കാനറിച്ചിറകരിഞ്ഞ് നോർവേ

നിധിൻ രാജു
Published on Jul 06, 2026, 07:23 AM | 4 min read
ബ്രസീലിന്റെ ലോകകപ്പ് സ്വപ്‌നസഞ്ചാരത്തിന് കണ്ണീർ വിരാമം. ഒരിയ്ക്കൽക്കൂടി, നോക്കൗട്ടിൽ യൂറോപ്പിന് മുന്നിൽ കളിമറന്ന് ബ്രസീൽ പുറത്തേക്ക്. നോർവെയുടെ കണിശതയ്‌ക്കുമുന്നിൽ ബ്രസീലിയൻ എൻജിനുകൾ നിശ്ചലമായി. കാനറിച്ചിറകുകൾ അരിഞ്ഞ് നോർവേ ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനലിലേക്ക്.
ബ്രസീലിനായി, പരിക്കേറ്റ പക്വേറ്റയക്ക് പകരം മാർട്ടിനെല്ലി നടുവിലെത്തുന്നു. മുന്നിൽ കുന്യയെ നിർത്തി 4–2–3–1 എന്ന വിന്യാസമാണ് ആൻസലോട്ടി അവലംബിക്കുന്നത്. മറുഭാഗത്ത്, സാൻഡർ ബെർഗിനെ ഹോൾഡിങ് മിഡ്‌ഫീൽഡറാക്കി 4–1–2–3 യിലാണ് സോൾബാക്കെൻ നോർവീജിയൻ തന്ത്രങ്ങളൊരുക്കുന്നത്.
നോർവെയുടെ ടച്ചോടെയാണ് കളിയാരംഭിക്കുന്നത്. കളിയുടെ ഒഫെൻസീവ് ഒഴുക്കിന് താളം രൂപപ്പെടാൻ സമയമെടുത്തിരുന്നു. ഇരുഭാഗത്തേക്കും ആസൂത്രിതമല്ലാത്ത ചില നീക്കങ്ങളാണ് ആദ്യനിമിഷങ്ങളിൽ. നാലാം മിനിറ്റിൽ തന്നെ ബെർഗിലൂടെ നോർവേ വല ചലിപ്പിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നിരുന്നു. പിന്നാലെ വലതുവശത്ത് ബ്രൂണോ ഗ്വിമറസും മാർട്ടിനെല്ലിയും ചേർന്ന് നടത്തുന്ന നീക്കത്തിലൂടെ ബ്രസീൽ പതുക്കെ താളം കണ്ടെത്തുന്നുണ്ട്.
എന്നാൽ ബ്രസീലിന്റെ സ്ലോ ബിൽഡപ്പ് നോർവെയ്ക്ക് ഡിഫെൻസിവ് ഷേപ്പ് കൺസ്ട്രക്ട് ചെയ്യാൻ ധാരാളം സമയം അനുവദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ബോക്സിലേക്ക് റെയ്ഡ് ചെയ്യാൻ കഴിയാത്ത വിധം ഗോൾ ഏരിയ കോംപാക്‌റ്റാകുന്ന കാഴ്ച ആവർത്തിച്ചു. മാർട്ടിനെല്ലിയും -വിനീഷ്യസും പൊസിഷനിൽ അതിവേഗ സ്വിച്ചിങ് നടത്തുന്നുണ്ട്. ഉള്ളിലേക്കിറങ്ങുന്ന വിനിക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ലെന്നുമാത്രം. പ്രതിരോധമതിലിന്റെ ഉയരക്കൂടുതൽകൊണ്ട്, കഴിഞ്ഞ മത്സരത്തിലെ ഹൈബോൾ തന്ത്രം പുറത്തെടുക്കാനും അവർ അനുവദിക്കുന്നില്ല. അസാധാരണമായ ഡിസിപ്ലിനാണ് നോർവെ പുറത്തെടുക്കുന്നത്.
മധ്യഭാഗം പൂർണമായി നോർവേയുടെ വരുതിയിലായിരുന്നു. കളത്തിൽ അഡ്വാന്റേജ് ലഭിക്കാൻ മധ്യഭാഗത്ത് പന്ത് ഹോൾഡ് ചെയ്യുകയെന്നതാണ് മോഡേൺ ഫുട്ബോളിന്റെ ബാലപാഠം. കഴിഞ്ഞമത്സരങ്ങളിലെല്ലാം ബ്രസീലിനുവേണ്ടി ആ പണിക്ക് നേതൃത്വം കൊടുത്തത് പക്വേറ്റയായിരുന്നു. ഒഫെൻസിവ് ഒൗട്ട്‌പ്ലേയിൽ വലിയരീതിയിൽ സ്വാധീനിച്ചിരുന്നില്ലെങ്കിലും പന്ത് വിനിമയം ചെയ്‌തുകൊണ്ട് ബ്രസീലിന്റെ കളിയൊഴുക്കിന് താളം നൽകിയിരുന്നത് അയാളായിരുന്നു. ഡിഫൻസിനെ സഹായിക്കുന്നതിനും കളി വരുതിയിൽ നിർത്തുന്നതിനും ആൻസലോട്ടിയുടെ സിസ്റ്റത്തിൽ നിർണായക ഘടകമായിരുന്നു അയാൾ. നിർഭാഗ്യവശാൽ പക്വേറ്റ പരിക്കേറ്റ് മത്സരത്തിന് പുറത്തായിരുന്നു. കൂട്ടുകാരൻ ഗ്വിമറസാവട്ടെ തന്റെ ശരാശരിക്കും താഴെയുള്ളൊരു പ്രകടനമാണ് പ്രദർശിപ്പിക്കുന്നത്.
പക്വേറ്റയെന്ന ഹോൾഡിങ് മിഡ്‌ഫീൽഡർക്ക് പകരം മാർട്ടിനെല്ലിയെ സ്റ്റാർട്ട് ചെയ്യിക്കേണ്ടിവരുന്നത് ബെഞ്ചിലെ ബലക്കുറവുകൊണ്ടാണ്. ഒഡേഗാർഡും സോർലോത്തും പാട്രിക് ബെർഗും നൂസയുമെല്ലാം ഇരച്ചുകയറുമ്പോൾ മധ്യമേഖല ശൂന്യമായി ഒഴിഞ്ഞുകിടക്കുന്നതാണ് കണ്ടത്. കാസെമിറോയുടെ വേഗക്കുറവും കൂടിയായപ്പോൾ എല്ലാം പൂർത്തിയായി. മിഡ്ഫീൽഡിൽനിന്ന് ബ്രസീൽ ഡിഫൻസിന് അധിക സഹായം ആവശ്യമുണ്ടായിരുന്നു. എന്നാൽ അത് ഓഫർ ചെയ്യാൻ അവർക്ക് കഴിയുന്നില്ല. ഫാബിന്യോക്ക് ബെഞ്ചിൽനിന്നെഴുനേൽക്കാൻ ആൻസലോട്ടി അവസരം നൽകിയതുമില്ല.
തുറന്ന കളിയിൽ ബ്രസീൽ നിരുപാധികം പിന്നിലായിരുന്നുവെന്നറിയാൻ കളിക്കണക്കിലെ പാസുകളുടെ എണ്ണം മാത്രം നോക്കിയാൽ മതിയാകും. 653 പാസുകളാണ് നോർവെ പരസ്‌പരം പങ്കുവയ്‌ക്കുന്നത്. അതേസമയം ബ്രസീലാവട്ടെ വെറും 313! മത്സരത്തിന്റെ 66 ശതമാനം സമയവും പന്ത് നോർവെയുടെ വരുതിയിലായിരുന്നു.
കളിയാരംഭിച്ച് പത്താംമിനിറ്റിൽതന്നെ, ബോക്സിനുള്ളിൽവച്ച് കുന്യയെ വീഴ്‌ത്തിയതിന് ബ്രസീലിന് മുന്നിലെത്താൻ ഒരു സുവർണാവസരം ലഭിക്കുന്നുണ്ട്. ആദ്യം പന്തെടുത്ത വിനീഷ്യസ്, അവസരം മിഡ് ഫീൽഡർ ബ്രൂണോ ഗ്വിമറസിന് വച്ചുനീട്ടുന്നു. ആകുലതയുടെ രണ്ട് ദീർഘനിശ്വാസങ്ങൾക്കുശേഷം തെല്ലൊരു പതർച്ചയോടെ പന്തിലേക്കടുക്കുന്ന ഗ്വിമറസ് നോർവീജിയൻ ഗോൾകീപ്പർ നൈലാൻഡ് പ്രതീക്ഷിച്ചിടത്തേക്കുതന്നെയാണ് തൊടുക്കുന്നത്. ആ പെനാൽറ്റി മിസ്സിന് ബ്രസീൽ കൊടുക്കേണ്ടിവന്ന വില മത്സരം തന്നെയായിരുന്നു! തുടക്കത്തിലേ മാനസികമായ മുൻതൂക്കം നേടിയെടുക്കാനുള്ള അവസരമാണ് ഗ്വിമറസ് പാഴാക്കിക്കളഞ്ഞത്. 40-ാം മിനിറ്റിൽ ബോക്സിന്റെ അരികിൽവച്ച് ഒഡേഗാർഡിൽനിന്ന് പന്ത് തട്ടിയെടുത്ത് വിനീഷ്യസ് ഒരു ലോ ഷോട്ട് ഉതിർക്കുന്നുണ്ട്. എന്നാൽ ഗോൾകീപ്പർ നൈലാൻഡ് ആ ശ്രമം നിർവീര്യമാക്കി.
മറുഭാഗത്ത് ഏർലിങ് ഹാളണ്ട് ബ്രസീൽ പ്രതിരോധത്തെ അലോസരപ്പെടുത്തികൊണ്ടിരുന്നു. ഹാളണ്ടിനെ മാർക്കുചെയ്യാനുള്ള ചുമതല ഗബ്രിയേൽ മഗല്ലസിനായിരുന്നു. എന്നാൽ നേർക്കുനേർ വന്നപ്പോളെല്ലാം ഹാളണ്ടിന്റെ മെയ്‌ക്കരുത്ത് മഗല്ലസിന് തലവേദന സൃഷ്‌ടിച്ചു. ഏരിയൽ ബോളുകളിൽ ഉയരവും കരുത്തും കൂടുതലുള്ള ഹാളണ്ടിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. അപകടങ്ങളേതുമില്ലാതെയാണ് ഇരുഭാഗവും പകുതിക്ക് പിരിയുന്നത്. എന്നാൽ ആദ്യ പകുതിയിൽ വെറും 30 ശതമാനം മാത്രം ബോൾ പൊസഷനാണ് ബ്രസീലിനുണ്ടായിരുന്നത്.
ടൂർണമെന്റിലുടനീളം രണ്ടാം പകുതിയിൽ താളം കണ്ടെത്തിയ ബ്രസീൽ, തങ്ങളുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ശ്രമിക്കുന്നുണ്ട്. കളി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് മാർട്ടിനെല്ലി ഒരു അവസരം സൃഷ്‌ടിക്കുന്നുണ്ട്. എന്നാൽ അതും നൈലാൻഡ് ശൂന്യതയിലേക്ക് തട്ടിയകറ്റുന്നു.
58–ാം മിനിറ്റിൽ ആൻസലോട്ടിയുടെ ആദ്യ സബ്‌സ്റ്റിറ്റ്യൂഷനെത്തുന്നു. എൻഡ്രിക്ക് കളത്തിലേക്ക്. തൊട്ടുപിന്നാലെ എൻഡ്രിക്കിനൊരു സുവർണാവസരം ലഭിക്കുന്നുണ്ട്. വിനീഷ്യസ് നൽകിയ ഉജ്ജ്വലമായ പാസ് രണ്ടുഡിഫൻഡർമാർക്കിടയിലേക്കാണ്. പന്തുമായി കുതിച്ച എൻഡ്രിക്കിന്, ഗോൾ കീപ്പറെ മറികടക്കാനുള്ള അവസാന ടച്ച് ഗോളിലേക്ക് തൊടുക്കാനാവുന്നില്ല. പിന്നീട് എൻഡ്രിക്ക് ചിത്രത്തിലേയില്ല. ഫിസിക്കലി ഉയർന്ന നിലവാരത്തിലുള്ള നോർവെ താരങ്ങൾക്കിടയിലേക്ക് പത്തൊമ്പതു-കാരനെ പറഞ്ഞയച്ചത് പാഴായ പരീക്ഷണമെന്ന് പറയാതെവയ്യ.
തുടർന്ന് രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിന് തൊട്ടുമുമ്പ് സൂപ്പർ താരം നെയ്‌മറെ ആൻസലോട്ടി കളത്തിലേക്കിറക്കുന്നു. മാർട്ടിനെല്ലിയെയും റയാനെയും പിൻവലിച്ചാണ് നെയ്‌മറെയും ഡാനിലോ സാന്റോസിനെയും പറഞ്ഞയക്കുന്നത്. ഡിഫൻസീവ് പാർട്ടിൽകൂടി ഭാഗമാകുന്ന രണ്ട് മുന്നേറ്റക്കാർക്കു പകരം ഡിഫൻസീവിൽ റോളില്ലാത്ത നെയ്‌മർ, മറ്റേതൊരു മിഡ്‌ഫീൽഡറും! വിനിക്ക് ഓൾറെഡി ഡിഫൻസീവ് ടാക്‌ടിക്‌സിൽ പങ്കില്ലെന്നിരിക്കെ, ഫലത്തിൽ 10 പേരടങ്ങുന്ന ബ്രസീലാണ് പ്രതിരോധത്തിൽ ഇടപെടേണ്ടത്.
നെയ്‌മർ വന്നതിനുശേഷം വിനീഷ്യസ് തന്റെ യഥാർഥ പൊസിഷനായ ഇടതുവിങ്ങിലേക്ക് ഡീപ്പായി ഇറങ്ങുന്നുണ്ട്. ഉള്ളിലേക്ക് ക്രോസുകൾ വരുന്നുണ്ടെങ്കിലും ഉയരക്കരുത്തിന്റെ ബലത്തിൽ നോർവെ അവയുടെയെല്ലാം മുനയൊടിച്ചു. ഉയരക്കുറവുള്ള എൻഡ്രിക്കിനാണ് നമ്പൻ നയൻ റോൾ എന്നതുകൂടി ചേർത്തുവായിക്കണം.
80–ാം മിനിറ്റിൽ അനിവാര്യമായ അപകടമെത്തി. ഷെൽഡറപ്പ് നൽകുന്ന വളഞ്ഞിറങ്ങുന്ന ക്രോസിന്, വായുവിലുയർന്നുചാടി ഹാളണ്ട് ഗോളിലേക്കുള്ള വഴികാണിക്കുകയാണ്. ടൈറ്റ് മാർക്ക് ചെയ്‌തിരുന്ന മഗല്ലസ് നിസ്സഹായനാണ്. ഹാളണ്ടിന്റെ ഉയരവും ഫിസിക്കും തന്നെയാണ് വിൻ ചെയ്യുന്നത്. ബോക്സിനുള്ളിലും പുറത്തും ഏതുസമയത്തും ശാരീരികമായ അഡ്വാന്റേജ് നിശ്ചയമായും അയാൾക്കുണ്ടായിരുന്നു.
പിന്നീട് ഹാളണ്ട് ഒരു കൊടുങ്കാറ്റായി മാറി. അത് ബ്രസീലിനെയാകെ ഉലച്ചു, പിന്നെ ചുഴറ്റിയെറിഞ്ഞു.
മത്സരത്തിന്റെ അവസാനഭാഗത്ത്, തൊണ്ണൂറാം മിനിറ്റിൽ ഒരിയ്ക്കൽക്കൂടി ഹാളണ്ടിന്റെ ബൂട്ടിൽനിന്ന് അകലുന്ന പന്ത് വലതൊടുന്നു. ഒരു ജനുവിൻ സ്‌ട്രൈക്കറുടെ ക്വാളിറ്റിയാണ് അയാൾ പ്രദർശിപ്പിക്കുന്നത്. ഒരു ഓപ്പൺ അവസരം അല്ലാതിരുന്നിട്ടുകൂടി ശ്രമിച്ചുനോക്കാൻ അയാൾ ഒരുക്കമായിരുന്നു. ബോക്സിന് പുറത്തുനിന്നുതിർക്കുന്ന വെടിയുണ്ട പോസ്റ്റിന്റെ വലത്തേമൂലയിലേക്കാണ് തറയ്‌ക്കുന്നത്, ബ്രസീലിന്റെ ഹൃദയത്തിലേക്കും.! ഇൗ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് ഹാളണ്ട് സ്വന്തം പേരിലാക്കുന്നത്.
രണ്ടാം പകുതിയുടെ പരിക്കുസമയത്ത് ബ്രസീലിന് മറ്റൊരു പെനാൽറ്റികൂടി വീണുകിട്ടുന്നു. ആദ്യ അവസരം പാഴാക്കിയ ഗ്വിമറസ് ബെഞ്ചിൽ മുഖം പൊത്തിയിരിപ്പാണ്. എന്നാൽ ഇത്തവണ ആശങ്കയേതുമില്ല, പന്തെടുക്കുന്നത് നെയ്‌മറാണ്. ആദ്യ അവസരം കുത്തിയകറ്റിയ ഗോൾ കീപ്പർ നൈലാൻഡ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അയാൾ ചില മൈൻഡ് ഗെയിമുകൾ കളിക്കുന്നുണ്ട്. പക്ഷെ, ഇത് നെയ്‌മറാണ്! അയാൾ കൂളാണ്. കാലത്തിന്റെ കാവ്യനീതിയെന്നപോലെ 2026 ലോകകപ്പിന്റെ കണക്കു കടലാസിലേക്ക് ഒരുഗോൾ തന്റെ പേരിലാക്കിയാണ് അയാൾ അവസാനിപ്പിക്കുന്നത്.
അവസാന മൈക്രോ സെക്കൻഡുകളിൽ ബ്രസീൽ ആക്രമണങ്ങളുടെ കെട്ടഴിക്കുന്നുണ്ടെങ്കിലും ഏറെ വൈകിയിരുന്നു.
ഒടുവിൽ, റഫറിയുടെ ഫൈനൽ വിസിൽ.
നോർവേ ചരിത്രം കുറിക്കുന്നു, ബ്രസീൽ പുറത്തേക്ക്.!!
റിയോ ഡി ജനീറോയിലെ ഫുട്‌ബോൾ തെരുവുകളിൽ വീണ്ടും കണ്ണീർമഴ.










0 comments