മലയാളികളായ അജ്മലിനും ട്രീസക്കും അർജുന അവാർഡ്; 17 താരങ്ങൾക്ക് പുരസ്കാരം

ന്യൂഡൽഹി: മലയാളികളായ മുഹമ്മദ് അജ്മലിനും ട്രീസ ജോളിയും ഉൾപ്പെടെ 17 താരങ്ങൾക്ക് അർജുന അവാർഡ്. പാലക്കാട്ടുകാരനായ ഓട്ടക്കാരനാണ് അജ്മൽ. ട്രീസ കണ്ണൂരുകാരിയായ ബാഡ്‌മിന്റൺ താരമാണ്. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇത്തവണ ഖേൽര്തന ആർക്കും നൽകിയിട്ടില്ല.
അർജുന അവാർഡ് നേടിയ താരങ്ങൾ: തേജസ്വിൻ ശങ്കർ, വി മുഹമ്മദ് അജ്മൽ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്സ്), ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റൺ), നരേന്ദർ (ബോക്സിങ്), വിദിത് ഗുജറാത്ത്, ദിവ്യ ദേശ്‌മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ഡെഫ് ഷൂട്ടിങ്), ലാൽറെംസിയാമി, രാജ്കുമാർ പാൽ (ഹോക്കി), സുർജീത്, പൂജ (കബഡി), റുദ്രാക്ഷ് ഖണ്ഡേൽവാൽ (പാരാ- ഷൂട്ടിങ്), ഏക്ത ഭ്യാൻ (പാരാ അത്‌ലറ്റിക്സ്), അരവിന്ദ് സിങ് (റോവിങ്), അഖിൽ ഷ്യോറാൻ (ഷൂട്ടിങ്)
ഫുട്ബോൾ താരം ഐ അരുമൈനായകത്തിന് 'ലൈഫ് ടൈം അച്ചീവ്മെന്റ്' വിഭാഗത്തിൽ അർജുന പുരസ്കാരം ലഭിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടിയ ട്രീസ ജോളിക്ക് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ എൽഡിഎഫ് സർക്കാർ ജോലി നൽകിയിരുന്നു. ബാഡ്മിന്റൺ വനിതാ ഡബിൾസിൽ വെങ്കലവും മിക്സഡ് ടീം ഇനത്തിൽ വെള്ളിയുമാണ് താരം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരമാണ് ട്രീസ.
ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെയാണ് താരം ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. കണ്ണൂരിലെ മലയോരഗ്രാമപ്രദേശമായ ചെറുപുഴ സ്വദേശിയായ ട്രീസ, പിതാവ് ജോളി മാത്യുവിന്റെ കീഴിലാണ് ആദ്യകാല പരിശീലനം നടത്തിയത്. ട്രീസയുടെ മികവ് തിരിച്ചറിഞ്ഞ് കേരള ബാഡ്മിന്റൺ അസോസിയേഷൻ ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിന് ഇന്തോനേഷ്യയിലേക്ക് അയച്ചിരുന്നു. അണ്ടർ- 15ൽ സബ് ജൂനിയർ ഏഷ്യൻ ഗെയിംസിലും റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ബംഗ്ലാദേശിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി. ദുബായിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി.
2021-ൽ ഡെൻമാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പോളണ്ടിലെ ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റിൽ റണ്ണറപ്പായി. ഇന്ത്യയിൽ നടന്ന ഇൻഫോസിസ് ഇന്റർനാഷണൽ ടൂർണമെന്റിൽ ചാമ്പ്യനായി.








0 comments