കവർസ്റ്റോറി
പെലെയോ... മറഡോണയോ...

എ എൻ രവീന്ദ്രദാസ്
Published on Jun 27, 2026, 12:46 PM | 9 min read
നിങ്ങള്‍ സമ്പൂര്‍ണം എന്ന വാക്ക് ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ അർഥം പെലെ എന്നാണെന്ന് പറഞ്ഞത് ജര്‍മനിയുടെ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവറാണ്. ഫുട്‌ബോളെന്നാല്‍ പെലെയും മറഡോണയും. കളിക്കണക്കുകള്‍ക്കും റെക്കോഡുകള്‍ക്കുമപ്പുറം കാല്‍പ്പന്ത് കളിയെ അപൂർവസുന്ദരമായ ഒരു ഭാവഗീതത്തിന്റെ ഉദാത്തതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനൊപ്പം വൈകാരികമായ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ കൂടി ഒതുക്കിവച്ച് അനശ്വരതയിലേക്ക് മറഞ്ഞ രണ്ട് മഹാമന്ത്രികര്‍.
25 നവംബര്‍ 2020. 29 ഡിസംബര്‍ 2023.
ലോക ഫുട്‌ബോളിലെ രണ്ട് യുഗങ്ങള്‍; രണ്ട് ഗോപുരങ്ങള്‍. മറഡോണയും പെലെയും ഓര്‍മയായ ദിനങ്ങള്‍. ഫുട്‌ബോളിന്റെ ഒരേയൊരു രാജാവ് എഡ്‌സണ്‍ അരാന്റസ് ഡോനാസിമെന്റോ എന്ന പെലെയ്‌ക്കൊപ്പം ചേര്‍ത്തു വയ്‌ക്കേണ്ട ഒരു പേരാണ് പ്രതിഭയുടെ ധൂര്‍ത്തും പ്രശസ്‌തിയുടെ ദുരന്തവുമായ ആ കൊച്ചു മനുഷ്യന്‍- ഡീഗോ അര്‍മാന്‍ഡോ മറഡോണ. എന്തുകൊണ്ടാണ് ഇവരുടെ വിയോഗത്തില്‍ ലോകം നടുങ്ങിയത്. മഹാന്മാരുടെ മരണം ലോകമെമ്പാടുമുള്ള മനുഷ്യരെ ഇത്രയധികം വിഷമിപ്പിക്കുന്നതിനു പിന്നിലുള്ള കാരണമെന്താവും. മുമ്പ് ഡിസ്റ്റെഫാനോയും പുഷ്‌കാസും ഗാരിഞ്ചയും ബെക്കന്‍ ബോവറും യോഹാന്‍ ക്രൈഫും സോക്രട്ടീസുമെല്ലാമടങ്ങുന്ന വിശ്രുത താരങ്ങളുടെ നിരയുണ്ടായിരുന്നു. എന്നാല്‍ 1958 സ്വീഡനില്‍ ബ്രസീല്‍ ആദ്യമായി ലോക ജേതാക്കളായതിനു ശേഷം പെലെയിലേക്കും 1986 മെക്‌സിക്കോയില്‍ ഏതാണ്ട് ഒറ്റയ്‌ക്ക് ചുമലിലേറ്റി അര്‍ജന്റീനയെ വിശ്വകിരീടത്തിലെത്തിച്ചശേഷം ആ ഉത്തരം മറഡോണയിലേക്കും മാത്രമായി ചുരുങ്ങി. ചില സമയങ്ങളില്‍ പ്രത്യേകിച്ച് തൊണ്ണൂറുകളിലും തുടര്‍ന്നുള്ള ദശകത്തിലും മറഡോണയ്‌ക്ക്, പെലെയേക്കാള്‍ മുകളിലാണ് താനെന്ന തോന്നലുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.
ഫുട്‌ബോളിനെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാല്‍ എത്തുക ബ്രസീലിലേക്കോ പെലെയിലേക്കോ അര്‍ജന്റീനയിലേക്കോ മറഡോണയിലേക്കോ ആണ്. ഫുട്‌ബോള്‍ എന്ന ജനപ്രിയ കായികവിനോദത്തിന് സ്വന്തം ജീവിതംകൊണ്ട് അടിക്കുറിപ്പെഴുതിയ രണ്ടുപേര്‍. കളത്തിലും പുറത്തും പെലെ പ്രശസ്‌തിയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. എന്നാല്‍ മറഡോണ അങ്ങനെയായിരുന്നില്ല. അതിപ്രശസ്‌തിയില്‍ നില്‍ക്കുമ്പോഴും ഉന്മാദത്തിന്റെ പെനല്‍റ്റി ബോക്‌സില്‍ പന്തടിച്ചു തിമിര്‍ത്ത ഒരു മഹാപ്രതിഭയുടെ ജീവിതമാണ് മറഡോണയുടേത്. അതുകൊണ്ടാണ് മറഡോണ എന്ന ഫുട്‌ബോള്‍ താരത്തിന്റെ ജീവിതം യഥാർഥ ജീവിതത്തിന്റെ നേര്‍പ്പതിപ്പാകുന്നത്. പെലെ ഫുട്‌ബോളിലെ ബീഥോവനായിരുന്നെങ്കില്‍ മറഡോണ മൊസാര്‍ട്ട് ആയിരുന്നു. അൽപ്പം വശപിശകുള്ള ജീനിയസ്.
പെലെ
ക്ലാസിക് ഫുട്‌ബോളിന്റെ സൗന്ദര്യവും ലാളിത്യവും കാലുകളിലേക്ക് ആവാഹിച്ച് അറുപതുകളെ സ്വന്തം ചൊൽപ്പടിക്ക് നിര്‍ത്തിയ സൂപ്പര്‍താരമാണ് പെലെ. ഡീഗോ മറഡോണയാകട്ടെ ആക്രമണാത്മക ഫുട്‌ബോളിന്റെ കരുത്തും ഓജസ്സുമാര്‍ന്ന ശൈലിയുടെ പ്രയോക്താവും പ്രദീപ്തമായ മുഖവും. ഇരുവരും കളിച്ചിരുന്ന കാലഘട്ടവും അന്തരീക്ഷവും തീര്‍ത്തും വ്യത്യസ്‌തമായിരുന്നതിനാല്‍ ഒരു താരതമ്യപഠനം ഏറെക്കുറെ അസാധ്യമോ അപ്രസക്തമോ ആകുന്നു. ഒരർഥത്തില്‍ അസംബന്ധജടിലമായ അന്വേഷണമാണത്. എന്നാല്‍ വ്യക്തിപരമായ സര്‍ഗവിലാസത്തിന്റെയും സ്‌കോറിങ് പാടവത്തിന്റെയും അടിസ്ഥാനത്തില്‍ പെലെയെയും മറഡോണയെയും താരതമ്യം ചെയ്യുന്നത് രസാവഹമായിരിക്കും.
പന്തിനെ
മാന്ത്രികനെപ്പോലെ
പരിലാളിച്ചവന്‍
എഡ്‌സണ്‍ അരാന്റസ് ഡോനാസിമെന്റോ എന്ന യഥാർഥ നാമത്തെ നിഴലാക്കി ‘പെലെ' രചിച്ച വീരഗാഥയ്‌ക്ക് സമാനമായ മറ്റൊന്ന് ലോക ഫുട്‌ബോള്‍ ചരിത്രത്തിലില്ല. പന്തുകളി മികവിന്റെ ഏത് അളവുകോൽവച്ചു നോക്കിയാലും അദ്ദേഹത്തെ പിന്നിലാക്കാനാവുന്ന കളിക്കാര്‍ വളരെ കുറവാണ്. ഒപ്പം സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു മത്സരത്തിന്റെ ജാതകം മാറ്റിക്കുറിക്കുന്ന ഭാവനാശേഷിയിലും ഗോള്‍ സ്‌കോറിങ്ങിലും മാത്രമല്ല അവസരങ്ങള്‍ ഒരുക്കുന്നതിലും പെലെയ്‌ക്കു തുല്യം പെലെ മാത്രം.
ഫുട്‌ബോള്‍ കളിക്കാരനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്ന കൽപ്പന തന്നെയാണ് പെലെയ്‌ക്ക് ഏറ്റവും നന്നായി ചേരുക. ഏറ്റവും ലളിതമായ പാസ് മുതല്‍ ദുര്‍ഘടമായ ഡ്രിബ്ലിങ് വരെ. എന്തിലും അതുല്യമായ തെളിമയും പുതുമയും നിറയ്‌ക്കാന്‍ അദ്ദേഹത്തെപ്പോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. പെലെ പന്തുതട്ടിക്കളിക്കുകയല്ല ചെയ്‌തത്. അതുമായി പ്രണയകേളികള്‍ നടത്തുകയായിരുന്നു. പന്തുകിട്ടിയാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കുക അസാധ്യം.
സ്റ്റാൻലി മാത്യൂസിനെപ്പറ്റിയോ ഗാരിഞ്ചയെപ്പറ്റിയോ പറയുകയാണെങ്കില്‍ അവരെ ഏറ്റവും മികച്ച വിങ്ങര്‍മാരായി നാം കാണുന്നു. പുഷ്‌കാസിനെക്കുറിച്ചാവുമ്പോള്‍ ഏറ്റവും നല്ല സെന്റര്‍ ഫോർവേഡായി കാണുന്നു. പക്ഷേ പെലെ എന്ന സൂപ്പര്‍ താരത്തില്‍ ഇവരെയെല്ലാം ദര്‍ശിക്കാം. മാത്രമല്ല, ലോകം കണ്ട ഏറ്റവും ശക്തമായ സ്‌കോറിങ് ബൂട്ടുകളുടെ ഉടമയായ പെലെയെപ്പോലൊരു കളിക്കാരന്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന സത്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. പന്തടക്കം, സ്‌ട്രൈക്കിങ്, ഷൂട്ടിങ്, ഗ്രൗണ്ട് നിയന്ത്രണം, വേഗം, ഉയരത്തിലുള്ള കളി, വോളിയിങ്, ഹെഡിങ് എന്നിങ്ങനെ എല്ലാ തുറകളിലും പെലെ ഒന്നാമനാണെന്ന് ലോക ഫുട്‌ബോള്‍ പഠനത്തിലെ പ്രകടന നിലവാരത്തില്‍ കണക്കാക്കപ്പെടുന്നു.
മറഡോണ
പതിനേഴാം വയസില്‍ 1958-ല്‍ ആദ്യ ലോകകപ്പ് നേടിയ പെലെ 1962ലും 1970‐ലുമായി പിന്നീട് രണ്ടു തവണകൂടി ആ നേട്ടം കൈവരിച്ചു. തന്റെ അവസാന ലോകകപ്പ് വേദിയായ മെക്‌സിക്കോയില്‍നിന്ന് ടീമിനൊപ്പം യൂള്‍ റിമെ കപ്പ് എന്നേക്കുമായി തീറെഴുതി വാങ്ങി നാട്ടിലെത്തിച്ചു. ‘ജോഗോ ബോണിറ്റോ' എന്ന സുന്ദര കേളിയിലൂടെ ഫുട്‌ബോളെന്നാല്‍ ബ്രസീലാണ് എന്ന തോന്നലുണ്ടാക്കി. ലോകമെമ്പാടും, പ്രത്യേകിച്ച് ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏഷ്യയിലും ദരിദ്രജനകോടികള്‍ക്ക് അദ്ദേഹത്തിന്റെ കളിക്കളത്തിലും പുറത്തുമുള്ള ജീവിതം പ്രതീക്ഷകള്‍ പകര്‍ന്നു. ‘മരിച്ചാലും ഞാന്‍ സന്തുഷ്ടനായിരിക്കും. കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. എന്റെ കളിയാണ് അതിന് അവസരം നല്‍കിയത്. അതാണ് ലോകത്തിലേക്കും വലിയ കായികവിനോദം' എന്ന് പെലെ പറഞ്ഞിട്ടുണ്ട്.
മൂന്നുവട്ടം ലോകകപ്പ് ഉയര്‍ത്തിയ ഏക കളിക്കാരന്‍. ആക്രമണത്തിന്റെ മൂര്‍ത്തീഭാവം. ബ്രസീലിനും ക്ലബ്ബുകള്‍ക്കുമായി കളിച്ച 812 ഔദ്യോഗിക മത്സരങ്ങളില്‍നിന്നു പെലെ നേടിയ 757 ഗോളുകളുടെ റെക്കോഡ്, പതിറ്റാണ്ടുകള്‍ക്കു ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മറികടന്നത്. ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കണക്കുപ്രകാരം ഔദ്യോഗികവും അനൗദ്യോഗികവുമായ 1367 മത്സരങ്ങളില്‍നിന്ന് പെലെ 1283 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷ (ഫിഫ)ന്റെ രേഖകള്‍ പ്രകാരം 1366 കളികളില്‍ നേടിയത് 1281 ഗോളുകള്‍.
1970ലെ ലോകകപ്പ് നേടിയ ബ്രസീൽ ടീമംഗങ്ങൾ പെലെയെ എടുത്തുയർത്തിയപ്പോൾ
1957 ജൂലൈ ഏഴിന് പതിനേഴാം വയസില്‍ അര്‍ജന്റീനക്കെതിരെ ഗോളടിച്ച് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച പെലെ തൊട്ടടുത്ത വര്‍ഷം തന്റെ ആദ്യ ലോകകപ്പില്‍ ആതിഥേയരായ സ്വീഡനെതിരെ ഫൈനലില്‍ നൂറ്റാണ്ടിലെ തന്നെ മനോഹരമായ ഗോള്‍ കുറിച്ച് ഇതിഹാസ പദവിയുടെ പടവുകള്‍ കയറി. പെലെയുടെ അന്യാദൃശ്യമായ ഗോളടി മികവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന ഒരപൂർവ ചിത്രമുണ്ട്. 1961 മാര്‍ച്ച് അഞ്ചിന് റിയോയിലെ പ്രശസ്‌തമായ ഫ്ലൂമിനിസിനെതിരെ തെക്കേ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ സാന്റോസിനു വേണ്ടി നേടിയ അമാനുഷിക പരിവേഷമാര്‍ന്ന ഗോളിന്റെ മിഴിവാര്‍ന്ന ദൃശ്യം. എതിര്‍ ഫോർവേഡില്‍ നിന്നും തട്ടിയെടുത്ത പന്തുമായി കുതിച്ച പെലെ പതിനൊന്ന് എതിരാളികളെയും ഒന്നൊന്നായി വെട്ടിച്ചുകയറിക്കൊണ്ട് വലയിലിട്ടപ്പോള്‍ രാജകീയ മൈതാനമായ മാറക്കാനയിലെ ഒന്നര ലക്ഷം കാണികള്‍ക്ക് ശ്വാസം നിലച്ചുപോയെന്നാണ് കേൾവി.
അത്ഭുത ഗോളിന്റെ സ്മരണയ്‌ക്കായി മാറക്കാന സ്‌റ്റേഡിയത്തില്‍ ഒരു ഫലകവും സ്ഥാപിച്ചു. ‘എക്കാലത്തെയും സുന്ദരമായ ഗോള്‍.’ ഫലകത്തിലെ ഈ വാക്കുകള്‍ പെലെയിലെ ഗോള്‍ വേട്ടക്കാരനുള്ള ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ്. അതുപോലൊരു ഗോള്‍ കാണാന്‍ കാല്‍നൂറ്റാണ്ടു കൂടി കാത്തിരിക്കേണ്ടി വന്നു. 1986 മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഇതിഹാസം ഡീഗോ മറഡോണയുടെ ഗോള്‍ വരുംവരെ.
1958 ലോകകപ്പ് ഫൈനലില്‍ സ്വീഡനെതിരെ അടിച്ച തന്റെ ആദ്യഗോള്‍ മാത്രം മതി പെലെ എക്കാലവും സ്മരിക്കപ്പെടാന്‍. ബ്രസീല്‍ 2-1ന് മുന്നിട്ടു നില്‍ക്കേ ലോകം മുഴുവന്‍ ആശ്ചര്യത്തോടെ നോക്കിനിന്ന പന്തടക്കവുമായി പെലെ പറന്നുവരുന്നു. പ്രതിരോധക്കാര്‍ പൊതിഞ്ഞുനില്‍ക്കുന്ന പെനല്‍റ്റി ഏരിയയില്‍ പെട്ടെന്ന് പിന്തിരിഞ്ഞ് കാല്‍മുട്ടിലെടുത്ത പന്ത് പ്രതിരോധക്കാരന്റെ തലയ്‌ക്കു മുകളിലൂടെ പൊക്കിയെടുത്ത് ഞൊടിയിടയില്‍ മുന്നോട്ടാഞ്ഞ് ലക്ഷ്യത്തിലേക്ക് പറത്തിയപ്പോള്‍ ഒരു ഇന്ദ്രജാലം കണ്ട അനുഭവമായിരുന്നു കാണികള്‍ക്ക്. പതിനേഴ് വയസ്സ് തികയുംമുമ്പേ ഒരു ചെക്കന്‍ നേടിയ ആ ഗോളിനെ ‘പിറകില്‍ കണ്ണുള്ള ഗോളെ'ന്നായിരുന്നു സ്വീഡിഷ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ആധുനിക സിസര്‍കട്ടെന്നോ, അക്രോബാറ്റിക് ഗോളെന്നോ ഗണത്തില്‍ പെടുന്നതായിരുന്നു ആ ഗോള്‍. ഏത് കളിക്കാരനും എന്നും സ്വപ്‌നതുല്യ ഗോളായി അനുഭവപ്പെടുന്ന നിര്‍ണായകമായ അടവും തന്ത്രവും അതിന്റെ പരിസമാപ്തി ഗോളും. അതായിരുന്നു പെലെയുടെ അത്ഭുതഗോള്‍.
1986ലെ ലോകകപ്പുമായി ഡീഗോ മറഡോണ
1962-ല്‍ പാതി പരിക്കേറ്റ പെലെയാണ് ചിലി ലോകകപ്പിലൂടെ കടന്നുപോയത്. പകരം കളിച്ച അമാരില്‍ ഡോ തന്റെ പ്രശസ്‌തനായ കൂട്ടുകാരന്റെ പേര് മോശമാക്കിയില്ല. ബ്രസീല്‍ കിരീടം നിലനിര്‍ത്തി. 1966ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ ഹംഗറിയുടെയും പോര്‍ച്ചുഗലിന്റെയും അര്‍ജന്റീനയുടെയും കളിക്കാര്‍ പെലെയെ ചവിട്ടി മെതിച്ചു കളയുകയാണുണ്ടായത്. പെലെ പരിക്കിന്റെ തടവുകാരനായപ്പോള്‍ ബ്രസീല്‍ ലീഗ് റൗണ്ടില്‍ കെട്ടുകെട്ടി. 1970ലെ മെക്‌സിക്കോ ലോകകപ്പില്‍ ബ്രസീല്‍ ടീമിലെ ഏറ്റവും സീനിയറും പരിചയസമ്പന്നനും പെലെ ആയിരുന്നു. ആ സമയത്ത് രാജ്യം സൈനിക ഭരണത്തിന്റെ കീഴിലായിരുന്നതിനാല്‍ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കെട്ടഴിക്കാന്‍ കനത്ത സമ്മര്‍ദം അനുഭവിക്കുകയായിരുന്നു ഓരോ കളിക്കാരനും. രണ്ടു തവണവീതം ജേതാക്കളായ ഇറ്റലിയും ബ്രസീലും തമ്മിലുള്ള അന്തിമ പോരാട്ടം ലോകം ഔത്സുക്യത്തോടെ നോക്കി നിന്നു. ആ ടീമില്‍ പെലെയ്‌ക്ക് ടൊസ്റ്റാവൊ, റിവലിനോ, കാർലോസ്, ആല്‍ബര്‍ട്ടോ എന്നിവരുടെ ഉറച്ച പിന്തുണയുണ്ടായിരുന്നു. ഇറ്റലിക്കെതിരെ ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിന് പഴിയിടുകയും ചെയ്‌ത പെലെയുടെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ആ ഫൈനല്‍. 4-‐1ന് വിശ്വജേതാക്കളായി ബ്രസീല്‍ യൂള്‍ റിമെ കപ്പ് എന്നേക്കുമായി സ്വന്തമാക്കി.
1971-ല്‍ 31-ാം വയസില്‍ ദേശീയ കുപ്പായത്തില്‍ അവസാനമായി കളിച്ച പെലെ ശക്തമായ സമ്മര്‍ദങ്ങളും പ്രലോഭനങ്ങളുമുണ്ടായിട്ടും ടീമിലേക്ക് മടങ്ങിവന്നില്ല. 1958-ല്‍ സാന്റോസിലെത്തിയ അദ്ദേഹം 1974ല്‍ വിരമിക്കുംവരെ ആ ക്ലബ്ബിന്റെ സ്വത്തായിരുന്നു. പിന്നീട് അമേരിക്കയില്‍ ഫുട്‌ബോള്‍ പ്രചരിപ്പിക്കാനുള്ള ദൗത്യം വന്‍ പ്രതിഫലം വാങ്ങി ഏറ്റെടുത്ത് ന്യൂയോര്‍ക്ക് കോസ്‌മോസ് ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞു.
ദൈവത്തിന്റെ കൈയും
അത്ഭുത ഗോളും
അതേസമയം 1986-ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പാണ് ഡീഗോ മറഡോണ എന്ന അര്‍ജന്റീനക്കാരനെ ലോകത്തെ ദൈവങ്ങളിലൊരാളായി അടയാളപ്പെടുത്തിയത്. ശരാശരിക്കാരുടെ ടീമിനെ നയിച്ച മറഡോണയുടെ സര്‍ഗവൈഭവത്തിനു പകരംവയ്‌ക്കാന്‍ മറ്റൊന്നില്ല. ഒരു മനുഷ്യനും കാല്‍പ്പന്താട്ടവും എങ്ങനെ അതിഗാഢമായ പാരസ്‌പര്യത്തിലാകാമെന്നതിന്റെ ഉത്തമ മാതൃക. ഡീഗോ മറഡോണയുടെ നേതൃത്വത്തില്‍ 1986 ജൂണ്‍ 22ന് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം ഇറങ്ങിയത് കളത്തിലായിരുന്നില്ല. യുദ്ധക്കളത്തിലായിരുന്നു. ഫോക്ലാന്‍ഡ്‌സ് ദ്വീപിലെ അധീശത്വത്തിനായുള്ള യുദ്ധത്തില്‍ ബ്രിട്ടനോട് അടിയറവു പറഞ്ഞതിന്റെ നൊമ്പരപ്പാടുകള്‍ മായുന്നതിനു മുമ്പായിരുന്നു ഈ മത്സരം.
51--‐ാം മിനിറ്റില്‍ ‘ദൈവത്തിന്റെ കൈ'കൊണ്ടു നേടിയ വിവാദ ഗോളിന്റെ പാപക്കറ അത്രയും കഴുകികളഞ്ഞുകൊണ്ട് ആ കാലുകളില്‍ പിറന്നത് നൂറ്റാണ്ടിന്റെ അത്ഭുതഗോളാണ്. മധ്യവൃത്തത്തിൽവച്ച് പന്ത് സ്വീകരിച്ച് ഒന്നിനു പിന്നാലെ ഒന്നായി നാല് പ്രതിരോധക്കാരെ ഡ്രിബ്‌ള്‍ ചെയ്‌തു കയറി, ഒടുവില്‍ വിഖ്യാതനായ കാവല്‍ക്കാരന്‍ പീറ്റര്‍ ഷില്‍റ്റനെ മറ്റൊരു മിന്നല്‍ ഡ്രിബിളില്‍ മറികടന്നപ്പോള്‍ മറഡോണയ്‌ക്കു മുമ്പില്‍ ഗോള്‍മുഖത്തെ വിശാലമായ ശാദ്വലഭൂമി മാത്രം. ലോക ഫുട്‌ബോളിലെ ഏറ്റവും ചാരുതയാര്‍ന്ന ഗോളുകളിലൊന്ന്. പ്രതിഭാശാലി നിലവിലുള്ള ഗണിതങ്ങള്‍ തകര്‍ക്കുന്നവനാണ്. കൊട്ടിയടയ്‌ക്കുന്ന വാതിലുകള്‍ താനേ തുറക്കുന്ന ഈ മന്ത്രവാദം ശാസ്‌ത്രീതയ്‌ക്കും ഗണിതസൂത്രങ്ങള്‍ക്കും അപ്പുറമാണെന്ന് മറഡോണ കാട്ടിത്തന്നു. മാച്ചുപിച്ചു സംസ്‌കാരത്തിന്റെ പേരിലുള്ള ആസ്‌ടെക്ക് സ്റ്റേഡിയത്തില്‍ തന്നെയാണ് മറഡോണയും സംഘവും അധിനിവേശക്കാരായ ഇംഗ്ലണ്ടിന്റെ പത്തിമടക്കിയത്. മർദിതന്‍ മർദകര്‍ക്കെതിരെ നടത്തുന്ന ഒരു ഫുട്‌ബോള്‍ കലാപം കൂടിയാണ് ചരിത്രം. അത് വീണ്ടും ഓര്‍മിപ്പിച്ച അര്‍ജന്റീന-‐ഇംഗ്ലണ്ട് മത്സരം ഉയര്‍ത്തിയ വിവാദങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തുടിക്കുന്ന ഏടാണ്.
1960കളിൽ ബ്രസീലിനായി കളിക്കുന്ന പെലെ
മെക്‌സിക്കോയില്‍ ചാമ്പ്യന്മാരായ അര്‍ജന്റീന 1990-ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ വിവാദമായ ഒരു പെനല്‍റ്റി കിക്കില്‍ കലാശക്കളി ജര്‍മനിക്ക് അടിയറവയ്‌ക്കുമ്പോള്‍ സർവ നിയന്ത്രണവുംവിട്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ മറഡോണ പൊട്ടിക്കരഞ്ഞു. പിന്നീടങ്ങോട്ട് മറഡോണയിലെ ദൈവം മറയുകയും ചെകുത്താന്‍ അരങ്ങ് വാഴുകയുമായിരുന്നു. ഉത്തേജക മരുന്നടിച്ച് 1994ലെ യുഎസ് ലോകകപ്പില്‍നിന്ന് അപമാനിതനായി പുറത്താക്കപ്പെട്ടു. ധൂര്‍ത്തപുത്രന്റെ സ്വാഭാവിക പതനമെന്ന് ലോകം വിധിയെഴുതി. എന്നാല്‍ ആ കിറുക്കുകളില്‍നിന്ന് അത്ഭുതകരമായി തിരിച്ചുവന്ന് 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ അര്‍ജന്റീനയുടെ അണിയറയിലെ ആശാനായതും ഡീഗോ തന്നെ.
മെക്‌സിക്കോയില്‍ മറഡോണയുടെ ടീം അര്‍ജന്റീനയെ കിരീടമണിയിച്ചതോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ബ്രസീലിന്റെ സമഗ്രാധിപത്യം തകര്‍ന്നത്. ഒരൊറ്റ കളിക്കാരന്‍ രാജ്യത്തിന്റെ കായികവിലാസം മാറ്റിയെഴുതുക. അത്തരമൊരു മുഹൂര്‍ത്തം വേറെയുണ്ടായിട്ടില്ല. മറഡോണയ്‌ക്കുശേഷം അദ്ദേഹത്തിന്റെ സമർഥനായ പിന്‍ഗാമി ലയണല്‍ മെസ്സിയിലൂടെയും അര്‍ജന്റീന ലോകകിരീടം ചൂടിയതോടെ ചിത്രം മാറിമറിഞ്ഞു. ഇന്ന് ലോകമെമ്പാടും ബ്രസീലിനോളമോ അതിലധികമോ ആരാധകര്‍ അര്‍ജന്റീനയ്‌ക്കുണ്ട്.
പെലെയെപ്പോലെ സമ്പൂര്‍ണനായ ഫുട്‌ബോളറല്ലായിരിക്കാം. പക്ഷേ മറഡോണയെപ്പോലെ ഇത്രയും സാങ്കേതികത്തികവും നേതൃപാടവവും കൽപ്പനാവൈഭവവുമുള്ള കളിക്കാര്‍ ലോകത്ത് അധികമുണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലെ മികച്ച ഡ്രിബ്ലര്‍മാരും ഫ്രീകിക്ക് വിദഗ്ധരും കുറവാണ്. പെലെ പടത്തലവനായിരുന്നെങ്കില്‍, മറഡോണ ഒറ്റയാള്‍ പട്ടാളമായിരുന്നു. മെക്‌സിക്കോയില്‍ അര്‍ജന്റീന കിരീടമണിയുമ്പോള്‍ അത് ആ ഒറ്റയാന്റെ വിജയമായിരുന്നു. നാല് വര്‍ഷം കഴിഞ്ഞ് ഇറ്റലിയില്‍ പ്രതിയോഗികള്‍ സമർഥമായി പൂട്ടിയിട്ടും ഡീഗോ തന്റെ ടീമിനെ ഫൈനലിലെത്തിച്ചു.
ലോക ഫുട്‌ബോളില്‍ ബ്രസീല്‍ കരുത്തരായിരുന്നു. ലിയോണിഡാസും പെലെയും ഗാരിഞ്ചയും സീക്കോയും റൊമാരിയോയും റൊണാള്‍ഡോയുമെല്ലാം വിവിധ കാലഘട്ടങ്ങളില്‍ ബ്രസീല്‍ കാഴ്‌ചവച്ച പ്രതിഭാശിലകളാണ്. എന്നാല്‍ മരിയൊ കെമ്പസിനോ, മറഡോണയ്‌ക്കോ ഇപ്പോള്‍ ലയണല്‍ മെസ്സിക്കോ അപ്പുറം പോകുന്നില്ല അര്‍ജന്റീനയുടെ വിശ്വോത്തര കളിക്കാരുടെ നിര.
മറഡോണയെപ്പോലെ കളിക്കളത്തില്‍ ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ട മറ്റൊരു കളിക്കാരനില്ല. ഡീഗോയുടെ സിദ്ധിക്കും നൈപുണിക്കും മുന്നില്‍ നേർവരകള്‍ മാത്രമുള്ള യൂറോപ്പിന്റെ ജ്യാമിതീയ ശാസ്‌ത്രം ഭയപ്പെട്ടപ്പോള്‍ അവര്‍ പുറത്തെടുത്ത അടവുകളില്‍ പലതും കഠിനങ്ങളായിരുന്നു. അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കാനും ചവിട്ടിവീഴ്‌ത്താനും എതിരാളികള്‍ മത്സരിച്ചു. ‘മറഡോണവധ'ത്തിനായി ബല്‍ജിയംകാര്‍ ആവിഷ്‌കരിച്ച ലിപ്‌ഫ്രോഗ് അഥവാ ഒറ്റാല്‍ക്കെണി ആധുനിക ഫുട്‌ബോളിലെ ദയാരഹിതമായ തന്ത്രങ്ങളിലൊന്നാണ്.
ഫുട്‌ബോള്‍ കലയും കലാപവും സംഗീതവും നൃത്തവുമാക്കിത്തീര്‍ത്ത മഹാപ്രതിഭയാണ് ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ കളിക്കളത്തിനകത്തേയും പുറത്തേയും ശരികളും തെറ്റുകളും കാൽപ്പനികവും സാമൂഹികവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ ഉദാത്തമായി കരുതപ്പെട്ടു. കളിയില്‍ എഴുതിവച്ച ചില പാഠങ്ങൾ തിരസ്‌കരിച്ച് ചില പാഠങ്ങള്‍ തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവനാണ് ഡീഗോ. കൊക്കെയ്ന്‍ കൈവശംവച്ചതിനും ലോകകപ്പില്‍ മരുന്നടിച്ചതിനും 15 മാസം വീതം ഫിഫയുടെ വിലക്ക് നേരിട്ട മറഡോണയെ തെറ്റുകളില്‍നിന്നും അവയുടെ നീരാച്ചുഴികളില്‍നിന്നും അത്ഭുതകരമായി തിരിച്ചെത്തിക്കാന്‍ ഒടുവില്‍ ഫിദല്‍ കാസ്‌ട്രോ തന്നെ മുന്നിട്ടിറങ്ങി. ക്യൂബയില്‍ ലഹരിമുക്ത ചികിത്സയ്‌ക്കായി ചെലവിട്ട നാളുകളും കാസ്‌ട്രോയുമായുള്ള അടുപ്പവും മറഡോണയെ പുതിയൊരു മനുഷ്യനാക്കിയെന്നു പറയാം.
പത്താം നമ്പര്‍ അനശ്വരമാക്കി
പത്താം നമ്പര്‍ അനശ്വരമാക്കിയ ലോകതാരങ്ങളുടെ ജന്മദിനങ്ങളും കലണ്ടറില്‍ പത്താം മാസത്തില്‍ തന്നെ. പെലെ 1940 ഒക്ടോബര്‍ 23നും മറഡോണ 1960 ഒക്ടോബര്‍ 30‐നുമാണ് ജനിച്ചത്. നാല് ലോകകപ്പുകള്‍ കളിച്ച ഡീഗോ രാജ്യാന്തര മത്സരങ്ങളിലെ ബൂട്ടഴിച്ചതും പത്താം മാസത്തില്‍ തന്നെ. 1997 ഒക്ടോബര്‍ 25ന്. പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി ഫിഫ പെലെയെ തെരഞ്ഞെടുത്തപ്പോള്‍ ഫുട്‌ബോള്‍ വെബ്‌സൈറ്റിലെ ജനപ്രിയതാരമായി മറഡോണയും അംഗീകരിക്കപ്പെട്ടു. രണ്ട് പേരെയും നൂറ്റാണ്ടിന്റെ താരങ്ങളായി ഫിഫ ആദരിച്ചു. പത്താം നമ്പറിന് അമരത്വം നല്‍കിയ അതുല്യ താരങ്ങള്‍ എന്നായിരുന്നു പ്രശസ്‌തിപത്രം.
മറഡോണ അര്‍ജന്റീനയിലെയും സ്‌പെയിനിലെയും ഇറ്റലിയിലെയും ക്ലബ്ബുകള്‍ക്കായി കളിച്ചപ്പോള്‍ പെലെ ബ്രസീല്‍ സാന്റോസ് ക്ലബ്ബിനു വേണ്ടി മാത്രമാണ് ബൂട്ടണിഞ്ഞത്. പെലെയെ 1965ല്‍ ബ്രസീല്‍ പാർലമെന്റ് ദേശീയ സ്വത്തായി പ്രഖ്യാപിച്ച് മറ്റ് ഏതെങ്കിലും രാജ്യത്തേക്ക് കുടിയേറാതെ കാത്തുസൂക്ഷിച്ചു.
സംഗീതസ്‌നേഹിയായ മറഡോണ
ഫുട്‌ബോളിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതിപുരുഷനായി ലോകത്തോട് സംസാരിക്കാന്‍ കഴിവുള്ള കായികതാരങ്ങളില്‍ ഒന്നാമനായി പെലെ നിലകൊണ്ടു. ഇക്കാര്യം നന്നായി അറിഞ്ഞവര്‍ ഐക്യരാഷ്‌ട്രസഭയാണ്. എന്തുകൊണ്ട് ഐക്യരാഷ്‌ട്രസഭ പെലെയെ ദീര്‍ഘകാലം കൂടെ നിര്‍ത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് മനുഷ്യരാശിയുടെ അംബാസഡര്‍ എന്ന നിലയില്‍ ലോകത്തിന്റെ കറുത്ത മുത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന സവിശേഷ വ്യക്തിത്വത്തിന്റെ മാറ്ററിയുക.
കളിയും കളിക്കാരും എത്ര ഗിരിശൃംഗങ്ങള്‍വരെ വളര്‍ന്നാലും ബ്രസീല്‍ സൃഷ്ടിച്ച ഈ മഹാരഥന്റെ സങ്കീര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുക തന്നെ ചെയ്യും. ഈ മനുഷ്യന്‍ മൈതാനത്ത് സുന്ദരമായ കളിയുടെ സിംഫണികള്‍ രചിക്കുന്നതു കാണാന്‍ യുദ്ധങ്ങള്‍പോലും നിര്‍ത്തിവച്ചിട്ടുണ്ട്. 1969-ല്‍ നൈജീരിയയില്‍ ഇരുവിഭാഗക്കാര്‍ തമ്മിലുണ്ടായ യുദ്ധം രക്തരൂക്ഷിതമായിരുന്ന കാലത്ത് ലാഗോസില്‍ പെലെയുടെ സാന്റോസ് ക്ലബ് ടീം പങ്കെടുത്ത പ്രദര്‍ശന മത്സരം നടന്നു. 48 മണിക്കൂര്‍ യുദ്ധം നിര്‍ത്തിവയ്‌ക്കാന്‍ പരസ്‌പരം കലഹിച്ച ഇരുകൂട്ടരും തീരുമാനിച്ചു. അതിനുശേഷം പുനരാരംഭിച്ച യുദ്ധം തീരാന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു. അതായിരുന്നു അന്ന് ആ മാന്ത്രികന്റെ മാസ്മരിക സ്‌പര്‍ശം. ഏറ്റവും മോശപ്പെട്ട സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് ലോകം കീഴടക്കിയ പെലെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് അതിജീവനത്തിന്റെ അതിശയ ചിത്രമായിരുന്നു. അദ്ദേഹം ഒരു വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും കളിക്കാരനായി ഒതുങ്ങിയില്ല. എല്ലാ രാജ്യക്കാര്‍ക്കും ഇതിഹാസമായിരുന്നു പെലെ.
കാല്‍പ്പന്ത് കളിയില്‍ കറുപ്പിന്റെ അഴകും പ്രതീകവും കൊടിയടയാളവുമായ ഒരാള്‍. കറുത്തവന്റെ ചെറുത്തുനിൽപ്പ് ഉദ്‌ഘോഷിച്ചും കഠിനവഴികള്‍ താണ്ടിയുമെത്തിയ ഈ മനുഷ്യന്‍ ഫുട്‌ബോളിനെ മാനവികതയുടെ ശ്രേഷ്ഠപ്രതീകമാക്കി. എന്നാല്‍ ഡീഗോ മറഡോണയെപ്പോലെയോ സമകാലികനായ ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെപ്പോലെയോ സാമ്രാജ്യത്വ ചൂഷണത്തിനും വംശീയതയ്‌ക്കും വര്‍ണവെറിക്കുമെതിരെ ഉറച്ച നിലപാടെടുക്കാനോ, വിമോചനപ്പോരാട്ടത്തിന്റെ ശബ്ദമാകാനോ എന്തുകൊണ്ടോ പെലെയ്‌ക്ക് കഴിഞ്ഞില്ല.
അതേസമയം കാലഘട്ടത്തിന്റെ ഫുട്‌ബോള്‍ വിചാരങ്ങളെയും കളിയഴകിനെയും സ്വാധീനിക്കുകയും തന്റെ വിശ്വാസത്തിനുവേണ്ടി ഒരുപാട് യുദ്ധങ്ങള്‍ നടത്തുകയും ചെയ്‌ത ഒരു അസാധാരണ ജീവിതത്തിന്റെ സ്‌പന്ദനങ്ങളാണ് ഡീഗോ മറഡോണ എന്ന മഹാനായ കളിക്കാരന്റെ ഓര്‍മകള്‍ സമ്മതിക്കുന്നത്. പെലെയ്‌ക്കുശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ലോകം ശ്രമിച്ചത് ഈ അര്‍ജന്റീനക്കാരനിലൂടെയായിരുന്നു. ബ്യൂനസ് ഐറിസിലെ ചേരിയില്‍ ജനിച്ചു വളര്‍ന്ന് പതിനാറാം വയസ്സില്‍ അര്‍ജന്റീനയുടെ പ്രതിഭാവഴക്കത്തിലേക്കു പന്തുതട്ടിക്കയറിയ മറഡോണ അങ്ങനെ ലോക ഫുട്‌ബോളിന്റെ ഉച്ചിയില്‍ പീലിക്കെട്ടും തിരുമുടിയും ചൂടി നിന്നു. കളിയും ജീവിതവും രണ്ടല്ലെന്നു കാട്ടിത്തന്നതിനൊപ്പം രണ്ടിന്റെയും അർഥതലങ്ങള്‍ കടലോളം വിസ്‌തൃതവും അഗാധവുമാക്കിയ ഈ സൂപ്പര്‍ താരത്തിന്റെ ഉദയവികാസ പരിസമാപ്തികളോട് സമാനമായി കളിചരിത്രത്തില്‍ മറ്റൊന്നില്ല.
കാല്‍പ്പന്തുകൊണ്ട് മൈതാനത്ത് ഇടപെട്ടതുപോലെ രാഷ്‌ട്രീയ ആശയപ്രവര്‍ത്തന പരിസരങ്ങളിലും ഡീഗോയുടെ വാക്കുകള്‍ അഗ്നിമഴയായി പെയ്‌തിട്ടുണ്ട്. തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ പലതവണ തുറന്നുപറഞ്ഞ അദ്ദേഹത്തിന് ഫിദല്‍ കാസ്‌ട്രോ വഴികാട്ടിയും ചെഗുവേര നക്ഷത്രവുമായി. ഭരണകൂടങ്ങളുടെ അവഗണയ്‌ക്കും ചവിട്ടിയരയ്‌ക്കപ്പെടലിനും വിധേയരാകുന്ന അരികുജീവിതങ്ങളുള്ള ചെറുമനുഷ്യര്‍ക്കായാണ് അദ്ദേഹം നിലകൊണ്ടത്. അത്തരം നിലപാടുകള്‍ സ്വീകരിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ഫുട്‌ബോളിനു മാത്രമല്ല കായികലോകത്തിനും പുതുമയായിരുന്നു. മുതലാളിത്തത്തിന്റെ ഭൗതികവും ആശയപരവും ധാര്‍മികവുമായ വീഴ്‌ചകള്‍ക്കെതിരെ അതിന്റെ പ്രതീകങ്ങളായ അമേരിക്കയെയും ഇംഗ്ലണ്ടിനെയും എതിര്‍ത്തവരുടെ മുന്‍നിരയില്‍ ഈ അര്‍ജന്റീനക്കാരനുണ്ട്.
ഫുട്‌ബോളിന് സ്വന്തം ജീവിതംകൊണ്ട് അടിക്കുറിപ്പെഴുതിയ ഇതിഹാസങ്ങള്‍. മനുഷ്യകുലത്തില്‍ എക്കാലത്തേയും എണ്ണപ്പെട്ട പേരുകളാണ് പെലെയും മറഡോണയും. അതേ, അതൊരു ചോദ്യമാണ്. പെലെയോ, മറഡോണയോ മികച്ച കളിക്കാരന്‍? ഇരുവരും ജീവിതയാത്രയില്‍ ഒപ്പമില്ലെങ്കിലും ഏതൊരു ഫുട്‌ബോള്‍ പ്രേമിയെയും കുഴയ്‌ക്കുന്ന ചോദ്യമായി, മനസ്സില്‍ കുരുങ്ങിയ സംശയത്തിന് ഉത്തരം കണ്ടെത്താന്‍ ഇനിയുമാര്‍ക്കുമായിട്ടില്ല. സാമ്യങ്ങളുണ്ട് ഇരുവർക്കും എന്നതിനേക്കാള്‍ വൈജാത്യവുമുണ്ട്. ബ്രസീലിനു പെലെ എന്താണോ അതായിരുന്നു അര്‍ജന്റീനയ്‌ക്ക് മറഡോണ. ലോകം ചേര്‍ത്തുപിടിക്കുന്ന കാല്‍പ്പന്തിന്റെ നിത്യവസന്തങ്ങള്‍.










0 comments