print edition ഓർമകളിൽ നിറഞ്ഞ് യെച്ചൂരി


സ്വന്തം ലേഖകൻ
Published on Sep 12, 2026, 01:30 AM | 2 min read
തിരുവനന്തപുരം : അരനൂറ്റാണ്ടിലേറെ ദേശീയ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന സീതാറാം യെച്ചൂരിയുടെ ഓർമകളിൽ തലസ്ഥാനം. സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ 2024 സെപ്‌തംബർ 12ന് അന്തരിച്ച അദ്ദേഹത്തിന് സ്‌മരണാഞ്ജലിയർപ്പിക്കാൻ എ കെ ജി പഠന ഗവേഷണ കേന്ദ്രം എ കെ ജി ഹാളിൽ സംഘടിപ്പിച്ച പരിപാടി പുതിയ കാലത്തെ പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകളുടെ വേദിയുമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രജിസ്‌റ്റർ ചെയ്‌ത ആയിരത്തിലേറെ പേർ പങ്കെടുത്ത അനുസ്‌മരണം ‘യെച്ചൂരി– ഓർമ, കാലം’ -ഫോട്ടോ പ്രദർശനത്തോടെയാണ് തുടങ്ങിയത്. ദീർഘകാലം യെച്ചൂരിയുടെ സഹപ്രവർത്തകനായിരുന്ന മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് എ കെ ജി ഹാളിൽ ‘ലോകമുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധി’ വിഷയത്തിൽ പ്രൊഫ. പ്രഭാത് പട്‌നായിക്ക് പ്രഭാഷണം നടത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അധ്യക്ഷയായി.
യെച്ചൂരിയെക്കുറിച്ച് എ കെ ജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ലഘുപുസ്‌തകം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു നൽകി എസ് രാമചന്ദ്രൻപിള്ള പ്രകാശിപ്പിച്ചു. സിപിഐ എം പ്രസിദ്ധീകരണമായ ഇ ബുക്ക് പ്രഭാത് പട്‌നായിക്കിനു നൽകി ബൃന്ദ കാരാട്ട് പ്രകാശിപ്പിച്ചു. തോമസ് ഐസക് സംസാരിച്ചു. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ സ്വാഗതം പറഞ്ഞു.
രണ്ടാം സെഷനിൽ ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ബൃന്ദ കാരാട്ട് പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. വി എസിനെക്കുറിച്ച് കെ വി സുധാകരൻ തയ്യാറാക്കിയ പുസ്‌തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയ്‌ക്ക് നൽകി ബൃന്ദ കാരാട്ട് പ്രകാശിപ്പിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ‘മിസ’ നാടകം അവതരിപ്പിച്ചു. യെച്ചൂരി അനുസ്‌മരണം സിപിഐ എം പൊളിറ്റ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. സി എൻ മോഹനൻ അധ്യക്ഷനായി. വി ജോയി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവരും വേദിയിലുണ്ടായി.
സീതാറാം യെച്ചൂരിയുമായി അരനൂറ്റാണ്ടിന്റെ ബന്ധമുണ്ടെന്ന് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള. 1975ൽ ഡൽഹിയിലെത്തിയ കാലംമുതലുള്ള ബന്ധമാണ്. ഒരുമിച്ചാണ് കേന്ദ്ര സെക്രട്ടറിയറ്റിലും പിബിയിലുമെല്ലാമെത്തിയത്– സീതാറാം യെച്ചുരി അനുസ്‌മരണ സമ്മേളനത്തിന്റെ ഭാഗമായ യെച്ചൂരി– ഓർമ, കാലം’ -ഫോട്ടോ പ്രദർശനം ഉദ്‌ഘാടനംചെയ്‌ത് എസ് ആർ പി പറഞ്ഞു.
ആദ്യം കാണുമ്പോൾ ജെഎൻയുവിലെ പോരാളിയായ വിദ്യാർഥി നേതാവായിരുന്നു സീതാറാം. അടിയന്തരാവസ്ഥയിൽ ഒരുമിച്ചല്ലെങ്കിലും ജയിലിൽ കഴിഞ്ഞവരാണ് ഞങ്ങൾ. 1984ൽ അദ്ദേഹം കേന്ദ്രകമ്മിറ്റി ക്ഷണിതാവായി. 1985ൽ കേന്ദ്രകമ്മിറ്റിയിൽ ഒരുമിച്ചെത്തി. 1992ൽ പിബിയിലും ഒരുമിച്ച് അംഗമായി.
പാർടി കേന്ദ്രത്തിലെ അദ്ദേഹവുമൊത്തുള്ള പ്രവർത്തനം മറക്കാനാകാത്തതാണെന്നും എസ് ആർ പി പറഞ്ഞു.
യെച്ചൂരിയെ അനുസ്‌മരിച്ചുകൊണ്ടാണ് പ്രൊഫ. പ്രഭാത് പട്‌നായിക്കും പ്രഭാഷണം തുടങ്ങിയത്. സീതാറാം ശിഷ്യനായിരുന്നു എന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമർഥനായ വിദ്യാർഥിയിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കുള്ള വളർച്ച നോക്കിക്കണ്ടിട്ടുണ്ട്. മികച്ച വിദ്യാർഥികൾ പലപ്പോഴും അവരുടെ കാര്യംനോക്കി പോകുമ്പോൾ സീതാറാം അങ്ങനെയല്ല ചെയ്‌തത്– അദ്ദേഹം പറഞ്ഞു.
യെച്ചൂരിക്കൊപ്പം ചൈനയിലേക്കുള്ള പ്രതിനിധി സംഘാംഗമായപ്പോഴുണ്ടായ അനുഭവമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ചൈനയിലെ നേതാക്കളുമായി വളരെ അടുത്ത ബന്ധവും സൗഹൃദവുമാണ് യെച്ചൂരിക്കുണ്ടായിരുന്നതെന്നും ബോധ്യപ്പെട്ടു. അവിടെ അവർക്ക് യെച്ചൂരി ഇന്ത്യക്കാരനല്ല, ചൈനയിലുള്ളയാളായിരുന്നു. ലോക കമ്യൂണിസ്റ്റ് നേതാക്കളുമായി അത്രയും അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ടായ പ്രതിസന്ധിയിൽ സിപിഐ എം കൃത്യമായ നിലപാടെടുത്തതിൽ യെച്ചൂരിയുടെ പങ്ക് പ്രധാനമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments