സ്‌കൂളുകളുടെ ദയനീയാവസ്ഥ; വടക്കേ ഇന്ത്യയിലെങ്ങും വിദ്യാർഥികൾ പ്രതികരിച്ചു തുടങ്ങി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സർക്കാർ, റെസിഡൻഷ്യൽ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്‌ക്കെതിരെ വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുന്നു. ശൗചാലയങ്ങളുടെ അഭാവം, കുടിവെള്ളക്ഷാമം, അധ്യാപകരുടെ കുറവ്, മോശം ഭക്ഷണം, തകർന്ന കെട്ടിടങ്ങൾ, വൈദ്യുതി പ്രശ്നങ്ങൾ തുടങ്ങി പഠനത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് വിദ്യാർഥികൾ ഉയർത്തുന്നത്.
സർക്കാർ സ്‌കൂളുകളിലെ സൗകര്യങ്ങളുടെ യഥാർഥ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ തെരുവിലിറങ്ങുന്നത്.
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്രം മേനി നടിക്കുമ്പോഴാണ് മറുവശത്ത് രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ യഥാർത്ഥ ചിത്രം കൂടുതൽ തെളിഞ്ഞു വരുന്നത്
യുപി,ബിഹാർ,രാജസ്ഥാൻ,ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളുടെയും അധ്യാപന സംവിധാനങ്ങളുടെയും നില അതീവ ദയനീയമാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തു പോലും ഏറ്റവും പിന്നോക്കമായ അവസ്ഥയാണ് നിലനിൽക്കുന്നത്.
സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ കടുത്ത അവഗണനയാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം. പുതിയ തലമുറ ഭയമില്ലാതെ ഇതിനെല്ലാമെതിരെ പ്രതികരിച്ചു തുടങ്ങിയതിന്റെ പ്രതിഫലനമാണ് ഈ പ്രതിക്ഷേധങ്ങൾ
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിലും പൊതുവിദ്യാഭ്യാസ സംവിധാനത്തിലെ വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായതായി വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഈ കണക്കുകൾക്കപ്പുറം ഓരോ പ്രദേശത്തെയും വിദ്യാർഥികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽ ശ്രദ്ധേയമാകുന്നത്.
രാജസ്ഥാനിൽ സ്‌കൂൾ പൂട്ടി വിദ്യാർഥികളുടെ പ്രതിഷേധം
രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ജോധ്‌വാസ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ക്ഷാമവും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും ചൂണ്ടിക്കാട്ടി വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധിച്ചു.
വ്യാഴാഴ്ച്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ സ്‌കൂൾ പൂട്ടിയായിരുന്നു സമരം. സ്‌കൂളിലെ ആറ് സീനിയർ അധ്യാപക തസ്തികകളിൽ അഞ്ചും ഒഴിഞ്ഞുകിടക്കുന്നതായും 174 വിദ്യാർഥികൾക്ക് മൂന്ന് ക്ലാസ് മുറികൾ മാത്രമാണുള്ളതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മേൽക്കൂര തകർന്നതും മഴക്കാലത്ത് ക്ലാസ് മുറികളിൽ വെള്ളം ചോരുന്നതും ആശങ്ക വർധിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ഏഴ് അധ്യാപകരെ താൽക്കാലികമായി നിയമിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികൾ ഒഴിഞ്ഞ തസ്തികകൾ സ്ഥിരമായി നികത്തണമെന്നും പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു.
ഖതീമയിൽ ഭക്ഷണവും വെള്ളവും പ്രശ്നമായി
ഉത്തരാഖണ്ഡിലെ ഖതീമയിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും വിദ്യാർഥികൾ മൂന്ന് ദിവസത്തോളം പ്രതിഷേധിച്ചു. മോശം ഭക്ഷണം, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, വൈദ്യുതി-കുടിവെള്ള പ്രശ്നങ്ങൾ, ശുചിത്വക്കുറവ് തുടങ്ങിയ പരാതികളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.
പ്രതിഷേധത്തെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഭാരതി യാദവിനെ ജില്ലാ ട്രൈബൽ വെൽഫെയർ ഓഫീസറുടെ ഓഫീസിലേക്ക് മാറ്റുകയും പിജിടി അധ്യാപകൻ റോഷൻ ഝിങ്ക്വാനെ പ്രിൻസിപ്പലിന്റെ അധിക ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരവും മറ്റ് സൗകര്യങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും അധികൃതർ തീരുമാനിച്ചു.
മീററ്റിൽ വെള്ളക്കെട്ടിനെതിരെ ദേശീയപതാകയുമായി വിദ്യാർഥികൾ
മീററ്റിലെ പാഞ്ചി ഗ്രാമത്തിലും വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. കനത്ത മഴയിൽ റെയിൽവേ അണ്ടർപാസ് വെള്ളത്തിൽ മുങ്ങുന്നതിനെ തുടർന്നാണ് വിദ്യാർഥികൾ ദേശീയപതാകയുമായി പ്രതിഷേധിച്ചത്.
400-ലധികം വിദ്യാർഥികൾക്ക് അണ്ടർപാസിലെ വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അവർ പറഞ്ഞു. വെള്ളം ഉയരുമ്പോൾ പാമ്പുകൾ വരെ വെള്ളത്തിൽ കാണപ്പെടുന്നതായും ഇതുമൂലം വിദ്യാർഥികൾക്ക് സ്‌കൂളിൽ എത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും പരാതിയുയർന്നു. ജില്ലാ മജിസ്‌ട്രേറ്റിനോട് സഹായം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ വീഡിയോ പുറത്തുവിട്ടതോടെ സംഭവം ശ്രദ്ധ നേടി. തുടർന്ന് അധികൃതർ ഇടപെട്ട് വെള്ളക്കെട്ട് നീക്കം ചെയ്തു.
ഫത്തേപുരിൽ 1,500 വിദ്യാർഥികളുടെ പ്രതിഷേധം
ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ സർവോദയ ഇന്റർ കോളജിൽ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 1,500-ലധികം വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രതിഷേധിച്ചു.
ശുദ്ധമായ കുടിവെള്ളം, ശുചിമുറികൾ, ക്ലാസ് മുറികളിലെ ഫാനുകൾ, വൈദ്യുതി, കായിക സൗകര്യങ്ങൾ, ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഏകദേശം ആറ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥി പ്രതിനിധികളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി.
ഓരോ ക്ലാസ് മുറിയിലും നാല് ഫാനുകൾ സ്ഥാപിക്കുക, വൈദ്യുതി തകരാറുകൾ പരിഹരിക്കുക, ആർഒ പ്ലാന്റ് സ്ഥാപിക്കുക, ശുചിമുറികൾ വൃത്തിയായി പരിപാലിക്കുക, കായിക മൈതാനം മെച്ചപ്പെടുത്തുക, ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ഉറപ്പാക്കുക, ആവശ്യമായ ബെഞ്ചുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭരണകൂടം അംഗീകരിച്ചു.
ഖണ്ഡ്വയിൽ ഭക്ഷണത്തിൽ പുഴുക്കളെന്ന് പരാതി
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ സർക്കാർ നടത്തുന്ന ബാലക വിദ്യാർഥി ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. ഹോസ്റ്റലിൽ നിന്ന് ഭക്ഷണപ്പാത്രങ്ങളുമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ മോശം ഭക്ഷണം, ജീവനക്കാരുടെ പെരുമാറ്റം, ശുചിത്വക്കുറവ് എന്നിവ ചൂണ്ടിക്കാട്ടി.
ഉച്ചഭക്ഷണമായി നൽകിയ പരിപ്പുകറിയിലാണ് പുഴുക്കളെ കണ്ടെത്തിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം. സമാനമായ സംഭവം മാസത്തിൽ മൂന്ന്-നാല് തവണ വരെ ഉണ്ടായിട്ടും പരാതികൾക്ക് പരിഹാരമുണ്ടായില്ലെന്നും അവർ പറഞ്ഞു.
ഭക്ഷണം സർക്കാർ നിശ്ചയിച്ച മെനു പ്രകാരമല്ല നൽകുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പരാതിയിൽ ജില്ലാ ഭരണകൂടം അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. നാല് അംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ഹോസ്റ്റൽ സംവിധാനങ്ങൾ എന്നിവ പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ഡെറാഡൂണിൽ കാഴ്ചപരിമിതരായ വിദ്യാർഥികളുടെ സമരം അവസാനിച്ചു
ഡെറാഡൂണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് വിഷ്വൽ ഡിസബിലിറ്റീസിലെ കാഴ്ചപരിമിതരായ വിദ്യാർഥികളുടെ ദീർഘകാല പ്രതിഷേധവും അവസാനിപ്പിച്ചു. ലാപ്ടോപ്പുകൾ, സ്ഥിരം ഡയറക്ടർ, സ്‌കോളർഷിപ്പ്, പാഠപുസ്തകങ്ങൾ, കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.
ആഗസ്ത് മൂന്നിന് ആരംഭിച്ച സമരത്തെ തുടർന്ന് സ്ഥാപനത്തിന്റെ ഡയറക്ടറെയും പ്രിൻസിപ്പലിനെയും മാറ്റി. ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പന്ത്രണ്ടാം ക്ലാസിന് ശേഷം ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 2,000 രൂപ നൽകാൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.
പാഠപുസ്തകങ്ങളുടെ ക്ഷാമം പരിഹരിക്കാനും നടപടി തുടങ്ങി. ഇതോടെ വിദ്യാർഥികൾ സമരം പിൻവലിക്കുകയും ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു.
പുതിയ തലമുറയുടെ ശബ്ദമായി വിദ്യാർഥി പ്രതിഷേധങ്ങൾ
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഭവങ്ങൾ ഒരേ ചിത്രം തന്നെയാണ് നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ പഠനാന്തരീക്ഷം, ഗുണമേന്മയുള്ള ഭക്ഷണം, മതിയായ അധ്യാപകർ എന്നിവയ്ക്കായി വിദ്യാർഥികൾ നേരിട്ട് ശബ്ദമുയർത്തുകയാണ്.
സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും റോഡ് ഉപരോധങ്ങളിലൂടെയും ധർണകളിലൂടെയും ജില്ലാ ഭരണകൂടങ്ങളുടെ ഓഫീസുകളിലേക്കുള്ള മാർച്ചുകളിലൂടെയും വിദ്യാർഥികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നു.
പുതിയ തലമുറകളിലെ വിദ്യാർഥികൾ അവകാശങ്ങൾക്കായി കൂടുതൽ സജീവമായി രംഗത്തിറങ്ങുന്നുവെന്നതും ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച വലിയ ചോദ്യങ്ങളാണ് ഈ പ്രതിഷേധങ്ങൾ ഇന്ത്യൻ ജനതയുടെ മുന്നിലേക്ക് ഉയർത്തുന്നത്.










0 comments