ഉയർന്നേക്കും. ഒക്ടോബർ മുതൽ ആരംഭിക്കുന്ന പുതിയ സീസണിലെ കരിമ്പ് ഉല്പാദനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്ന ശേഷമേ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു. എങ്കിലും വരും വർഷങ്ങളിൽ പഞ്ചസാര കയറ്റുമതി കുറയാനാണ് സാധ്യതയെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home