മുറിയിൽ അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മരിച്ച നിലയിൽ; കൊലപാതക സാധ്യതയെന്ന് പൊലീസ്

നവാഡ: ബിഹാറിൽ യുവതിയും കുഞ്ഞുങ്ങളും മുറിയിൽ മരിച്ച നിലയിൽ. ബിഹാറിലെ നവാഡയിലാണ് വീടിനുള്ളിലെ മുറിയില്‍ 32 വയസുള്ള യുവതിയേയും രണ്ട് കുഞ്ഞുങ്ങളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ തൂങ്ങിമരിച്ച നിലയിലും രണ്ട് കുഞ്ഞുങ്ങളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നിദ ഖാതൂൻ (32) എന്ന യുവതിയെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മക്കളായ സരിയ ഖാതൂൻ (4), സിദ്ര ഖാതൂൻ (2) എന്നിവരുടെ മൃതദേഹങ്ങൾ മുറിയിലെ കട്ടിലിലും കണ്ടെത്തി.
സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച നിലയിൽ കണ്ടെത്തിയ നിദ ഖാതൂന്റെ മൃതദേഹം കട്ടിലിൽ തട്ടിയ നിലയിലാണ്. അതിനാൽ തന്നെ നിദയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന സംശയവും പൊലീസിനുണ്ട്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനവായി മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഏറെനേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഭർത്താവ് മുഹമ്മദ് ഷാഹിദ് ഒരു വർഷമായി സൗദി അറേബ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് നിദയും മക്കളും താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments