കാലത്തിനൊപ്പം മാറ്റത്തിനൊപ്പം ചരിത്രത്തെ കണ്ട ധിഷണാശാലി


എൻ എ ബക്കർ
Published on Mar 09, 2026, 03:13 PM | 2 min read
കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഇന്ത്യയിലെ ചരിത്ര പഠനത്തില്‍ മുന്നണിയിലുണ്ട് ഡോ കെ എൻ പണിക്കര്‍. ആധുനിക ഇന്ത്യ ചരിത്ര പഠനത്തിന് അമൂല്യമായ സംഭാവന ചെയ്ത ചരിത്രകാരൻ. അദ്ദേഹമാണ് ബൗദ്ധിക ചരിത്രം അഥവാ ആശയങ്ങളുടെ ചരിത്രമെന്ന പുതിയ പഠനശാഖയ്ക്ക് വഴിതുറക്കുന്നത്.
ഡല്‍ഹിയില്‍ എത്തിയതോടെയാണ് തന്റെ ആദ്യകാല ഗവേഷണങ്ങളില്‍ വഴിമാറ്റം സംഭവിക്കുന്നത് എന്ന് കെ എൻ പറയുന്നുണ്ട്. കൊളോണിയല്‍ ആധിപത്യത്തെക്കുറിച്ചാണ് അതുവരെ പഠിച്ചുകൊണ്ടിരുന്നത്. അതില്‍നിന്ന് സാമൂഹിക ചരിത്ര ഗവേഷണത്തിലേക്ക് താത്പര്യം മാറി. ഇന്ത്യന്‍ ചരിത്ര രചനയിലെ തന്നെ മാറ്റത്തിന്റെ കാലമായിരുന്നു . ആ കാലത്തിനൊപ്പം മാറ്റങ്ങൾക്ക് ഒപ്പം നിന്നാണ് ചരിത്രകാരന്റെ ധിഷണാ ജീവിതവും മാറുന്നത്.
"ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ഒരു ഗവേഷണ പ്രോജക്ടിൽ കേരളത്തിന്റെ സാമൂഹിക പരിണാമത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. ആ ഘട്ടത്തിലാണ് മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. അവിടെ വെച്ചാണ് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ധൈഷണിക ചരിത്രം അന്വേഷിച്ച് ഇറങ്ങുന്നത്. അതിന് സൈദ്ധാന്തികമായ അടിത്തറ നല്‍കാൻ ഗ്രാംഷിയെ വായിച്ചു. അങ്ങിനെയാണ് ചരിത്രകാരന്‍ എന്ന നിലയിലുള്ള പുതിയ വഴി തുടങ്ങുന്നത്" എന്നും ഡോ.കെ എൻ പണിക്കര്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള പഠനം മുന്നേറുന്ന കാലമായിരുന്നു. ചെറുപ്പക്കാരായ ചരിത്രകാരന്മാരെ ഇത് ആകര്‍ഷിച്ചു. എനിക്കും അതില്‍ താത്പര്യം ഉണ്ടായി. ഇതിനിടെ ചരിത്രരചനാ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ഒരാള്‍ ഡി ഡി കോസംബിയാണ്. അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തോടാണ് എനിക്ക് ആഭിമുഖ്യം....
ഡി ഡി കൊസംബി
ആശയചരിത്രത്തെ എങ്ങനെ സമീപിക്കാമെന്ന് തിരിച്ചറിയുന്നത് ബിപിന്‍ചന്ദ്രയിലൂടെയാണ്. ആശയചരിത്രത്തെക്കുറിച്ച് അക്കാലത്ത് ബിപിൻചന്ദ്ര പ്രബലായ ചോദ്യങ്ങള്‍ ഉയര്‍ത്തി. അവ പല വിധത്തിലും യുവ ചരിത്രകാരരെ സ്വാധീനിച്ചു. ആശയ ചരിത്രം ആശയങ്ങളുടെ പട്ടികയല്ലെന്ന് മനസ്സിലാക്കാന്‍ അദേഹത്തിന്റെ കൃതികള്‍ സഹായിച്ചു എന്നാണ് ഈ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടെ കെ എൻ ഓര്‍ത്തെടുക്കുന്നത്.
ചരിത്രഗവേഷണത്തിന്റെ മാതൃകയായി ഇര്‍ഫാന്‍ ഹബീബിനെ വിലയിരുത്തുന്നുണ്ട്. "വളരെ കൃത്യതയുള്ള ചരിത്രകാരനാണ് അദ്ദേഹം. ഏത് വിഷയം കൈകാര്യംചെയ്യുമ്പോഴും അതിന്റെ സമഗ്രതയില്‍ കാണാന്‍ ശ്രമിക്കും. ഇര്‍ഫാന്‍ ചരിത്രത്തെ ആഖ്യാനം ചെയ്യാറില്ല, സാമൂഹികപരിവര്‍ത്തനത്തിന്റെ കാരണം അന്വേഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇര്‍ഫാനെ ചരിത്രരചനയുടെ ആദര്‍ശപുരുഷനായി കാണാം”.എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പിന്നീട് ഡോ.കെ എൻ പണിക്കരുടെയും വിശേഷണമായി. ചരിത്രത്തിൽ മുൻഗാമികളായ ചരിത്ര പുരുഷൻമാര്‍ തീര്‍ത്ത പഠന മാതൃകകൾ എല്ലാം കരുത്തോടെ വീര്യത്തോടെ സ്വന്തം പഠനത്തിലും മുന്നോട്ട് കൊണ്ടു പോയി.

ഞാന്‍ കണ്ട ഏറ്റവും ബ്രില്യന്റായ ചരിത്രകാരിയാണ് റോമിലാ ഥാപ്പര്‍ എന്ന് കൂട്ടി ചേര്‍ക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് പിന്നിലുള്ള ആശയസംഹിതകളുടെ അര്‍ഥം അന്വേഷിക്കുകയാണ് അവര്‍ നിരന്തരം ചെയ്യുന്നത്. ചരിത്രം, എന്ത് സംഭവിച്ചു എന്നല്ല എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ് നടത്തുന്നത്. സൈദ്ധാന്തികമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, പക്ഷേ,സൈദ്ധാന്തികതയ്ക്ക് അവര്‍ അടിമപ്പെടാറില്ല എല്ലാ ഇസങ്ങളും അന്യോന്യം ചേരുന്ന ഹ്യൂമനിസ്റ്റാണ് അവര്‍ എന്നും അഭിപ്രായപ്പെടുകയുണ്ടായി.
ഇര്‍ഫാൻ ഹബീബ് റൊമില ഥാപ്പര്‍
ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ചരിത്രരചനയ്ക്ക് പുതിയ അര്‍ഥവും ഊര്‍ജവും നല്‍കിയ ഈ ചരിത്രകാരരിൽ നിന്ന് ഊര്‍ജവും പാഠവും ഉൾക്കൊണ്ടതായിരുന്നു ഡോ കെ എൻ പണിക്കരുടെ ചരിത്രാന്വേഷണവും രചനയും.
അനവധിയായ ശിഷ്യ പരമ്പരയ്ക്കും വായനക്കാര്‍ക്കും പഠിതാക്കൾക്കും ഇത് പുതു വെളിച്ചം പകര്‍ന്നു. അതുവരെ കാണാത്ത ചരിത്രത്തിലെ ആഴങ്ങൾ തുറന്നു നൽകി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ചരിത്രരചനയില്‍ ഉണ്ടായ മുന്നേറ്റം ഒരു വലിയ ധൈഷണിക കൂട്ടായ്മയുടെ ഫലമായിരുന്നു.

ചിലര്‍ ചരിത്രവസ്തുതകളെയും അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആശയങ്ങളുടെയും പഠനമാണ് നടത്തിയിരുന്നത്, മറ്റുചിലര്‍ എന്തുകൊണ്ടാണ് ചരിത്രം എന്നതിന്റെ അര്‍ഥം അന്വേഷിച്ചു. എന്നാണ് ആ കാലഘത്തെ കെ എൻ ഓര്‍ത്തെടുക്കുന്നത്. ഈ രണ്ട് ധാരകളും കൂടിച്ചേര്‍ന്നതാണ് കെ എൻ പണിക്കര്‍ എന്ന ചരിത്ര മനുഷ്യൻ. അവിടെ നിന്നാണ് ചരിത്ര ഗവേഷണത്തെയും പുരോഗമന നിലപാടുകളിലുടെ ചിരിത്രത്തെ തന്നെയും അദ്ദേഹം മുന്നോട്ട് നയിച്ചത്.









0 comments