മെലഡിയുടെ പൂക്കാലം തീർത്ത ജോൺസൺ; ഓർമകൾക്ക് 15 വയസ്

സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ കടന്നുവന്ന് വർഷത്തിൽ ഏറ്റവുമധികം സിനിമകൾക്ക് ഈണം നൽകി റെക്കോഡ് സൃഷ്ടിച്ച ഒരു അത്ഭുതപ്രതിഭയുണ്ട്. മലയാളിക്ക് മറക്കാനാകാത്ത ഭാവഗീതങ്ങൾ സമ്മാനിച്ച ജോൺസൺ മാഷ്. സംഗീത സംവിധാനത്തിന് രണ്ടുവട്ടം ദേശീയ പുരസ്കാരവും മൂന്നു വട്ടം സംസ്ഥാന പുരസ്‌കാരവും നേടി മലയാള സിനിമാ സംഗീതത്തിന്റെ യശസ്സുയർത്തി അദ്ദേഹം. മെലഡിയുടെ വസന്തം മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാഷിന്റെ ഓർമകൾക്ക് 15 വയസ്.
തൃശൂർ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാലത്ത് ജോൺസൻ്റെ പാട്ടും സംഗീതവുമെല്ലാം. വി സി ജോർജായിരുന്നു ആദ്യഗുരു. ഗിത്താറും ഹാർമോണിയവും വായിച്ചിരുന്ന ജോൺസൺ, എട്ടാംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ അറിയപ്പെടുന്ന ഹാർമോണിയം വായനക്കാരനായി. കോളേജുകളിൽ ഗാന പിന്നണി ഗായകൻ പി ജയചന്ദ്രന്റെ ഗാനമേളകൾക്ക് വയലിനും ഗിത്താറും വായിക്കുമായിരുന്നു. പത്തു രുപയായിരുന്നു അന്ന് പ്രതിഫലം. പിന്നീ ജയചന്ദ്രന്റെ ഗാനമേളയ്ക്ക് ഒപ്പം പോയിത്തുടങ്ങി. ജയചന്ദ്രൻ വഴിയാണ് ദേവരാജൻ മാഷിനെ പരിചയപ്പെടുന്നത്. ദേവരാജൻ മാഷാണ് സിനിമാ സംഗീത ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. ഏറെക്കാലം മാഷിൻ്റെ ഓർക്കസ്ട്രയിൽ വയലിൻ വായനക്കാരനായിരുന്നു. ആ പാട്ടുകളിൽ മെലഡിയുടെ പൂക്കാലം വിരിഞ്ഞത് ദേവരാജൻ മാഷിന്റെ ശിഷ്യത്വംകൊണ്ടായിരുന്നു.
പശ്ചാത്തലസംഗീതം നിർവഹിച്ച് സിനിമയിൽ കാലുറപ്പിച്ചു. ആരവം, തകര, ചാമരം എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതവും ജോൺസന്റേതായിരുന്നു. ഭരതൻ തന്നെയാണ് ജോൺസനിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞതും. കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലെ 'ഗോപികേ നിൻ വിരൽ', പാളങ്ങളിലെ 'ഏതോ ജന്മകൽപ്പനയിൽ' എന്നീ അനശ്വരഗാനങ്ങൾ പിറന്നത് ഭരതൻ-ജോൺസൺ കൂട്ടുകെട്ടിലാണ്. ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം എന്ന ഭരതൻ ചിത്രത്തിൽ ജോൺസൺ ഈണം പകർന്ന ഗാനങ്ങളും മലയാളികൾ നെഞ്ചോടുചേർത്തു.
പത്മരാജനോട് ജോൺസനു ണ്ടായിരുന്നത് ഹൃദയബന്ധംതന്നെയായിരുന്നു. ഒരിടത്തൊരു ഫയൽവാൻതൊട്ട് 17 ചിത്രത്തിൽ ഇവർ ഒരുമിച്ചു. ഒരു കാലത്ത് സത്യൻ അന്തിക്കാടിൻ്റെ സിനിമകളിലെ സ്ഥിരം സംഗീതസംവിധായകനായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് സത്യൻ്റെ സിനിമകൾക്കുവേണ്ടി അദ്ദേഹം ഒരുക്കിയത്. പശ്ചാത്തലസംഗീതത്തിലെ മുടിചൂടാമന്നനായിരുന്നു ജോൺസൺ. അദ്ദേഹത്തിൻ്റെ പശ്ചാത്തലസംഗീതംകൊണ്ടുമാത്രം ഓർക്കുന്ന ചിത്രങ്ങളുണ്ട്. പൊന്തൻ മാട, സുകൃതം എന്നീ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതത്തിന് ദേശീയ അവാർഡ് ലഭിച്ചു.
മലയാളം മെലഡിയെ മറന്നു തുടങ്ങിയതോടെ ജോൺസനും അണിയറയിലേക്കു മടങ്ങി. രഞ്ജൻ പ്രമോദ് സംവിധാനംചെയ്ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലെ മനോഹര മെലഡികളുമായി ജോൺസൺ ഏറെക്കാലത്തിനു ശേഷം മലയാളികൾക്കരികിലേക്ക് വീണ്ടുമെത്തി. പിന്നീട് ഗുൽമോഹറിലും അതിമനോഹരമായ പ്രണയഗാനം അദ്ദേഹം സമ്മാനിച്ചു. ടെലിവിഷൻ ചാനലുകളിലെ റിയലാറ്റി ഷോകളിലും അവസാനകാലത്ത് സജീവമായിരുന്നു.
കിരീടത്തിലെ 'കണ്ണീർപ്പൂവി ൻ്റെ കവിളിൽ തലോടി', സസ്നേഹത്തിലെ 'താനേ പൂവിട്ട മോ ഹം', വരവേൽപ്പിലെ 'ദൂരെ ദൂ രെ സാഗരം', ഞാൻ ഗന്ധർവനി ലെ 'ദേവീ..', 'പാലപ്പൂവേ', 'ദേ വാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം', ചെങ്കോലിലെ 'മധുരം ജീവാമ്യതബിന്ദു', സല്ലാപത്തിലെ 'പഞ്ചവർണ പൈങ്കിളിപ്പെണ്ണേ', ഗുൽമോഹറിലെ 'ഒരു നാൾ ശുഭയാത്ര' തുടങ്ങി മലയാളിയുടെ ഹൃദയത്തിൽ കൂടുകൂട്ടിയ അനശ്വരഗാനങ്ങൾ ബാക്കിവച്ചാണ് ജോൺസൺ മാഷ് വിടവാങ്ങിയത്.










0 comments