മൂവാറ്റുപുഴയാറിൽ മൃതദേഹം കണ്ടെത്തിയ സംഭവം: കാണാതായ ഭർത്താവും മരിച്ച നിലയിൽ

പിറവം: മൂവാറ്റുപുഴയാറിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കാണാതായ നെന്മാറ സ്വദേശി നാരായണന്റെ മൃതദേഹവും കണ്ടെത്തി. ആറ്റുതീരം പാർക്കിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം പിറവത്ത് മൂവാറ്റുപുഴയാറ്റിലെ മുളക്കുളം കളമ്പൂർ പാലത്തിന് സമീപത്തുനിന്നും ആറാട്ടുകടവ് ഭാഗത്തുനിന്നുമാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരിച്ചത് മൂവാറ്റുപുഴയിൽ താമസിക്കുന്ന നെന്മാറ സ്വദേശിനി ബിജിയും (വിജിമോൾ) മക്കളുമാണെന്ന് തിരിച്ചറിഞ്ഞത്. ഇവർ കോതമംഗലത്തായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്. ബിജിമോളും മക്കളും പാർക്കിന് സമീപത്തെ കടയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കാഴ്ച പരിമിതിയുള്ളയാളാണ് ബിജിമോൾ.
സംഭവത്തിൽ കാണാതായ നാരായണന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ സംഭവം കൂട്ട ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കുടുംബം മറ്റുള്ളവരുമായി അധികം സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്. ബിജിയും നാരായണനും സ്വന്തം മാതാപിതാക്കളോടോ മറ്റ് അടുത്ത ബന്ധുക്കളോടോ സുഖകരമായ ബന്ധത്തിലായിരുന്നില്ല.
ഇവർ ഇടയ്ക്കിടെ തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകൾ പോകാറുണ്ടായിരുന്നു. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് വൈകിട്ടോടെ പൂർത്തിയാകും.










0 comments