തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് നിർമാണം വിവാദത്തിൽ

സി ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയുടെ പുതിയ ഓഫീസ് നിർമാണം വിവാദത്തിൽ. 5.54 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിന്റെ ടെന്റർ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. നിയമസഭയിൽ പിഡബ്ല്യുഡി മുൻ മന്ത്രിയും ഡിഎംകെ എംഎൽഎയുമായ ഇ വി വേലു ആണ് ആക്ഷേപം ഉയർത്തിയത്. തമിഴ്നാട് സെക്രട്ടറിയറ്റിന് സമീപം സെന്റ് ജോർജ് കോട്ടയിലാണ് നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്.
സെക്രട്ടറിയറ്റ് വളപ്പിൽ തന്നെ നാമക്കൽ ലൈഞ്ജർ മാളികയിലെ പത്താം നിലയിലേയ്ക്ക് മാറ്റാനുള്ള നടപടികളാണ് നടത്തി വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവ അടക്കമാണ് മാറ്റുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് പിഡബ്ല്യുഡി വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ടെന്റർ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
ആഗസ്ത് മാസം 12-ാം തീയതി തന്നെ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രവരൃത്തിയാണെങ്കിൽ സർക്കാരിന്റെ ടെന്റർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. അതിനു മുൻപേ തന്നെ നിർമാണ പ്രവർത്തനങ്ങളുടെ ചിത്രം പുറത്തുവന്നത് മുൻകൂട്ടി കരാറുകാരെ കണ്ടെത്തിയെന്ന സൂചനയാണെന്നും ആക്ഷേപമുണ്ട്.
ഇതോടൊപ്പം ടെന്ററിനായി പത്രങ്ങളിൽ പരസ്യം നൽകി. പത്ര പരസ്യം വന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഇ ടെന്റർ നടപടികൾക്ക് തുടക്കമായത്. പത്രത്തിലും ഓൺലൈനിലും വ്യത്യസ്ത വിവരങ്ങളാണ് നൽകിയിരുന്നതെന്ന് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും എംഎൽഎ വേലു ആവശ്യപ്പെട്ടു. ആരോപണത്തിൽ മന്ത്രി ആഥവ് അർജുന മറുപടി നൽകി. നിലവിലെ ഓഫീസ് മുറിയിൽ സ്ഥല പരിമിതികളുണ്ടെന്നും വിദേശ പ്രതിനിധികൾ അടക്കം എത്തുമ്പോൾ സ്ഥലമില്ലാത്തത് പ്രശ്നമാകുന്നതുകൊണ്ടാണ് മാറാൻ ആഗ്രഹിക്കുന്നതെന്നും മന്ത്രി മറുപടി നൽകി. എന്നാൽ നടപടികൾ പൂർത്തിയായിട്ടില്ലെന്നും മന്ത്രി ആഥവ് അറിയിച്ചു.









0 comments