അറിവ്, അധികാരം പ്രതിരോധം

ഡോ. കെ എന്‍ പണിക്കര്‍
ചരിത്രകാരനും വിദ്യാഭ്യാസവിചക്ഷണനും സാമൂഹിക - സാംസ്കാരിക ചിന്തകനുമൊക്കെയായിരുന്ന ഡോ. കെ എന്‍ പണിക്കര്‍ക്ക് പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു യാത്രകള്‍. ഇന്ത്യക്കുള്ളിലും വിദേശത്തും അദ്ദേഹം സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഇവ കേവലം വിനോദയാത്രകളല്ല; ഗൗരവപൂര്‍ണവും തീക്ഷ്ണവുമായ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം അദ്ദേഹം സംഭരിച്ചിരുന്നത് യാത്രകളില്‍നിന്നായിരുന്നു.
ഇത്തരം രണ്ട് യാത്രകളുടെ ഇടവേളയിൽ 2011ൽ കെ എൻ പണിക്കറുമായി ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ–ഓർഡിനേറ്റിങ് എഡിറ്റർ സാജൻ എവുജിൻ നടത്തിയ അഭിമുഖം പുന:പ്രസിദ്ധീകരിക്കുകയാണ് ചുവടെ. 'ഇന്ത്യന്‍ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികള്‍' എന്നതായിരുന്നു വിഷയം. ചരിത്രഗവേഷണം പകര്‍ന്ന ബോധത്തിനു പുറമെ, ന്യൂഡല്‍ഹിയിലെ ദീര്‍ഘമായ ജീവിതവും ആഴവും പരപ്പുമുള്ള വായനയും സാമൂഹികബോധത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവവും ചേര്‍ന്ന് പരുവപ്പെടുത്തിയ ഉള്‍ക്കാഴ്ചയോടെയാണ് അദ്ദേഹം ആധികാരികമായി സംസാരിക്കുന്നത്. നവഉദാരവല്‍ക്കരണ നയങ്ങളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച കെടുതികളെ ഇടതുപക്ഷം നേരിടേണ്ടത് എങ്ങിനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
അഭിമുഖം പൂർണരൂപം ചുവടെ.
സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയ്ക്കുശേഷം ആഗോളതലത്തില്‍ നവഉദാരനയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. സാമ്രാജ്യത്വആഗോളവല്‍ക്കരണം അതിശക്തമായി ഫിനാന്‍സ് മൂലധനത്തെ കെട്ടഴിച്ചുവിട്ടിരിക്കുന്നു. ഈ അവസ്ഥയെ ചരിത്രപരമായി എങ്ങനെ വിലയിരുത്താം?
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ആഗോളതലത്തിലുണ്ടായ രാഷ്ട്രീയപരിതസ്ഥിതിയില്‍ മുതലാളിത്തത്തിന് ലോകത്തെയാകെ കീഴടക്കാന്‍ സഹായകമായ സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞത്. ഈ സന്ദര്‍ഭത്തില്‍ ആഗോള മൂലധനത്തിന്റെ താല്‍പര്യത്തിന് ഉതകുന്ന നയരൂപീകരണമാണ് ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും സംഭവിച്ചത്. ഇന്ത്യയിലെ ഉദാരവല്‍ക്കരണനയവും ഈ പ്രക്രിയയുടെ ഭാഗം തന്നെയാണ്. ഇതിനെ ആഗോളവല്‍ക്കരണം എന്ന പേരില്‍ വിശേഷിപ്പിക്കുന്നുവെങ്കില്‍പോലും യാഥാര്‍ഥ്യത്തില്‍ ഇത് ആഗോളവല്‍ക്കരണമല്ല; അതായത്, എല്ലാ രാഷ്ട്രങ്ങള്‍ക്കും സമമായ സ്വാധീനവും സന്ദര്‍ഭവും സിദ്ധിക്കുന്ന ഒരു വ്യവസ്ഥയല്ല എന്ന അര്‍ഥത്തില്‍. മറിച്ച്, സാമ്പത്തികശേഷിയുള്ള ആഗോളകൂട്ടായ്മകള്‍ക്ക് കൂടുതല്‍ ചൂഷണസാധ്യതകള്‍ സൃഷ്ടിക്കുന്ന ഒരു പരിതസ്ഥിതി നിര്‍മിക്കപ്പെടുകയാണ് ഉണ്ടായത്. തല്‍ഫലമായി അവികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും ആധുനികതയുടെയും വികസനത്തിന്റെയും പരിവേഷം സൃഷ്ടിക്കപ്പെട്ടുവെങ്കില്‍പോലും ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതസാഹചര്യം യാഥാര്‍ഥ്യമായും ആപേക്ഷികമായും കൂടുതല്‍ അസംതൃപ്തമാവുകയാണ്. ഈ രാഷ്ട്രങ്ങളിലെ ജനത ഒരു പുതിയ സാമ്രാജ്യത്വത്തിന് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ചരിത്രപ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, അതില്‍ പങ്കുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണകൂടം ഈ പ്രക്രിയയെ കൂടുതല്‍ മുന്നോട്ടുനയിക്കുന്ന ഉപകരണമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും ദൗര്‍ഭാഗ്യകരമായ വശം
നവഉദാര ആഗോളവല്‍ക്കരണത്തിന്റെ ഈ കടന്നാക്രമണം സാമ്പത്തികതലത്തില്‍ മാത്രം ഒതുങ്ങുന്നതാണോ? ഇതിന്റെ സാംസ്കാരികമാനങ്ങളെ ലഘുവായി തള്ളാന്‍ സാധിക്കുമോ?
ഈ പ്രക്രിയ ഒരു സമഗ്രമായ അധിനിവേശസ്വഭാവം ഉള്ളതാണ്. അധിനിവേശം ഒരിക്കലും ഏകമാനമുള്ള ഒരു പ്രതിഭാസമല്ല. അധിനിവേശത്തിന്റെ മുന്നോടിയായി അല്ലെങ്കില്‍ അതിന്റെ ന്യായീകരണമായ പ്രവര്‍ത്തനരീതിയുടെ സ്വഭാവങ്ങളിലൊന്നായി മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളിലും സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നു; മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്യുന്നു. അധിനിവേശതാല്‍പര്യങ്ങള്‍ ന്യായീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ധൈഷണികസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. അതേപോലെ തന്നെ അധിനിവേശ മേല്‍ക്കോയ്മ സൃഷ്ടിക്കാന്‍ സാംസ്കാരികസ്വാധീനം ചെലുത്തുന്നതായും കാണാന്‍ കഴിയും. അത്തരം മേല്‍ക്കോയ്മയ്ക്ക് ജനങ്ങള്‍ അടിമപ്പെടുമ്പോള്‍ അധിനിവേശസ്വാധീനം സൃഷ്ടിക്കാനാവശ്യമായ സാഹചര്യം രൂപീകരിക്കപ്പെടുന്നു. ഇന്ന് ലോകമെമ്പാടും മൂലധനത്തിന്റെ പ്രാവര്‍ത്തികരൂപമായ ആഗോളവല്‍ക്കരണം അത്തരം സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വികസിത- പാശ്ചാത്യരാജ്യങ്ങളുടെ ധൈഷണിക മേല്‍ക്കോയ്മയെ സ്വീകരിക്കുന്നത് ഒരു ഉദാഹരണമാണ്. വിദേശവിദ്യാഭ്യാസത്തെ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയിലെ ഭരണാധികാരികളും മധ്യവര്‍ഗവും കാണിക്കുന്ന അമിതമായ ആവേശം ഇതിന്റെ പ്രകടമായ രൂപമാണ്. നമ്മുടെ കമ്പോളങ്ങളില്‍ വന്ന മാറ്റമാണ് സാംസ്കാരികജീവിതത്തെ സ്വാധീനിക്കുന്ന മറ്റൊരു വശം. ധൈഷണിക -സാംസ്കാരിക മണ്ഡലങ്ങള്‍ മുതലാളിത്തത്തെ പ്രശ്നവല്‍ക്കരിക്കുന്നതിനു പകരം ന്യായീകരിക്കാന്‍ സഹായകമായ ആശയോദ്പാദനം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. നമ്മുടെ പത്രമാധ്യമങ്ങളും കലാ- സാഹിത്യമണ്ഡലവും വിദ്യാഭ്യാസനയവുമെല്ലാം ഇതിനു ഉതകുന്ന രീതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥാവിശേഷമാണ് ഇന്നുള്ളത്. ഇതിനെ പ്രതിരോധിക്കാനും വിമര്‍ശനാത്മകമായി സമീപിക്കാനും കഴിവും സന്നദ്ധതയുമുള്ള ബുദ്ധിജീവിസമൂഹം നിലവിലില്ല എന്നത് ഈ പ്രക്രിയയെ കൂടുതല്‍ സുഗമമാക്കുന്നു. അല്ലെങ്കില്‍ അത്തരമൊരു സമൂഹത്തെ അധിനിവേശം നിരായുധരാക്കുന്നു.
നിത്യജീവിതത്തിന്റെ 24 മണിക്കൂറിലും മാധ്യമങ്ങള്‍ ഇടപെടുന്ന സ്ഥിതി ആശാസ്യമാണോ? ടെലിവിഷന്‍ ചാനലുകള്‍ക്ക് പുറമെ ഇന്റര്‍നെറ്റും ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇവയുടെ നിയന്ത്രണം കയ്യാളുന്നത് മൂലധനശക്തികളാണെന്നിരിക്കെ ഈ അവസ്ഥ എത്രമാത്രം അപകടകരമാണ്?
സാംസ്കാരികമണ്ഡലത്തെ അടക്കിഭരിക്കുന്ന മുതലാളിത്തശക്തികള്‍ സംസ്കാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ മാത്രമല്ല പൊതുവായ ജീവിതചര്യയെയാണ്. ഇന്ന് വിവരവിനിമയം മുതലാളിത്തശക്തികളുടെ സമ്പൂര്‍ണ്ണമായ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് എന്ത്, എങ്ങനെ ജനങ്ങളിലെത്തുന്നു എന്നതിനെ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നത് അവരാണ്. ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്ന 'അറിവ്' ആണ് ഇന്ന് ഭൂരിപക്ഷം വിദ്യാസമ്പന്നരും ഉപയോഗിക്കുന്നത്. ആ 'അറിവിന്റെ' ഉറവിടം മൂലധനതാല്‍പര്യങ്ങളും ആ താല്‍പര്യങ്ങളെ ന്യായീകരിക്കുന്ന ആശയങ്ങളുടെ വിന്യാസവുമാണ്. അവയില്‍നിന്ന് കടംകൊള്ളുന്ന പല ആശയങ്ങളേയും സാംശീകരിക്കുക മാത്രമാണ് പല ബുദ്ധിജീവികളും സാഹിത്യചിന്തകന്മാരും ചെയ്യുന്നത്. മലയാളത്തിലെ വിമര്‍ശനസാഹിത്യം ഇതിന് നല്ല ഉദാഹരണമാണ്. നിരൂപണത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന പല രചനകളും പാശ്ചാത്യ, ഉത്തരാധുനിക സിദ്ധാന്തങ്ങളുടെ അപക്വമായ പ്രതിഫലനമാണെന്ന് തിരിച്ചറിയാന്‍ വലിയ വിഷമമില്ല. ഈ അനുകരണവൈദഗ്ധ്യം സ്വാഭാവികമായും അടിസ്ഥാനപരമായ പഠനങ്ങള്‍ക്ക് സഹായകമാവുകയില്ല. മലയാളസാഹിത്യത്തിലെ ആശയദാരിദ്ര്യത്തെ ആഗോളവല്‍ക്കരണം കൂടുതല്‍ രൂക്ഷമാക്കുന്നു.
ഭീകരവിരുദ്ധപോരാട്ടം എന്ന പേരില്‍ അമേരിക്ക ഇപ്പോള്‍ നടത്തുന്ന കടന്നാക്രമണങ്ങളെ ഇടതുപക്ഷവീക്ഷണത്തില്‍ എങ്ങനെ വിലയിരുത്താം? 2001 സെപ്തംബര്‍ 11 അമേരിക്കയുടെ ചരിത്രത്തില്‍ ചെലുത്തുന്ന സ്വാധീനം എന്താണ്? ഇത് ലോകത്തെ എങ്ങനെ ബാധിക്കുന്നു?
ലോകത്തിലെ വിവിധ ശക്തികളെ പിന്താങ്ങുകയോ എതിര്‍ക്കുകയോ അമേരിക്ക ചെയ്തിട്ടുള്ളത് വളരെ വ്യക്തമായ രീതിയില്‍ അമേരിക്കന്‍ രാഷ്ട്രീയ- സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും വേണ്ടിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലെ സ്വേച്ഛാധിപതികള്‍ക്ക് കൂട്ടുനിന്നത് ഉദാഹരണം. പക്ഷേ, ഈ സ്വേച്ഛാധിപതികളെ തന്നെ അവര്‍ അമേരിക്കയ്ക്ക് എതിരായി തിരിയുമ്പോള്‍ തള്ളിപ്പറയാനും അവര്‍ക്കെതിരെ നടപടി എടുക്കാനും അമേരിക്ക മടിച്ചിട്ടില്ല. അതായത്, അമേരിക്കന്‍നയം സാമ്രാജ്യത്വഉപകരണങ്ങളെ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്.
ഭീകരവാദത്തിനും ഭീകരതയ്ക്കും അമേരിക്കയുടെ ഈ സാമ്രാജ്യത്വനയവുമായി വളരെ അടുത്ത ബന്ധമുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഭീകരാശയങ്ങള്‍ക്ക് സ്വാധീനം ലഭിക്കുന്നത് സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞുകയറ്റത്തിനെതിരായ അവബോധത്തില്‍നിന്നാണ്. അതേസമയം, അമേരിക്ക ബിന്‍ ലാദനെപ്പോലുള്ള ഭീകരരെ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. അമേരിക്കയുടെ ഒരു കരുവായാണല്ലോ ബിന്‍ ലാദന്‍ രംഗപ്രവേശം ചെയ്യുന്നത്? പക്ഷേ, അത്തരം ഭീകരത അമേരിക്കന്‍ സമൂഹത്തിന് തന്നെ വെല്ലുവിളിയായി മാറിയപ്പോഴാണ് അതിനെ അടക്കം ചെയ്യേണ്ട ആവശ്യം ഉന്നയിക്കുന്നത്. തല്‍ഫലമായി ഭീകരതയ്ക്ക് എതിരായ നടപടികള്‍ ആഗോളതലത്തില്‍ സ്വീകരിക്കപ്പെടേണ്ടതായ ആശയങ്ങളായി മുന്നോട്ടുവയ്ക്കപ്പെട്ടു.
ലോകവ്യാപാരകേന്ദ്രം കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ആ ആക്രമണം ജനാധിപത്യത്തിന് എതിരായ പ്രവര്‍ത്തനമായാണ് അമേരിക്ക വിശദീകരിച്ചത്. അതുകൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമായി ഭീകരതയ്ക്കെതിരായ പരിശ്രമങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടു. ബിന്‍ ലാദന് എതിരായി സന്ധിയില്ലാത്ത ഒരു സമരം അഴിച്ചുവിടുകയും ആ സമരത്തില്‍ പങ്കെടുക്കേണ്ടത് ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടെയും കടമയാണെന്ന് അനുശാസിക്കുകയും ചെയ്തു. ഭീകരതയ്ക്കെതിരായ നടപടി എടുക്കാന്‍ , ലോകത്തെ ഏതു രാജ്യത്തെയും ആക്രമിക്കാന്‍ അവകാശവും അധികാരവും തങ്ങള്‍ക്കുണ്ടെന്നുകൂടി അമേരിക്ക പ്രഖ്യാപിക്കുന്നു. അമേരിക്കന്‍നയത്തിന്റെ പ്രകടമായ ഒരു വിരോധാഭാസവും ഇതാണ്. ഒരു വശത്ത് ഭീകരരെ സൃഷ്ടിക്കുക, മറുവശത്ത് അവര്‍തന്നെ സൃഷ്ടിച്ച ഭീകരരെ സംഹരിക്കുക. ഈ സ്ഥിതിവിശേഷം എങ്ങനെയാണ് നേരിടുകയെന്നത് വളരെ ഗൗരവമുള്ള ഒരു പ്രശ്നമാണ്. ഭീകരത അസ്വീകാര്യമാണ്. പക്ഷേ, ഭീകരത എന്താണ് എന്നത് വ്യക്തമായി നിര്‍വചിക്കേണ്ടിയിരിക്കുന്നു. ബോംബ് എറിയുന്നത് മാത്രം ഭീകരതയായി നിര്‍വചിക്കാനാകുമോ? ഇറാഖിലെ സ്വതന്ത്രഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ അവാസ്തവമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് കൊല ചെയ്തത് ഭീകരതയല്ലേ? ഇന്ന് ഒരു സ്വതന്ത്രനയം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഇറാനെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് തീവ്രവാദമല്ലേ? ഇതിനൊക്കെ കുറെക്കൊല്ലങ്ങള്‍ക്കുമുമ്പ് വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ ആക്രമണം തീവ്രവാദമല്ലേ? ഇന്ത്യയില്‍ തന്നെ നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ നടന്ന മുസ്ലിംകൂട്ടക്കൊല തീവ്രവാദമല്ലേ? ലോകത്തിലെ പല ഭാഗങ്ങളിലും നടന്ന ഹത്യകള്‍ക്ക് പിന്നില്‍ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയ്ക്ക് പങ്കുണ്ട് എന്നത് ഇന്നൊരു തര്‍ക്കവിഷയമല്ല.
അതുകൊണ്ട് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഭീകരതയുടെ പ്രഭവസ്ഥാനം അമേരിക്കയാണ് എന്നു മാത്രമല്ല, ഒരു വലിയ തോതില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ രാഷ്ട്രം കൂടിയാണ് അമേരിക്ക. അതായത്, ലോകത്തിലെ ഏറ്റവും വലിയ ഭീകരശക്തിയെന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാമെങ്കില്‍ അത് അമേരിക്കയാണ്. അമേരിക്ക ഇന്ന് ഏറ്റെടുത്തിട്ടുള്ള ഭീകരവിരുദ്ധപ്രവര്‍ത്തനത്തെ ഈ ചരിത്രാനുഭവത്തിന്റെ വെളിച്ചത്തില്‍ വേണം വിലയിരുത്തേണ്ടത്.
വിക്കിലീക്സും അതിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയും അമേരിക്കയുടെ മുഖംമൂടി തുറന്നുകാട്ടി. സാങ്കേതികവിദ്യയുടെ സഹായത്തോടെ മാധ്യമപ്രവര്‍ത്തനരംഗത്തെ അതിരില്ലാത്ത സാധ്യതകളാണ് വിക്കിലീക്സ് ഉപയോഗപ്പെടുത്തുന്നത്. ഭരണകൂടങ്ങളെ തുറന്നുകാട്ടുക എന്ന വിക്കിലീക്സ് നയത്തെ എങ്ങനെ കാണുന്നു?
സാധാരണജനങ്ങള്‍ക്ക് പ്രാപ്യമല്ലാത്ത വിവരങ്ങള്‍ തേടിപ്പിടിച്ച് പുറത്തുകൊണ്ടുവരിക എന്നതാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരു ദൗത്യം. അതിനാവശ്യമായ ഊര്‍ജം മാധ്യമങ്ങള്‍ക്ക് ഉണ്ടാകേണ്ടത് ആവശ്യമാണ്. അന്താരാഷ്ട്രതലത്തിലുള്ള പല ഇടപാടുകളും കോണ്‍ഫിഡന്‍ഷ്യല്‍ സ്വഭാവം ഉള്ളവയാണ്. അവയെക്കുറിച്ച് പൊതുജനം അറിയുന്നത് പലപ്പോഴും വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും. ഈ സ്വകാര്യസ്വഭാവം ഭരണകൂടങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് അവരുടെ പരിമിതമായ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ്. പക്ഷേ, ഇന്ന് മാറിക്കഴിഞ്ഞ രാഷ്ട്രീയസന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക്, ജനാധിപത്യ അവകാശങ്ങള്‍ സിദ്ധിച്ചു. എല്ലാവിധ ഭരണനടപടികളെയും കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഭരണാധികാരികള്‍ മൂടിവക്കുകയാണെങ്കില്‍ അവയെ പുറത്തുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് അവരുടെ പ്രൊഫഷണല്‍കടമയായി കണക്കാക്കാവുന്നതാണ്. വിക്കിലീക്സിലൂടെ സിദ്ധിച്ച അറിവുകള്‍ അതുകൊണ്ട് ഒരു വലിയ ഭരണസംസ്കാരത്തിന് വഴിതെളിക്കേണ്ടതാണ് എന്ന് പറയാം.
ഇന്ത്യന്‍ഇടതുപക്ഷം ഇന്നൊരു ദശാസന്ധിയിലാണ്. കേന്ദ്രഭരണത്തിന്റെ ഉദാരവല്‍ക്കരണനയങ്ങള്‍ക്കും അഴിമതിക്കും എതിരായ പോരാട്ടം തുടരണം. വര്‍ഗീയവാദികള്‍ മറുവശത്ത്. അഴിമതിവിരുദ്ധസമരത്തിന്റെ രാഷ്ട്രീയനേട്ടം ബിജെപിക്ക് ലഭിച്ചേക്കാം. ഈ അവസ്ഥയെ ഏതു രീതിയില്‍ കൈകാര്യം ചെയ്യാനാകും?
അടുത്തകാലത്തുണ്ടായ അഴിമതിയും അതുമായി ബന്ധപ്പെട്ട ഭരണനടപടികളും ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളെയാണ് തുറന്നുകാണിക്കുന്നത്. അഴിമതി ഒരു പുതിയ സംഭവമല്ല. വികസ്വരരാഷ്ട്രങ്ങളുടെ ഒരു വലിയ ശാപമാണത്. പൊതുസ്വത്ത് ചെലവഴിക്കുന്നിടത്തൊക്കെ അതിന്റെ പങ്കുപറ്റുന്ന ദല്ലാളന്മാരെ കാണാം. വികസനത്തിന് നീക്കിവയ്ക്കുന്ന ധനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ അതിനായി വിനിയോഗിക്കപ്പെടുന്നുള്ളു. പൊതു ഖജനാവിനെ കൊള്ളയടിക്കുക എന്നത് ഭരണാധികാരികളുടെ സ്വഭാവമായി മാറിക്കൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണവും ഉദാരനയങ്ങളും അഴിമതിയുടെ തോതിലും വ്യാപ്തിയിലും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ധനാര്‍ജ്ജനത്തിനുള്ള പുതിയ സാധ്യതകളും അവസരങ്ങളുമുണ്ടായപ്പോള്‍ പലരുടെയും ധാര്‍മികതയുടെ മുഖംമൂടി അഴിഞ്ഞുവീണു. അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തിയ പലരും അഴിമതിയുടെ ഭാഗമായി. ഉദാഹരണം അരുണ്‍ ഷൂരി. അഴിമതിക്കെതിരായി എഴുതി പ്രശസ്തി നേടിയ വ്യക്തിയാണ് ഷൂരി. ഇപ്പോള്‍ അദ്ദേഹം തന്നെ അഴിമതിക്കാരനായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. ബിജെപി ഭരണകാലത്ത് നടന്ന പല അഴിമതികളില്‍, പ്രത്യേകിച്ച് പൊതുമേഖലസ്ഥാപനങ്ങളുടെ വില്‍പനയില്‍ ഷൂരിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു. രാഷ്ട്രീയ- സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കാണുകയാണെങ്കില്‍ അഴിമതിയുടെ തോത് വര്‍ധിച്ചതിന് രണ്ട് കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഒന്ന്, ആഗോളവല്‍ക്കരണത്തിന്റെ സന്ദര്‍ഭം. അത് പുതിയ സാമ്പത്തികബന്ധങ്ങളും സാധ്യതകളും സൃഷ്ടിച്ചു. ശതകോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന പല സാമ്പത്തിക ഇടപാടുകളുണ്ടായി. രണ്ട്, കേന്ദ്രത്തില്‍ ഈ പണം കൈകാര്യം ചെയ്യുകയും അതില്‍നിന്ന് ലാഭം കൊയ്യുകയും ചെയ്യുന്ന ഒരു ചെറിയ അതിസമ്പന്നവര്‍ഗമുണ്ട്. അവര്‍ ആരെയും വിലയ്ക്ക് വാങ്ങാന്‍ സന്നദ്ധരാണ്.
അഴിമതിആരോപണങ്ങള്‍ അധികാരമാറ്റത്തിന് വഴിതെളിയിച്ച രാഷ്ട്രീയസന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. രാജീവ്ഗാന്ധിയെ അധികാരത്തില്‍നിന്ന് തുരത്താന്‍ വി പി സിങ്ങിന് കഴിഞ്ഞത് അഴിമതിആരോപണത്തിലൂടെയാണ്. ഇന്നത്തെ കേന്ദ്രഭരണം അഴിമതിയിലും കഴിവില്ലായ്മയിലും അനിതരസാധാരണമായ പ്രാവീണ്യമാണ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ പരാജയം അഴിമതിയോട് ജനങ്ങളുടെ പ്രതികരണമാണെന്ന് വേണം കരുതാന്‍. ബിജെപിയുടെ തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് പലരും സംശയിക്കുന്നു. കാരണം, നിലവിലുള്ള ഇന്ത്യന്‍ഭരണം വളരെയധികം ആരോപണങ്ങള്‍ക്ക് വിധേയരാണ്. അവരുടെ വിശ്വാസ്യതയും നഷ്ടമായിരിക്കുന്നു. അപ്പോള്‍ ഈ വിശ്വാസ്യത നഷ്ടപ്പെട്ട ഭരണത്തെ വിമര്‍ശിക്കുമ്പോള്‍ ബിജെപി പോലുള്ള കക്ഷികള്‍ക്കാണ് അതിന്റെ ഫലം സിദ്ധിക്കാന്‍ പോകുന്നത്. അണ്ണാ ഹസാരെയും ബാബ രാംദേവുമൊക്കെ ഈ ദൗത്യമാണ് നിറവേറ്റുന്നത്. അതുകൊണ്ട് അഴിമതിക്കും ഭരണപരമായ പരാജയങ്ങള്‍ക്കും എതിരായ സമരം ഇടതുപക്ഷം അവസാനിപ്പിക്കണം എന്ന് കരുതേണ്ടതില്ല. ഇടതുപക്ഷത്തിന്റെ വിമര്‍ശനം അഴിമതി സാധ്യമാക്കുന്ന വ്യവസ്ഥിതിയെക്കുറിച്ചാകണം. എന്തുകൊണ്ടാണ് അഴിമതി? ഭരണത്തില്‍ സുതാര്യതയില്ല. അടിസ്ഥാനപരമായി ഇടതുപക്ഷത്തിന്റെ നിയോഗം ഭരണത്തില്‍ സുതാര്യതയും ഭരണരീതിയില്‍ ജനാധിപത്യവും കൊണ്ടുവരാനുള്ള സമരം നടത്തുകയെന്നതാണ്. അഴിമതിക്കാരെ എങ്ങനെ ശിക്ഷിക്കാം എന്നതല്ല മുഖ്യവിഷയം. അഴിമതി സാധ്യമല്ലാത്ത ഒരു വ്യവസ്ഥ എങ്ങനെ സൃഷ്ടിക്കാം എന്നതായിരിക്കണം ഇടതുപക്ഷത്തിന്റെ പരിപ്രേക്ഷ്യം. അഴിമതിക്കാരെ സൃഷ്ടിക്കുന്ന ആഗോളവല്‍ക്കരണത്തിനെതിരായ വിമര്‍ശനവും പ്രവര്‍ത്തനവുമായിരിക്കണം ഇടതുപക്ഷത്തിന്റെ ദൗത്യം. ബിജെപിയെപോലുള്ള കക്ഷികളില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയഇടവും രാഷ്ടീയ പരിപ്രേക്ഷ്യവും സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. അതിന് നിമ്നവര്‍ഗങ്ങളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ഊന്നല്‍ ആവശ്യമാണ്.
ഗുജറാത്തിലെ വംശഹത്യതെതുടര്‍ന്ന് ഒറ്റപ്പെട്ട നരേന്ദ്രമോദിയെ ഇന്ന് പലരും വികസനനായകനായി വാഴ്ത്തുന്നു. ഇത് അങ്ങേയറ്റം വിരോധാഭാസമല്ലേ?
സമഗ്രമായ കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നമാണിത്. വികസനം എന്നതിന്റെ സങ്കല്‍പം എന്താണ്. മോദിയുടെ വികസനത്തെ പ്രശംസിക്കുന്നവരൊക്കെ ഗുജറാത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെയാണ് പരിഗണിക്കുന്നത്. നല്ല റോഡുകള്‍ ഉണ്ടായതുകൊണ്ടോ നാനോ ഫാക്ടറിയുണ്ടായതുകൊണ്ടോ പൊതുഅഭിവൃദ്ധി ഉണ്ടായിക്കൊള്ളണമെന്നില്ല. അധഃകൃത വിഭാഗത്തിന്, പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്നതാണ് കാതലായ പ്രശ്നം. അവിടെ മുസ്ലിങ്ങള്‍ക്ക് പല പരാതികളും നിലവിലുണ്ട്. ഇപ്പോഴും, 2002ലെ നരവേട്ടയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത മുസ്ലിങ്ങളുണ്ട്. മോഡിയുടെ കാഴ്ചപ്പാട് വര്‍ഗീയമാണ്. ഒരു വര്‍ഗീയകാഴ്ചപ്പാടിനെ വാഴ്ത്തുന്നത് ആപല്‍ക്കരമാണ്. ഹിറ്റ്ലര്‍ ജര്‍മനിയെ വ്യവസായവല്‍ക്കരിച്ചു, ആധുനികവല്‍ക്കരിച്ചു എന്നൊക്കെ പറയുന്നതുപോലുള്ള അര്‍ഥശൂന്യമായ കാഴ്ചപ്പാടാണത്.
കേരളത്തില്‍ വലതുപക്ഷ സംസ്കാരികതയ്ക്ക് വേരോട്ടം ലഭിച്ചുവെന്ന അങ്ങയുടെ നിഗമനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ (2011ലെ തെരഞ്ഞെടുപ്പ്) അനുഭവത്തിന്റെ അടിസ്ഥാനത്തില്‍കൂടി എത്രത്തോളം പ്രസക്തമാകുന്നു?
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ സാംസ്കാരിക ജീവിതത്തിലും സാമൂഹികസമീപനത്തിലും വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ പ്രകടമായ ഒരു ആധുനിക ജീവിതരീതി വളര്‍ന്നുവന്നിട്ടുണ്ട്. ഈ ആധുനികജീവിതരീതി മുതലാളിത്തവ്യവസ്ഥയുടെ സാംസ്കാരികസ്വഭാവത്തിന്റെയും ആശയപരമായ സ്വാധീനത്തിന്റെയും പരിണതഫലമാണ്. ഈ സ്വഭാവവും ആശയവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ വിഭാഗം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. അവര്‍ സാമൂഹികമായ പ്രതിബദ്ധതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ഒരു വിഭാഗമാണ്. അവരുടെ ജീവിതലക്ഷ്യം 'ആധുനികമായ' ഉപഭോഗസംസ്കാരം എങ്ങിനെ വളര്‍ത്തിയെടുക്കാം എന്നതാണ്. സാമൂഹികമായ ഒരുതരം ഒറ്റപ്പെടലും താന്‍പോരിമയുമാണ് അവരുടെ ജീവിതത്തിന്റെ സ്വഭാവം. ഈ പ്രവണതയെ മൊത്തത്തില്‍ ഞാന്‍ സാംസ്കാരികമായ വലതുപക്ഷവല്‍ക്കരണം എന്ന് വിശേഷിപ്പിക്കുന്നു. ഈ സംസ്കാരം അവരുടെ രാഷ്ട്രീയപരിപ്രേക്ഷ്യത്തെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് തിട്ടപ്പെടുത്താന്‍ വഴിയില്ലെങ്കിലും അവര്‍ ഭാവിയെ നോക്കിക്കാണുന്നത് മുതലാളിതത്തില്‍ അധിഷ്ഠിതമായ വികസനപരിപ്രേക്ഷ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് എന്നതിന് സംശയമില്ല. കഴിഞ്ഞ അഞ്ച് കൊല്ലങ്ങളില്‍ സാമൂഹികനീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഭരണപ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗത്തെ ഒരു അതിര്‍ത്തിവരെ ചകിതരാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഭാഗത്തിന് സ്വാഭാവികമായും ഉണ്ടായ ഭീതി ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്ന് അന്വേഷണവിധേയമാക്കണം. അതേസമയം തന്നെ കേരളസമൂഹത്തിലെ വര്‍ഗസമരത്തിന് ഒരു പുതിയ പരിവേഷം സിദ്ധിച്ചതായി കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒരര്‍ഥത്തില്‍ പരാജയപ്പെടുകയുണ്ടായില്ല എന്നത് വലതുപക്ഷ സംസ്കാരികതയുടെ പരിമിതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരു കാര്യം വളരെ വ്യക്തമാണ്. കേരളത്തിലെ സാമൂഹികവ്യവഹാരത്തെ സ്വാധീനിക്കുകയും ഒരു അതിര്‍ത്തിവരെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതില്‍ ഈ വിഭാഗത്തിന് ഒരു വലിയ പങ്കുണ്ട്. ഒരു വിരോധാഭാസം, പക്ഷേ, ഈ വിഭാഗം രാഷ്ട്രീയമായി ഇടപെടുന്നുവെങ്കില്‍ക്കൂടിയും അവരുടെ കാഴ്ചപ്പാട് അരാഷ്ട്രീയമാണ് എന്നതാണ്. . രാഷ്ട്രീയത്തെ ഇകഴ്ത്തി പ്രതിഷ്ഠിക്കുകയും അരാഷ്ട്രീയതയെ പുകഴ്ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. അതിന്റെ വക്താക്കളായ സാമൂഹിക പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും സംഖ്യ കേരളത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. പക്ഷേ, ഈ അരാഷ്ട്രീയത യാഥാര്‍ഥ്യത്തില്‍ വലതുപക്ഷവല്‍ക്കരണത്തെ സഹായിക്കുന്ന പ്രതിഭാസമാണ്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് (2006-11) പൊതുവിദ്യാഭ്യാസം ശക്തമാക്കാനും ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ മെച്ചപ്പടുത്താനും ശ്രദ്ധേയമായ നടപടികളുണ്ടായി. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് അങ്ങയുടെ നേതൃത്വം തന്നെ ലഭിച്ചു. പ്രവര്‍ത്തനങ്ങളില്‍ എത്രത്തോളം സംതൃപ്തിയുണ്ട്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുനീങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്?
കഴിഞ്ഞ മന്ത്രിസഭയുടെ പ്രവര്‍ത്തനകാലത്ത് വളരെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിച്ച ഒരു മേഖല വിദ്യാഭ്യാസമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ വളരെയധികം മുന്നോട്ടുനയിക്കാന്‍ ഉതകുന്ന പലവിധ കര്‍മപദ്ധതികളും നടപ്പിലായിട്ടുണ്ട്. സ്ഥാപിതതാല്‍പര്യങ്ങളുടെ എതിര്‍പ്പുകള്‍കൊണ്ട് അവയില്‍ ചിലവ വേണ്ടത്ര വിജയിച്ചില്ല. എങ്കില്‍ക്കൂടി കേരളത്തിലെ വിദ്യാഭ്യാസത്തിന് ഒരു പുതിയ കുതിപ്പ് സിദ്ധിച്ചിരിക്കുന്നു. സ്വാശ്രയമേഖലയെ നിയന്ത്രിക്കാന്‍ തയ്യാറാക്കിയ നിയമം ഒരു നല്ല മാതൃകയായി കണക്കാക്കാവുന്നതാണ്. പക്ഷേ, ഈ മേഖലയിലുള്ള സ്ഥാപിതതാല്‍പര്യങ്ങള്‍ നിയമപരമായ ഇടപെടലുകളിലൂടെ അത് പ്രാവര്‍ത്തികമാക്കുന്നത് തടയുകയാണുണ്ടായത്.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഒരു പുതിയ അക്കാദമിക് സംസ്കാരം സൃഷ്ടിക്കാന്‍ ആവശ്യമായ ആദ്യകാല്‍വപ്പുകള്‍ സംഭവിച്ചുകഴിഞ്ഞു. ഇന്ത്യയിലും പുറത്തും ശ്രദ്ധയാകര്‍ഷിച്ച ഈ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ സാമൂഹികനീതിക്ക് ഉതകുന്നവയാണ്. വിദേശവിദ്യാഭ്യാസത്തിന് കേരളത്തിലെ മധ്യവര്‍ഗം കല്‍പ്പിച്ചുകൊടുക്കുന്ന പ്രാധാന്യത്തിന് ഒരു പോംവഴി എന്ന നിലയില്‍ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ഗുണമേന്മയുള്ളതാക്കി ഉയര്‍ത്തുക എന്നതാണ് ഈ വിദ്യാഭ്യാസപരിഷ്കാരങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം. അതുകൊണ്ട് കേരളസമൂഹത്തെ ഇന്ന് സ്വാധീനിച്ചുകൊണ്ടിരിക്കുന്ന വികലമായ സാമൂഹികപരിപ്രേക്ഷ്യത്തില്‍നിന്ന് ഒരു മാറ്റം സംഭവിക്കും എന്ന് വിശ്വസിക്കാം.
പക്ഷേ, ഇത് ഒരു തുടക്കം മാത്രമാണ്. കേരളത്തിലെ വിദ്യാഭ്യാസത്തെ അന്താരാഷ്ട്രനിലവാരത്തിലെത്തിക്കണമെങ്കില്‍ വളരെ വലിയ പരിശ്രമം ആവശ്യമാണ്. അതിനുതകുന്ന വിദ്യാഭ്യാസനയവും ഘടനാപരമായ മാറ്റങ്ങളും അക്കാദമികമായ കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുകയാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയ്തത്. അതില്‍ വളരെ സംതൃപ്തനുമാണ്.
















