പാരീസ് കരാറിന് പത്ത് വർഷം: ബെലേം ഉച്ചകോടി 1.5°C ലക്ഷ്യം ചർച്ച ചെയ്യാതെ പിരിഞ്ഞു

മനുഷ്യരാശിയെ അപകടകരമായ കാലാവസ്ഥാ മാറ്റത്തിൽ നിന്ന് രക്ഷിക്കാനുള്ള ചരിത്രപരമായ പ്രതിജ്ഞ – പാരീസ് ഉടമ്പടി- എടുത്തിട്ട് പത്ത് വർഷം തികയുമ്പോൾ കരാർ നിർദ്ദേശിച്ച പ്രധാന ലക്ഷ്യങ്ങൾ അനിശ്ചിതത്വത്തിൽ. ആഗോള താപനം 2°C-ന് താഴെയും ഏറ്റവും അനുഗുണമായ നിലയിൽ 1.5°C-ന് ചുവടെയും നിലനിർത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. രാജ്യങ്ങൾ സ്വമേധയാ കാർബൺ ഉത്സർജനം കുറയ്ക്കുന്ന പദ്ധതികൾ സമർപ്പിക്കുകയും, 2050ഓടെ ശൂന്യ കാർബണിലേക്കെത്തുകയും ചെയ്യുന്നത് ലോകം പാരീസ് കരാറിലൂടെ വിഭാവനം ചെയ്തു.
എന്നാൽ, ബ്രസീലിലെ ബെലേം നഗരത്തിൽ നവംബർ 10 തുടങ്ങിയ ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി (COP 30) ഇവ സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊള്ളാതെ അവസാനിച്ചു.
COP30 എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയെ തുടക്കത്തിൽ തന്നെ അംസബന്ധം എന്ന് വിശേഷിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പരിപാടിയാണ് ആഗോള താപനം എന്നാണ് ട്രംപ് ആവർത്തിച്ചത്. ഏറ്റവും അധികം കാർബൺ ഉൽസർജനത്തിന് ഇടയാക്കുന്ന മറ്റ് വികസിത രാജ്യങ്ങൾക്കും സ്വയം മുഖം മറയ്ക്കാൻ ഇത് കൂടുതൽ അവസരം നൽകി.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തെ തകർക്കുന്നുവെന്ന് മുൻ യുഎസ് കാലാവസ്ഥാ പ്രത്യേക പ്രതിനിധി ടോഡ് സ്റ്റേൺ തന്നെ തുറന്നടിച്ചിരുന്നു. "അവർ ആരെയും അയയ്ക്കാത്തത് നല്ല കാര്യമാണ്." "അവർ അങ്ങനെ ചെയ്‌താൽ അത് ക്രിയാത്മകമാകില്ല," അദ്ദേഹം പറഞ്ഞു.
Related News
ഉച്ചകോടി COP30 പ്രസിഡന്റ് ആൻഡ്രെ കൊറിയ ഡോ ലാഗോ ആസന്നമായ അപകടത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ എല്ലാ രാജ്യങ്ങളെയും സമ്മേളനത്തിലേക്ക് വരവേറ്റത്.
"ഒന്നുകിൽ നമ്മൾ ഇഷ്ടപ്രകാരം മാറാൻ തീരുമാനിക്കുക, ഒരുമിച്ച് മാറുക, അല്ലെങ്കിൽ ദുരന്തത്താൽ മാറ്റം വരുത്തപ്പെടും,"
"നമുക്ക് മാറാൻ കഴിയും. പക്ഷേ നമ്മൾ അത് ഒരുമിച്ച് ചെയ്യണം." എന്നിങ്ങനെയായിരുന്നു വാക്കുകൾ.
പക്ഷെ “ബേലേം ഉച്ചകോടി ലോകത്തെ തിരിച്ചുവിടേണ്ട നിർണായക ഘട്ടത്തിൽ പരാജയപ്പെട്ടു.” എന്നാണ് വിമർശനം ഏറ്റുവാങ്ങിയാണ് അവസാനിച്ചത്.
തീരുമാനങ്ങളില്ലാതെ പിരിഞ്ഞു
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാനുള്ള വ്യക്തമായ ആഗോള ധാരണയും, കാർബൺ കുറവിനുള്ള നിർബന്ധിത പ്രവർത്തനങ്ങളും ഈ സമ്മേളനത്തിൽ പ്രതീക്ഷിച്ചിരുന്നു. ആഗോള താപനത്തിന് ഏറ്റവും കൂടുതൽ കാരണക്കാരായ വികസിത രാജ്യങ്ങൾക്ക് മേൽ ഫണ്ടിംഗ് ബാധ്യത ഉറപ്പാക്കുന്നതിനുള്ള വ്യക്തമായ നടപടിയും പ്രതീക്ഷിച്ചു. എല്ലാം ബേലേമിൽ വെറും പ്രത്യാശ മാത്രമായി എന്നാണ് റിപ്പോർട് ചെയ്യപ്പെട്ടത്.
1.5°C ലക്ഷ്യം ഇനി യാഥാർഥ്യമാവാൻ സാധ്യതയില്ലെന്ന നിരാശ പരിസ്ഥിത ശാസ്ത്ര ലോകം പങ്കുവെച്ചു. ഇങ്ങനെ പോയാൽ താപന പ്രശ്നങ്ങളിൽ ലോകം ഉടൻ തന്നെ ‘ഓവർഷൂട്ട്’ ഘട്ടത്തിലേക്ക് കടക്കും എന്നാണ് മുന്നറിയിപ്പ്.
അടുത്ത അഞ്ച് വർഷം നിർണ്ണായകം
അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനകം താപനില 1.5°C കടന്നു പോകുമെന്ന് ഉറപ്പായിരിക്കയാണെന്നും ഇത് ഗുരുതര പ്രതിഫലനങ്ങൾ ഉണ്ടാക്കുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു. വരൾച്ച, വെള്ളപ്പൊക്കം, കാട്ടു തീ, കഠിനമായ ചൂട് എന്നിവ വർധിക്കും. അമസോൺ മഴക്കാടുകളുടെ തകർച്ച തുടങ്ങും. ഗ്രീൻലാൻഡ് , പശ്ചിമ അന്റാർട്ടിക്ക ഐസ് ഷീറ്റുകൾ ഉരുകൽ വേഗത്തിലാകും. 20 കോടി ജനങ്ങളുടെ ഉപജീവനമായ പവിഴപ്പാറകൾ നാശത്തിലാവും.

ഉയർന്ന താപനില മൂലം മഴക്കാടുകളുടെ വറ്റിപ്പോകൽ പോലുള്ള ഫീഡ്‌ബാക്ക് ലൂപ്പുകൾ കൂടുതൽ CO₂ പുറന്തള്ളുന്ന സാഹചര്യം സൃഷ്ടിക്കും, താപനില സ്വയം കൂട്ടിച്ചേർക്കുന്ന രീതിയിൽ ഉയരുകയും ചെയ്യും. ഇത് ലോകത്തെ 5°C വരെ ചൂടാകുന്ന ‘ഹോട്ട്‌ഹൗസ് എർത്ത്’ ഘട്ടത്തിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.
പാരീസ് കരാറിന് ശേഷമുള്ള പത്ത് വർഷവും രാജ്യങ്ങളുടെ സ്വമേധയാ കരുതൽ പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ചൂണ്ടികാണിക്കപ്പെട്ടിരുന്നു. പാരീസ് കരാറിൽ നിർബന്ധിത നിബന്ധനകൾ ഉണ്ടായിരുന്നില്ല. എല്ലാവരെയും പങ്കെടുപ്പിക്കൽ പാരീസ് കരാറിനറെ സൌന്ദര്യമായിരുന്നു എന്ന് വിശേഷിപ്പിച്ചവർ തന്നെ അത് ദൗർബല്യമായി തിരിച്ചടിച്ചതായി വിലയിരുത്തുന്നു.









0 comments