ad
Deshabhimani

മോഹൻലാൽ പമ്പയിൽ; 'അതിമനോഹരം' ശബരിമലയിലെ ചിത്രീകരണം തുടങ്ങി

mohanlal sabarimala
വെബ് ഡെസ്ക്

Published on Aug 18, 2026, 01:04 PM | 1 min read

ശബരിമല: തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന അതിമനോഹരം സിനിമയുടെ ശബരിമലയിലുള്ള ഭാ​ഗങ്ങളുടെ ചിത്രീകരണം തുടങ്ങി. നടൻ മോഹൻലാലും അണിയറപ്രവർത്തകരും മറ്റ് ആർട്ടിസ്റ്റുകളും പമ്പയിലെത്തി. സിനിമയ്ക്കായി രണ്ട് സ്ഥലങ്ങളിൽ ചിത്രീകരണം നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. നിലക്കൽ ബസ്റ്റാന്റ്, പമ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് ഷൂട്ടിങ്ങിന് കോടതി അനുമതി ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ശബരിമലയിൽ ചിത്രീകരിക്കുന്നത്. ശബരിമലയേയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങൾ ഉണ്ടാവരുത് എന്നത് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് അനുമതി.


നിബന്ധനകളോടെ അനുമതി ആകാം എന്ന് റാന്നി ഡിഎഫ്ഒ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പെരിയാർ ടൈഗർ റിസേർവ് ഭാഗത്ത് ഷൂട്ടിങ് അനുവദിക്കാനാവില്ലെന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആകരുതെന്നും, വനം വന്യജീവി പരിസ്ഥിതി എന്നിവയ്ക്ക് യാതൊരു കോട്ടവും ഉണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൂട്ടിങ്ങിന് വനംവകുപ്പ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.


അതേസമയം അതിമനോഹരത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഡിസംബർ 24നാണ് ചിത്രത്തിന്റെ ആഗോളറിലീസ്. സിനിമയുടെ 80 ശതമാനം ഷൂട്ടിങും പൂർത്തിയായതായി കഴിഞ്ഞ ദിവസം സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.


തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണം നടന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം.'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.


മീര ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് ചിത്രം നിർമിക്കുന്നത്. തുടക്കം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ കോംബോ ആവർത്തിക്കുമ്പോൾ വൻ പ്രതീക്ഷയിലാണ് പ്രേഷകർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home