ad
Deshabhimani

ചോരുന്ന ചോദ്യക്കടലാസുകൾ, പരീക്ഷാ വീഴ്ചകളിലെ കേന്ദ്രത്തിന്‍റെ ഗൂഡാലോചന

modi
വെബ് ഡെസ്ക്

Published on Aug 18, 2026, 01:28 PM | 3 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനു കീഴിലെ ഏജൻസികൾ നടത്തുന്ന പരീക്ഷകളിലെ ക്രമക്കേടുകൾ തുടർക്കഥയാവുകയാണ്‌. ഒരു കാലത്തും കാണാത്ത തരത്തിലുള്ള ചോദ്യപേപ്പർ ചേർച്ചയും ചോദ്യപേപ്പറുകളിലെ പിഴവുകളും പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത പാടെ ഇല്ലാതാക്കി. പരീക്ഷകൾ റദ്ദാക്കലുകളെ തുടർന്ന്‌ ജീവനൊടുക്കുകയും മാനസികമായി തകരുകയും ചെയ്യുന്നവരുടെ എണ്ണം ഭീതിയുയർത്തുന്നതാണ്‌. ജീവിതം തന്നെ പ്രതിസന്ധിയിലായ വിദ്യാർത്ഥികൾ അതിശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്‌. പരീക്ഷകൾ നടത്താൻ ചുമതലപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യിലുൾപ്പെടെ യോഗ്യത നോക്കാതെ സ്വന്തക്കാരെ തിരുകിക്കയറ്റിയതിന്റെയും പരീക്ഷകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിലെ പോരായ്‌മകളുമാണ്‌ ഇ‍ൗ അവസ്ഥയ്‌ക്ക്‌ കാരണം. വിദ്യാഭ്യാസരംഗത്ത്‌ തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നേരത്തേ തുടങ്ങിയതാണ്‌. അതിന്റെ ദോഷഫലമാണ്‌ ഇന്നത്തെ തലമുറ അനുഭവിക്കുന്നത്‌.


ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തുകയാണ് ഇത്തരം പരീക്ഷാ തട്ടിപ്പുകൾ. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് , അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ്, ജാർഖണ്ഡ് പിഎസ്‍സി തുടങ്ങിയ സുപ്രധാന പരീക്ഷകളിലെല്ലാം അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുരുതര പിഴവുകളും ചോദ്യപ്പേപ്പർ ചോർച്ചയുമാണ്. ​


ദേശീയ തലത്തിലും സംസ്ഥാന തലത്തിലും രാജ്യം നേരിടുന്ന വലിയ വെല്ലുവിളി കൂടിയാണ് ഇത്തരം സംഭവങ്ങൾ. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളും കെടുകാര്യസ്ഥതയും പ്രതിക്കൂട്ടിലാകുമ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്നത് രാജ്യത്തിന്റെ ഭാവിയാണ്‌.


​രാജ്യത്തെ മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളാണ് ആദ്യം വിവാദമായത്‌. എന്നാൽ അത് മഞ്ഞുമലയുടെ അറ്റംമാത്രമായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങൾക്ക്‌ പിന്നീടുള്ള ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിച്ചു. ചരിത്രത്തിലാദ്യമായി 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് സംശയങ്ങൾ മുളപൊട്ടിയത്. പിന്നീട് ഹരിയാനയിലെ ഒരേ പരീക്ഷാ കേന്ദ്രത്തിൽ നിന്നെഴുതിയ നിരവധി പേർ ഒന്നാം റാങ്ക് പങ്കിട്ടതോടെ സംശയം ബലപ്പെട്ടു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വിദ്യാർഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.


​ഗ്രേസ് മാർക്ക് നൽകിയതിലെ അശാസ്ത്രീയതയും, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വൻ ചോദ്യപ്പേപ്പർ ചോർച്ചയുമെല്ലാം ക്രമക്കേടുകളുടെ ഭാ​ഗമായിരുന്നു. ഇവയെല്ലാം എൻടിഎയുടെ വിശ്വാസ്യതയെ പൂർണമായും തകർക്കുകയും കേന്ദ്രസർക്കാരിൽ വിദ്യാർഥികൾക്കുള്ള പ്രതീക്ഷ ഇല്ലാതാക്കുകയും ചെയ്തു. ലക്ഷങ്ങൾ നൽകി ചോദ്യപ്പേപ്പർ മുൻകൂറായി വാങ്ങിയെന്ന് ഇടനിലക്കാരും വിദ്യാർഥികളും വെളിപ്പെടുത്തിയതോടെ ഉദ്യോ​ഗാർഥികളുടെ അവസാന പ്രതീക്ഷയും നഷ്ടമായി. കാരണം ഇത്രയും ക്രമക്കേടുകൾ പുറത്തുവന്നിട്ടും പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ശ്രമിച്ചത്.


വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിനും രാജ്യവ്യാപക വിദ്യാർഥി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനും പിന്നാലെയാണ് വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ പോലും സർക്കാർ തയ്യാറായത്. അപ്പോഴും ഉദ്യോ​ഗാർഥികളോട് നേരിട്ട് സംസാരിക്കാൻ പോലും പ്രധാനമന്ത്രി തുനിഞ്ഞില്ല എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. ഒടുവിൽ ഉദ്യോ​ഗാർഥികളുടെ പ്രതിഷേധം ഫലം കാണുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുകയും ചെയ്‌തു.


​നീറ്റ് വിവാദം കെട്ടടങ്ങും മുമ്പേ രാജ്യത്തെ സർവകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് ചോദ്യപ്പേപ്പർ ചോർന്നു. ചോദ്യപ്പേപ്പർ ഡാർക്ക് വെബിലും ടെലിഗ്രാമിലും മുൻകൂട്ടി പ്രചരിച്ചുവെന്ന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയുടെ റിപ്പോർട്ട് ചെയ്തു. ജൂൺ 18ന് പരീക്ഷ കഴിഞ്ഞ് 24 മണിക്കൂർ തികയും മുൻപേ പരീക്ഷ റദ്ദാക്കാൻ കേന്ദ്രം നിർബന്ധിതരായി. ഗവേഷണ മോഹങ്ങളുമായി വർഷങ്ങളോളം തയ്യാറെടുപ്പ് നടത്തിയ ഒൻപത് ലക്ഷത്തോളം ഉദ്യോഗാർഥികളുടെ സ്വപ്നങ്ങളാണ് ഇതോടെ ഇല്ലാതായത്.


കേന്ദ്ര ഏജൻസികൾക്ക് പുറമെ സംസ്ഥാന തലത്തിലും പരീക്ഷാ നടത്തിപ്പുകളിൽ വലിയ പ്രതിസന്ധിയുണ്ട്. ജാർഖണ്ഡ് പിഎസ്‍സി പ്രിലിമിനറി പരീക്ഷയുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ സീൽ പൊട്ടിയ നിലയിൽ ചോദ്യപ്പേപ്പർ ലഭിച്ചുവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയതോടെ സുതാര്യവും സുരക്ഷിതവുമായി പരീക്ഷകൾ നടത്താൻ പരീക്ഷാ ബോർഡുകൾക്ക് കഴിയുന്നിന്നില്ലെന്ന്‌ വ്യക്തമായി. ജാർഖണ്ഡിൽ പ്രക്ഷോഭം ശക്തമായതോടെ വിദ്യാര്‍ഥികളുടെ മുഖ്യ ആവശ്യങ്ങള്‍ സർക്കാരിന് അം​ഗീകരിക്കേണ്ടി വന്നു. ലഖ്‌ന‍ൗ ആസ്ഥാനമായ ടിഡിപിഎൽ (ടിഎസ്ആർ ഡാറ്റാ പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡ്) നടത്തിയ എല്ലാ പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമീഷനും സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റിയും നടത്തിയ പരീക്ഷകളും റദ്ദാക്കാനും തീരുമാനമായി. 2014 മുതലുണ്ടായ എല്ലാ ക്രമക്കേടുകളും അന്വേഷിക്കും. നടന്ന എല്ലാ പരീക്ഷകളും സിഐഡി അന്വേഷിക്കുമെന്നും പരീക്ഷാ പരിഷ്‌കരണങ്ങൾക്കായി സമിതി രൂപീകരിക്കുമെന്നും സർക്കാരിന് പറയേണ്ടി വന്നു.


എൻടിഎ എന്ന കേന്ദ്ര ഏജൻസിയുടെ സമ്പൂർണ പരാജയം കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയമാണ്. രാജ്യത്തെ യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കാട്ടിയ അനാസ്ഥയാണ് കഴിഞ്ഞ കുറച്ചുകാലമായി പുറത്തുവരുന്ന വിവിധ ക്രമക്കേടുകൾ. ​പരീക്ഷാ നടത്തിപ്പിലെ സുരക്ഷാ വീഴ്ചകൾ കണ്ടില്ലെന്ന് നടിച്ചും, സ്വകാര്യ ഏജൻസികളെ ആശ്രയിച്ചും കേന്ദ്രം വലിയ അഴിമതികൾക്ക് കളമൊരുക്കുകയാണ്. പരീക്ഷാ മാഫിയകൾക്കെതിരെ പുതിയ നിയമം (Public Examinations Act 2024) പ്രാബല്യത്തിൽ കൊണ്ടുവന്നുവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും, അത്തരം മാഫിയകളെ വളർത്തിയത് ഇതേ കേന്ദ്രമാണെന്നതാണ് വസ്തുത.


പരീക്ഷാ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനും എൻടിഎയുടെ ഘടന ഉടച്ചുവാർക്കാനും കേന്ദ്രം ഇനിയും തയ്യാറായില്ലെങ്കിൽ, രാജ്യം ഇനി നേരിടേണ്ടി വരിക ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത യുവജനങ്ങളുടെ പ്രതിഷേധമായിരിക്കും. കേന്ദ്രം ഈ വിദ്യാഭ്യാസ തകർച്ചയ്ക്ക് ഉത്തരം പറയാൻ ബാധ്യസ്ഥർ ആണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home