ad
Deshabhimani

മീൻവലയിൽ പ്രതിരോധ സേനയുടെ ഷെൽ കുടുങ്ങി

'Defence force shell' caught in fishermen's net

കോഴിക്കോട് പുതിയാപ്പ ഹാർബറിന് സമീപത്ത് പ്രതിരോധ വകുപ്പിന്റെ ഷെൽ കണ്ടെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 12, 2026, 01:38 AM | 1 min read

കോഴിക്കോട്‌

മത്സ്യബന്ധനത്തിനായി കടലിൽപ്പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽക്കുടുങ്ങി ‘പ്രതിരോധ സേനയുടെ ഷെൽ’. പ്രതിരോധ സേനാ വിഭാഗങ്ങളുടെ കൈവശമുണ്ടായിരുന്ന ഷെല്ലാണ്‌ കിട്ടിയതെന്ന്‌ കോസ്റ്റ്‌ഗാർഡ്‌ സ്ഥിരീകരിച്ചു. കൂടുതൽ പരിശോധനയ്ക്കായി ഏഴിമലയിൽനിന്നുള്ള നാവിക സേനാംഗങ്ങൾ ശനിയാഴ്ച ജില്ലയിലെത്തും. വ്യാഴാഴ്ച പുതിയാപ്പ ഹാർബറിൽനിന്ന്‌ മത്സ്യബന്ധനത്തിനുപോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികളുടെ വലയിലാണ്‌ ഷെൽ കുടുങ്ങിയത്‌. ആദ്യഘട്ടത്തിൽ എന്താണെന്ന്‌ തിരിച്ചറിയാത്തതിനാൽ തൊഴിലാളികൾ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിലേക്ക് മാറ്റി. വെള്ളിയാഴ്ച സംശയത്തെ തുടർന്ന്‌ പൊലീസിനെ വിവരമറിയിച്ചത്‌. വെള്ളയിൽ പൊലീസും ബോംബ്‌ സ്ക്വാഡും പരിശോധന നടത്തി. ഷെൽ കിട്ടിയത്‌ കരയിൽനിന്ന്‌ 30 നോട്ടിക്കൽ മൈൽ അകലെയായതിനാൽ കേസ്‌ കോസ്റ്റൽ പൊലീസിന്‌ കൈമാറി. കോസ്റ്റൽ ഗാർഡ് നടത്തിയ പരിശോധനയിൽ സജീവാവസ്ഥയിലുള്ള ഷെല്ലാണെന്നും പ്രതിരോധ വിഭാഗങ്ങൾ ഉപയോഗിക്കുന്ന വിധത്തിലുള്ളതാണെന്നും ബോധ്യമായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നാവികസേനാംഗങ്ങൾക്കേ സാധിക്കൂ. ഷെൽ മാലൂർകുന്നിലുള്ള എആർ ക്യാമ്പിലേക്ക്‌ മാറ്റി. നാവിക സേനാംഗങ്ങളുടെ പരിശോധനാ സമയത്ത്‌ കടലിൽ വീണതാകാനാണ്‌ സാധ്യതയെന്നാണ്‌ പ്രാഥമിക നിഗമനം. പരിശീലനത്തിന്റെ ഭാഗമായി ഷെല്ലുകൾ വർഷിക്കാറുണ്ട്‌. ഇ‍ൗ സമയം പൂർണമായി പൊട്ടാതെ പല ഷെല്ലുകളും കടലിൽ പതിക്കും. ഇത്തരത്തിൽ ഒന്നാകാം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയതെന്ന്‌ സംശയിക്കുന്നതായി കോസ്റ്റൽ പൊലീസ്‌ പറഞ്ഞു. സ്ഫോടകവസ്തുക്കൾ ഷെല്ലിനുള്ളിൽ അവശേഷിക്കുന്നതിനാലാണ്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റിയത്‌. സംഭവത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home