'പത്താം നമ്പറിന്റെ' സുവർണ യുഗത്തിന് വിരാമം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

നെയ്മർ
ന്യൂജേഴ്‌സി : ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ നോർവെയ്‌ക്കെതിരെയുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയാണ് താരം കളംവിടുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ കാനറികൾക്കായി 16 വർഷം നീണ്ടുനിന്ന സുവർണ യുഗത്തിനാണ് അവസാനമായത്. ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോഡോടെയാണ് (129 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ) മുപ്പത്തിനാലുകാരനായ നെയ്മർ മടങ്ങുന്നത്.
2010ൽ തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ട അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ തന്നെയാണ് നെയ്മർ അവസാന മത്സരവും കളിച്ചത്. നോർവെയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനായി ഗോൾ നേടിയെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തിന് ശേഷം കളിക്കളത്തിൽ പൊട്ടിക്കരഞ്ഞ നെയ്മറെ സഹതാരങ്ങൾ ചേർന്നാണ് ആശ്വസിപ്പിച്ചത്. ഞാൻ പരമാവധി ശ്രമിച്ചു, ഇനിയിപ്പോ എല്ലാം കഴിഞ്ഞു. എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ ഞാനിത് അവസാനിപ്പിക്കുന്നു, മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താരം വികാരാധീനനായി പറഞ്ഞു. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ സാന്റോസ് എഫ്സിക്ക് വേണ്ടി നെയ്മർ കളി തുടരും.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെ ബ്രസീലിനെ തകർത്തത്. നോർവെയ്‌ക്കായി സൂപ്പർ താരം എർലിങ് ഹാലണ്ട് ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമാരസ് നഷ്ടപ്പെടുത്തിയത് കാനറികൾക്ക് തിരിച്ചടിയായി. ഈ തോൽവിയോടെ ലോകകപ്പുകളിൽ യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള ബ്രസീലിന്റെ മോശം റെക്കോഡ് തുടരുകയാണ്. 2002 ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചതിന് ശേഷം ലോകകപ്പ് നോക്കൗട്ടുകളിൽ ഒരു യൂറോപ്യൻ രാജ്യത്തെപ്പോലും തോൽപ്പിക്കാൻ ബ്രസീലിനായിട്ടില്ല. ഇതോടെ ആറാം ലോകകപ്പ് കിരീടത്തിനായുള്ള ബ്രസീലിന്റെ കാത്തിരിപ്പ് കാൽനൂറ്റാണ്ട് പിന്നിടുകയാണ്.
അതേസമയം, പ്രീ-ക്വാർട്ടറിലെ അപ്രതീക്ഷിത പുറത്താകലോടെ പരിശീലകൻ കാർലോ ആൻസലോട്ടി രാജിവെക്കില്ലെന്ന് വ്യക്തമാക്കി. ഈ തോൽവി ഭാവിയിലേക്കുള്ള ഇന്ധനമാക്കുമെന്നും ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. 2030 ലോകകപ്പ് വരെ ആൻസലോട്ടിക്ക് ബ്രസീൽ ടീമുമായി കരാറുണ്ട്.










0 comments