ad
Deshabhimani

"ഭീകരതയുടെ പ്രഭവസ്ഥാനം അമേരിക്ക; മോദിയ്ക്ക് വർ​ഗീയതയുടെ കാഴ്ചപ്പാട്"; സധൈര്യം തുറന്നുപറഞ്ഞ ചരിത്ര പണ്ഡിതൻ

K N PANIKKAR
വെബ് ഡെസ്ക്

Published on Mar 09, 2026, 06:48 PM | 2 min read

തിരുവനന്തപുരം: മതനിരപേക്ഷ ചരിത്രബോധത്തിൽ വെള്ളം ചേർക്കാത്ത കരുത്തനായ ചരിത്ര പണ്ഡിതനായിരുന്നു വിടപറഞ്ഞ ഡോ. കെ എൻ പണിക്കർ. വ്യാജ ചരിത്രനിർമിതിക്കെതിരെ അദ്ദേഹം ഇന്ത്യയിലെമ്പാടും ചരിത്ര ശിൽപശാലകൾ നടത്തി. വർ​ഗീയ ഫാസിസ്റ്റ് ചിന്തയ്ക്കെതിരെ ഇത്രയേറെ സാംസ്കാരിക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഇന്ത്യയിലെമ്പാടും ഓടിനടന്ന ഒരു ചരിത്ര പണ്ഡിതനും ഇന്ത്യയിലുണ്ടാവില്ല.


വസ്തുനിഷ്ഠ ചരിത്രത്തെ സമരായുധമാക്കിയാണ് വർ​ഗീയതയ്ക്ക് എതിരെ അദ്ദേഹം പോരാടിയിരുന്നത്. വികസന നായകനെന്ന പേരിൽ നരേന്ദ്രമോദിയെ ബിജെപി ഉയർത്തിക്കാണിച്ചപ്പോൾ, മോദിയുടേത് വികസനത്തിന്റേതല്ല, വർ​ഗീയതയുടെ കാഴ്ചപ്പാടാണെന്ന് സധൈര്യം കെ എൻ പണിക്കർ വിളിച്ചുപറഞ്ഞു. ബിജെപി പ്രചരിപ്പിക്കുന്ന ​​ഗുജറാത്ത് മോഡൽ വികസനത്തിന്റെ കാപട്യം അദ്ദേഹം തുറന്നുകാണിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ ജര്‍മനിയെ വ്യവസായവല്‍ക്കരിച്ചു, ആധുനികവല്‍ക്കരിച്ചു എന്നൊക്കെ പറയുന്നതുപോലുള്ള അര്‍ഥശൂന്യമായ കാഴ്ചപ്പാടാണത് എന്നായിരുന്നു 2011ൽ കെ എൻ പണിക്കർ ദേശാഭിമാനി ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.


"വികസനം എന്നതിന്റെ സങ്കല്‍പം എന്താണ്. മോദിയുടെ വികസനത്തെ പ്രശംസിക്കുന്നവരൊക്കെ ഗുജറാത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെയാണ് പരിഗണിക്കുന്നത്. നല്ല റോഡുകള്‍ ഉണ്ടായതുകൊണ്ടോ നാനോ ഫാക്ടറിയുണ്ടായതുകൊണ്ടോ പൊതുഅഭിവൃദ്ധി ഉണ്ടായിക്കൊള്ളണമെന്നില്ല. അധഃകൃത വിഭാഗത്തിന്, പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്നതാണ് കാതലായ പ്രശ്നം. അവിടെ മുസ്ലിങ്ങള്‍ക്ക് പല പരാതികളും നിലവിലുണ്ട്. ഇപ്പോഴും, 2002ലെ നരവേട്ടയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത മുസ്ലിങ്ങളുണ്ട്. മോഡിയുടെ കാഴ്ചപ്പാട് വര്‍ഗീയമാണ്. ഒരു വര്‍ഗീയകാഴ്ചപ്പാടിനെ വാഴ്ത്തുന്നത് ആപല്‍ക്കരമാണ്. ഹിറ്റ്ലര്‍ ജര്‍മനിയെ വ്യവസായവല്‍ക്കരിച്ചു, ആധുനികവല്‍ക്കരിച്ചു എന്നൊക്കെ പറയുന്നതുപോലുള്ള അര്‍ഥശൂന്യമായ കാഴ്ചപ്പാടാണത്"- കെ എൻ പണിക്കർ അഭിമുഖത്തിൽ പറഞ്ഞു.


ഭീകരവിരുദ്ധപോരാട്ടം എന്ന പേരില്‍ അമേരിക്ക കടന്നാക്രമണങ്ങളെ, ചരിത്രത്തെ മുൻനിർത്തി നിശിതമായി അദ്ദേഹം വിമർശിച്ചിട്ടുണ്ട്. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഭീകരതയുടെ പ്രഭവസ്ഥാനം അമേരിക്കയാണ് എന്നു മാത്രമല്ല, ഒരു വലിയ തോതില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ രാഷ്ട്രം കൂടിയാണ് അമേരിക്കയെന്നും കെ എൻ പണിക്കർ അഭിമുഖത്തിൽ പറഞ്ഞു. ഒരു വശത്ത് ഭീകരരെ സൃഷ്ടിക്കുക, മറുവശത്ത് അവര്‍തന്നെ സൃഷ്ടിച്ച ഭീകരരെ സംഹരിക്കുക എന്നതാണ് അമേരിക്കയുടെ രീതി. ഭീകരത എന്താണ് എന്നത് വ്യക്തമായി നിര്‍വചിക്കേണ്ടിയിരിക്കുന്നു. ബോംബ് എറിയുന്നത് മാത്രം ഭീകരതയായി നിര്‍വചിക്കാനാകുമോ? ഇറാഖിലെ സ്വതന്ത്രഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ അവാസ്തവമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കൊല ചെയ്തത് ഭീകരതയല്ലേ? ഇന്ന് ഒരു സ്വതന്ത്രനയം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഇറാനെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് തീവ്രവാദമല്ലേ? ഇതിനൊക്കെ കുറെക്കൊല്ലങ്ങള്‍ക്കുമുമ്പ് വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ ആക്രമണം തീവ്രവാദമല്ലേ? ഇന്ത്യയില്‍ തന്നെ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന മുസ്ലിംകൂട്ടക്കൊല തീവ്രവാദമല്ലേ? ലോകത്തിലെ പല ഭാഗങ്ങളിലും നടന്ന ഹത്യകള്‍ക്ക് പിന്നില്‍ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയ്ക്ക് പങ്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭീകരശക്തിയെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് അമേരിക്കയാണെന്നും അദ്ദേഹം പറയുന്നു.


അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ക്ലിക്ക് ചെയ്യുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home