സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഒരു മാസത്തിനിടെ കടിയേറ്റത് നിരവധിപേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു. കുട്ടികളും വയജനങ്ങളുമാണ് ഏറ്റവുമധികം ആക്രമണത്തിനിരയാകുന്നത്. വളർത്തുമൃഗങ്ങൾക്ക് തെരുവുനായയുടെ കടിയേൽക്കുന്ന സംഭവങ്ങളും വിരളമല്ല. ഈ മാസം ആദ്യം, കോട്ടയം വടവാതൂരിൽ ട്യൂഷന് പോവുകയായിരുന്ന ആറുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റിരുന്നു. കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവു നായകളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെയും തെരുവുനായ ആക്രമണമുണ്ടായി.
പൊതുവഴികളിലൂടെ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. കൊച്ചിയിൽ ഈ മാസം ആദ്യം 3 പേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കാട്ടുകുന്ന് കളനാട്ടിൽ മുഹമ്മദ് റാഫി, കിളിയേത്ത് മൊയ്തീൻ കുഞ്ഞ്, അഞ്ചാം ക്ലാസ് വിദ്യാർഥി മടത്താട്ട് സിയാൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. അടുത്ത ദിവസം നായയെ ചത്ത നിലയിലും കണ്ടെത്തിയിരുന്നു. വളർത്ത് മൃഗങ്ങളെ കടിച്ചുകൊല്ലുന്നതും പതിവാണ്. കണ്ണൂർ കൂടാളിയിൽ നിരവധി കോഴികളെയും പാലക്കാട് ഒറ്റപ്പാലത്ത് ഏഴ് ആടുകളെയുമാണ് തെരുവുനായ കടിച്ചുകൊന്നത്.
തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കാൻ നിർദേശമുണ്ട്. തെരുവുനായ നിയന്ത്രണം സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വിശദീകരണം തേടും. തദ്ദേശസ്ഥാപനങ്ങളെ കക്ഷിചേർക്കാനുള്ള അപേക്ഷ വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കാൻ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.










0 comments