രാജ്യത്ത് ഇന്ധന വില കുറയില്ല; നഷ്ടം നികത്താൻ എണ്ണക്കമ്പനികൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വിലയിൽ കുറവുണ്ടാകില്ലെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷകാലത്ത് ഉണ്ടായ നഷ്ടം നികത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ വിസമ്മതിക്കുകയാണ്.
ഇക്കാര്യം കമ്പനികൾ കേന്ദ്രസർക്കാരിനെ അറിയിക്കും. ഇറാൻ-യുഎസ് സമാധാന കരാറിൽ അന്തിമ തീരുമാനം എടുക്കുംവരെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. ഇറാൻ-യുഎസ് സമാധാന കരാറിന് പിന്നാലെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവാണുണ്ടായത്.
മൂന്ന് മാസത്തിനിടെ ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 79.88 ഡോളറിലേക്ക് താഴ്ന്നു. 82 ഡോളറിൽ നിന്നാണ് അഞ്ച് ശതമാനത്തോളം വില ഇടിഞ്ഞത്. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകുമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഇന്ധന വിലയിൽ കുറവില്ലെങ്കിലും പാചകവാതക രംഗത്ത് ആശ്വാസകരമായ നടപടികളുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില നിയന്ത്രണം നീക്കിയതായി കേന്ദ്രം അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വിപണി മാറുമെന്നാണ് സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കുകയും സംസ്ഥാനങ്ങൾക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
ഇന്ധന വിലയുമായി ബന്ധപ്പെട്ട ഈ നിലപാട് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസമനായ സാഹചര്യത്തിന് മാറ്റം വരുന്നതിനനുസരിച്ച് ഇന്ധനവിലയിൽ കുറവുണ്ടാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം, എന്നാൽ സമാധാന കരാർ നിലവിൽ വന്ന ശേഷവും വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായില്ല.
ഇപ്പോൾ വീണ്ടും യുദ്ധസമാനമായ സാഹചര്യം നിലവിൽ വരികയാണ്. എന്നാൽ വാണിജ്യസിലിണ്ടറിന് വില കുറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ശ്രമം.










0 comments