ad
Deshabhimani

ഉനയിൽ കുടിയേറ്റ തൊഴിലാളികളുടെ 25 കുടിലുകൾ കത്തി നശിച്ചു; എല്ലാം നഷ്ടപ്പെട്ട് കുടുംബങ്ങൾ

fire Una

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 27, 2026, 12:46 PM | 1 min read

ഉന: ഹിമാചൽ പ്രദേശിലെ ഉനയിലുണ്ടായ വൻ തീപിടിത്തത്തിൽ കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന ഇരുപത്തിയഞ്ചോളം ലയങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ലാൽ സിംഗി പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അഗ്നിബാധ. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.


പുലർച്ചെയുണ്ടായ തീപിടിത്തം പെട്ടെന്ന് തന്നെ മറ്റ് ലയങ്ങളിലേക്ക് പടരുകയായിരുന്നു. ലയങ്ങളിൽ ഉണ്ടായിരുന്ന തൊഴിലാളി കുടുംബങ്ങൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. നിർധനരായ ഈ കുടുംബങ്ങളുടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും സമ്പാദ്യവുമടക്കം നഷ്ടമായി. എല്ലാ രേഖകളും വസ്തുവകകളും തീയിൽ പൂർണ്ണമായും ചാരമായി മാറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തൊഴിലാളി ലയങ്ങളിൽ അഗ്നിബാധ ആവര്‍ത്തിക്കുന്നത് കടുത്ത പ്രതിഷേധങ്ങൾ ഉയര്‍ത്തുന്നുണ്ട്.


തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ പ്രദേശവാസികൾ ഉടൻ തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങൾ കഠിനപ്രയത്നത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.


തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തബാധിതരായ കുടുംബങ്ങൾക്കുണ്ടായ നഷ്ടം വിലയിരുത്തി വരികയാണെന്നും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും അറിയിച്ചു. സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ട് തെരുവിൽ അകപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് അടിയന്തര സഹായവും താൽക്കാലിക പുനരധിവാസവും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നു. ഹിമാചൽ പ്രദേശിൽ തൊഴിലാളി ലയങ്ങൾ കൂട്ടത്തോടെ തീ കത്തി നശിക്കുന്നത് എല്ലാവര്‍ഷവും എന്നത് പോലെ പതിവാണ്. 2023 ൽ മൂന്ന് കുഞ്ഞുങ്ങൾ ഇത്തരത്തിൽ തീയിൽ അകപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. 2024, 25 വര്‍ഷങ്ങളിലും സമാനമായി തീപിടിത്തങ്ങൾ ആവര്‍ത്തിച്ചു. എല്ലാം തൊഴിലാളി ലയങ്ങളിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home