ad
Deshabhimani

വൈഎസ്ആർ റെഡ്ഡി മുതൽ അജിത് പവാർ വരെ... വിമാനാപകടത്തിൽ കൊല്ലപ്പെട്ട രാഷ്ട്രീയ നേതാക്കൾ

leaders killed in plane crash
വെബ് ഡെസ്ക്

Published on Jan 28, 2026, 11:51 AM | 4 min read

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിരവധി നേതാക്കളാണ് വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ നേതാക്കൾക്കു പുറമെ കലാ സാംസ്കാരി വ്യവസായ രം​ഗത്തുള്ള നിരവധി പ്രമുഖ വ്യക്തികൾക്കും വിമാനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ആണവ ശാസ്ത്ര പദ്ധതിയുടെ പിതാവായ ഹോമി ജെ ഭാഭ, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി, സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, പ്രശസ്ത നടി സൗന്ദര്യ തുടങ്ങി നിരവധി പേർ പട്ടികയിൽ ഉൾപ്പെടുന്നു.


വിജയ് രൂപാണി (2025)


ഗുജറാത്തിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി 2025ൽ അഹമ്മ​ദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തിലാണ് മരിച്ചത്.


Vijay_Rupani


2025 ജൂൺ 12ന്‌ ഗുജറാത്തിലെ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തിൽ തകർന്നുവീഴുകയായിരുന്നു. വിമാനം തകര്‍ന്ന് മരിക്കുന്ന രണ്ടാമത്തെ ​ഗുജറാത്ത് മുഖ്യമന്ത്രിയാണ് രൂപാണി. ​


ദോർജി ഖണ്ഡു (2011)


അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന ദോർജി ഖണ്ഡു 2011 ഏപ്രിൽ 30നാണ് കൊല്ലപ്പെട്ടത്. തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്ക് പോവുകയായിരുന്ന ഹാൻസ് ഹെലികോപ്‌റ്റർ മോശം കാലാവസ്ഥയെ തുടർന്ന്‌ വെസ്റ്റ് കാമെങ് ജില്ലയിൽ ഹെലികോപ്റ്റർ കൊടും വനപ്രദേശത്ത് തകർന്നുവീഴുകയായിരുന്നു.


dorjee khandu


സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലുള്ള സെലാ ചുരത്തിന് സമീപം എത്തി 20 മിനിറ്റിനുള്ളിൽ ഖണ്ഡുവിന്റെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ട‌പ്പെട്ടു. കാണാതായി നാലു ദിവസത്തിന് ശേഷമാണ്‌ ചൈന അതിർത്തിയോട്‌ ചേർന്ന ലുഗുതാങ്ങിൽ നിന്ന്‌ ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്‌. ഒപ്പമുണ്ടായിരുന്ന നാലുപേരും അപകടത്തിൽ മരിച്ചു.


വൈ എസ് രാജശഖര റെഡ്ഡി (2009)


ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശഖര റെഡ്ഡി എന്ന വൈ എസ് ആർ 2009 സെപ്‌തംബർ രണ്ടിനാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്ന് ചിറ്റൂർ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വൈ എസ് ആർ സഞ്ചരിച്ച ബെൽ 430 ഹെലികോപ്റ്റർ നാലമല്ല വനത്തിൽ തകർന്ന് വീഴുകയായിരുന്നു.


ysr reddy


പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പറന്നുയർന്ന് കുറച്ചു സമയത്തിനകം ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നഷ്‌ടപ്പെടുകയും രാവിലെ 9.27 ഓടെ വനത്തിൽ തകർന്നു വീഴുകയും ചെയ്തു. 27 മണിക്കൂറിന് ശേഷമാണ് വൈ എസ് ആറിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും വൈഎസ് ആർ പരാജയപ്പെട്ടിരുന്നില്ല. വൈ എസ് ആറിന്റെ മരണത്തിനു പിന്നാലെ നിരവധി പേർ ആന്ധ്രയിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


ഒ പി ജിൻഡാൽ (2005)


വ്യവസായിയും ഹരിയാന വൈദ്യുതി മന്ത്രിയുമായ ഒ പി ജിൻഡാൽ 2005 മാർച്ച് 31 ന് ഉത്തർപ്രദേശിലാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന ജിൻഡാൽ ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്ക് പോവുകയായിരുന്നു, ജിൻഡാൽ സഞ്ചരിച്ച കിംഗ് കോബ്ര ഹെലികോപ്റ്റർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ തകർന്നുവീഴുകയായിരുന്നു.


OPJindal


സുരേന്ദർ സിങ്ങ് (2005)


മുൻ എംപിയും ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിന്റെ മകനുമായ സുരേന്ദർ സിങ്ങ് ഒ പി ജിൻഡാലിനൊപ്പം സഞ്ചരിക്കവേയാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ഹരിയാന കൃഷി മന്ത്രിയായിരുന്ന സുരേന്ദർ സിങ്ങ് ജിൻഡാലിനൊപ്പം ചണ്ഡീഗഡിലേക്കുള്ള യാത്രയിലായിരുന്നു.


സിപ്രിയൻ സാങ്മ (2004)


മേഘാലയ ഗ്രാമവികസന മന്ത്രി സിപ്രിയൻ സാങ്മ 2004 സെപ്തംബർ 22നുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പോവുകയായിരുന്ന പവൻ ഹാൻസ് ഹെലികോപ്റ്റർ സംസ്ഥാന തലസ്ഥാനത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ബരാപാനി തടാകത്തിന് സമീപം തകർന്നുവീഴുകായിരുന്നു. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.


ജിഎംസി ബാലയോഗി (2002)


2002 മാർച്ച് 3 ന് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് അന്നത്തെ ലോക്‌സഭാ സ്പീക്കറും തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവുമായ ജിഎംസി ബാലയോഗി മരിച്ചത്.


gmc babayogi


ആകാശത്ത് വെച്ച് ഹെലികോപ്റ്ററിന് മെക്കാനിക്കൽ തകരാർ സംഭവിച്ചതിനു പിന്നാലെ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ, ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ കൊല്ലേരു പ്രദേശത്തുള്ള കൊവ്വടലങ്ക ഗ്രാമത്തിൽ വച്ചായിരുന്നു അപകടം.


മാധവറാവു സിന്ധ്യ (2001)


മുതിർന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യ 2001 സെപ്‌തംബർ 30 ന് ഉത്തർപ്രദേശിലെ കാൺപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. സിന്ധ്യയും 6 പേരും സഞ്ചരിച്ച 10സീറ്റുള്ള സി90 വിമാനം കാൻപുരിൽ നിന്ന്‌ 172 കിലോമീറ്റർ അകലെ മെയിൻപുരി ജില്ലയിലാണ് തകർന്ന നിലയിൽ കണ്ടെത്തിയത്‌. മോശം കാലാവസ്ഥയും മേഘസ്ഫോടനവുമാണ് അപകടകാരണം.


madhavrao-scindia


പൈലറ്റിന് ഡൽഹിയിലെ എടിസിയുമായി ബന്ധം നഷ്ട‌പ്പെട്ടു. എന്നാൽ ലഖ്‌നൗവിലെ എടിസിയുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നില്ല. 1971-ൽ ജനസംഘത്തിന്റെ പിന്തുണയോടെ മധ്യപ്രദേശിലെ ഗുണ പാർലമെന്ററി സീറ്റിൽ നിന്ന് സ്വതന്ത്രനായി വിജയിച്ചുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച സിന്ധ്യ ഒമ്പത് തവണ ലോക്‌സഭാംഗമായി. 1971 മുതൽ ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. മകൻ ജ്യോതിരാദിത്യ സിന്ധ്യ നിലവിൽ കേന്ദ്ര മന്ത്രിയാണ്.


സഞ്ജയ് ഗാന്ധി (1980)


മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23 ന് 33ാം വയസിലാണ് വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. പ്രസ്തുത ദിവസം രാവിലെ എട്ട്‌ മണിയോടെ ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഗ്ലൈഡർ തകർന്നായിരുന്നു അപകടം.


sanjay gandhi


ഡൽഹി ഫ്‌ളൈയിങ് ക്ലബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെയായിരുന്നു അപകടം. എയറോബാറ്റിക്സസ് പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകർന്ന് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ സുഭാഷ് സക്സേനയും മരിച്ചു.


ഗുർനാം സിംഗ് (1973)


പഞ്ചാബ് മുൻ മുഖ്യമന്ത്രി ഗുർനാം സിംഗ് 1973 മെയ് 31 ന് ഡൽഹിയിൽ വച്ചുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത്. പഞ്ചാബിന്റെ ആറാം മുഖ്യമന്ത്രിയായിരുന്ന ​ഗുർനാം ശിരോമണി അകാലി ദളിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയായിരുന്നു. എട്ടുമാസം മാത്രമാണ് ​ഗുർനാം മുഖ്യമന്ത്രിയായിരുന്നത്.


Gurnam_Singh


ലച്ച്മാൻ സിംഗ് ഗില്ലിന്റെ കൂറുമാറ്റത്തെത്തുടർന്ന് ​ഗുർനാം മന്ത്രിസഭ താഴെ വീഴുകയായിരുന്നു. ചെന്നൈയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വന്ന ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737 വിമാനം പാലം വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകർന്നുവീഴുകയായിരുന്നു. 65 യാത്രക്കാരിൽ 4​8 പേരും മരിച്ചു.


ബൽവന്ത്‌റായ് മേത്ത (1965)


ഗുജറാത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ബൽവന്ത്‌റായ് മേത്ത പദവിയിലിരിക്കെ 1965 സെപ്തംബറിൽ വിമാനം തകര്‍ന്നാണ് മരിച്ചത്. ഇന്ത്യ പാക് യുദ്ധകാലത്ത് കച്ച് അതിര്‍ത്തിക്ക് സമീപം പാക് വ്യോമസേന ബൽവന്ത്‌റായ് മേത്ത സഞ്ചരിച്ച വിമാനം വെടിവച്ചിടുകയായിരുന്നു.


Balwantrai Mehta


ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അപകടം.


വിമാനാപകടത്തിൽ കൊല്ലപ്പെട്ട മറ്റ് പ്രമുഖർ


ഹോമി ജെ ഭാഭ (1966)


ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭ 1966 ജനുവരി 24 നാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ലണ്ടനിലേക്കുള്ള യാത്രാമധ്യേ ആല്‍പ്സ് പര്‍വതനിരകളിലെ മോണ്ട് ബ്ലാങ്ക് കൊടുമുടിക്കു സമീപമുണ്ടായ വിമാനാപകടത്തിലായിരുന്നു മരണം. ജനീവ എയർ ട്രാഫിക് കൺട്രോളുമായുള്ള തെറ്റായ ആശയവിനിമയം കാരണം ഹോമി ജെ ഭാഭ സഞ്ചരിച്ച എയർ ഇന്ത്യ ഫ്ലൈറ്റ് 101 സ്വിറ്റ്സർലൻഡിലെ മോണ്ട് ബ്ലാങ്കിൽ തകർന്നുവീഴുകയായിരുന്നു.


homi-bhabha


അദ്ദേഹത്തിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭാഭയുടെ പ്രേരണയാലാണ് 1948-ല്‍ അറ്റമിക് എനര്‍ജി കമീഷന്‍ സ്ഥാപിച്ചത്. 1954-ല്‍ പദ്മഭൂഷണ്‍ നേടിയ ഭാഭ 1955-ല്‍ ഐക്യരാഷ്ട്രസഭയുടെ ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങള്‍ക്കായുള്ള സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു.


സൗന്ദര്യ (2004)


പ്രശസ്ത നടി സൗന്ദര്യ (കെ എസ് സൗമ്യ സത്യനാരായണ) 2004 ഏപ്രിൽ 17ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ബം​ഗളൂരൂവിൽ നിന്ന്‌ കരിം നഗറിലേക്ക്‌ പോകുന്നതിനിടയിലുണ്ടായ വിമാന അപകടത്തിലാണ് കൊല്ലപ്പെട്ടത്. കന്നഡ, തെലു​ഗു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.


Actress_Soundarya


1972ൽ കർണാടകയിൽ ജനിച്ച സൗന്ദര്യ 31ാം വയസിലാണ് കൊല്ലപ്പെടുന്നത്. സൗന്ദര്യയുടെ സഹോദരനും അപകടത്തിൽ മരിച്ചു. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്.


ബിപിൻ റാവത്ത് (2021)


ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സംയുക്ത സൈനിക മേധാവി) ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 8 നാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ പന്ത്രണ്ട് പേർ അപകടത്തിൽ മരിച്ചു.


bipin rawat


സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്കുള്ള യാത്രാമധ്യേ തമിഴ്‌നാട്ടിലെ കൂനൂരിനടുത്താണ് സംഭവം. അപകടത്തിന് കാരണം "മാനുഷിക പിഴവ് " ആണെന്നാണ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. 2020 ജനുവരി 1നാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home