ad
Deshabhimani

'എല്ലാം ഇവിടെയാണ് തുടങ്ങിയത്, അവിടെ തന്നെ അവസാനിക്കുന്നു'; കണ്ണീരോടെ മടങ്ങി സുൽത്താൻ

neymar afp

Photo Credit: AFP

വെബ് ഡെസ്ക്

Published on Jul 06, 2026, 08:41 AM | 3 min read

മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മെറ്റ്‌ലൈഫ് സ്റ്റേഡിയം ഒന്നടങ്കം സ്തബ്ധമായി. അതിരുകളില്ലാത്ത കാൽപ്പന്ത് ആവേശത്തോടെ ലോകമെമ്പാടുമിരുന്ന് ആ മത്സരം കണ്ട ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിടിപ്പ് നിലച്ച നിമിഷം! എർലിങ് ഹാലാൻഡ് എന്ന നോർവീജിയൻ കരുത്തൻ ചരിത്രം കുറിച്ചപ്പോൾ, അഞ്ച് വട്ടം ലോകചാമ്പ്യന്മാരായ ബ്രസീൽ അപ്രതീക്ഷിതമായ തോൽവിയിലേക്ക് വീണുപോയി. ആ കനത്ത പരാജയത്തിന് നടുവിൽ, കാനറികളുടെ അമരത്ത് കണ്ണീർ വാർന്നു അയാൾ നിൽക്കുന്നുണ്ടായിരുന്നു—നെയ്മർ ജൂനിയർ! പരിക്കുകളോട് കടുത്ത പോരാട്ടം നടത്തി, വീണ്ടും വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ആ മനുഷ്യന് വിജയം ഇത്തവണ പരീക്ഷണമായിരുന്നു. ഒടുവിൽ പരിക്കുകളോട് കലഹിച്ച് ആ ലാസ്റ്റ് ഡാൻസിനായി അയാൾ ബൂട്ട് കെട്ടിയെങ്കിലും പ്രീ-ക്വാർട്ടറിന്റെ അതിരുകൾ കടന്ന് ടീമിനെ മുന്നോട്ട് നയിക്കാനായില്ല. കണ്ണീരോടെ ഒരു യുഗത്തിനാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയത്.


"ഞാൻ ശ്രമിച്ചു. മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് എല്ലാം ആരംഭിച്ചത്, ഞാൻ അത് അവിടെ തന്നെ പൂർത്തിയാക്കി. അത് അവസാനിച്ചു," മത്സര ശേഷമുള്ള നെയ്മറിന്റെ വാക്കുകളാണ്. 2010ൽ യുഎസ്എക്കെതിരായ സൗഹൃദ മത്സരത്തിലൂടെ നെയ്മർ ബ്രസീൽ ജേഴ്‌സിയിൽ അരങ്ങേറിയത് ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലായിരുന്നു. കരിയർ അവസാനിപ്പിച്ചതും ഇവിടെത്തന്നെ.


കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും പരിക്കുകൾക്കും ശേഷം പൂർണ്ണ കായികക്ഷമതയില്ലാതെയാണ് 34-കാരനായ നെയ്മർ 2026 ലോകകപ്പ് ടീമിൽ ഇടംപിടിച്ചത്. കോച്ച് കാർലോ ആൻഞ്ചലോട്ടി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും ആദ്യ ഇലവനിൽ ഇറക്കാൻ കഴിഞ്ഞിരുന്നില്ല. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന നോർവേക്കെതിരായ മത്സരത്തിൽ 67-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നെയ്മർ, ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയെങ്കിലും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) ബ്രസീൽ പരാജയപ്പെട്ടു. നോർവേയ്ക്കായി സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലാൻഡ് ഇരട്ട ഗോളുകൾ നേടി.


മാർട്ടിനെല്ലിക്ക് പകരക്കാരനായി നെയ്മർ മെെതാനത്തിറങ്ങിയപ്പോൾ കളിക്കാരും കാണികളും വീണ്ടും പ്രതീക്ഷകളെ തിരികെ വിളിച്ചു. കിട്ടിയ പന്തെല്ലാം കൃത്യമായി പാസ് ചെയ്ത് താരം പതിയെ ചുവടുറപ്പിച്ചു. മികച്ച രണ്ട് പാസുകൾ‌. അതിലൊന്ന് ​ഗോളെന്ന് തന്നെ കരുതിയത് ബാറിൽ ഉരസി മാറിപ്പോവുകയായിരുന്നു. രണ്ട് വിങ്ങുകളിൽ നിന്നും മുന്നേറ്റമങ്ങനെ ഇരച്ചുകറിയിരുന്നെങ്കിലും മധ്യഭാ​ഗത്തെ പ്രതിരോധത്തെ ഇല്ലാതാക്കി നുഴഞ്ഞുകയറാൻ പോന്ന കളിക്കാരുടെ അഭാവമാണ് നെയ്മർ മെെതാനത്തെത്തിയതോടെ ഇല്ലാതായത്.


ഫ്രീസ്റ്റെൽ സ്കില്ലൊന്നും പ്രയോ​ഗിക്കാനവസരം കിട്ടിയില്ലെങ്കിലും പത്താം നമ്പർ താരത്തിന് പന്ത് ലഭിച്ച മുഴുവൻ സമയങ്ങളിലും കൃത്യമായി തന്നെ അത് അവസരങ്ങളാക്കി മാറ്റി. എന്നാൽ 67-ാം മിനിറ്റ് എന്നതൊരു ചുരുങ്ങിയ സമയമായിരുന്നു. അങ്ങനെ 2026 ഫിഫ ലോകകപ്പിൽ 33 മിനിറ്റ് മാത്രം പന്ത് തട്ടി ആ മജീഷ്യൻ തന്റെ ഫുട്ബോൾ യാത്ര അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.


ഒരു മഞ്ഞക്കാർഡും ഒപ്പം ​ഗോളിയെ വെല്ലുവിളിച്ച് വലകുലുക്കിയ ക്ലിനിക്കൽ‌ നെയ്മർ സ്റ്റെെൽ‌ പെനാലിറ്റിയും ആരാധകർ‌ക്ക് സമ്മാനിച്ച് നിറഞ്ഞ കണ്ണുകളോടെ അയാൾ വിരമിക്കൽ പ്രഖ്യാപിച്ചു. കാനറികളുടെ ജോ​ഗോ ബൊണീറ്റോ അങ്ങനെ ഒന്നുകൂടി മങ്ങിയിരിക്കുന്നു. ബ്രസീലെന്ന രാജ്യം മാത്രമല്ല, മറിച്ച് ലോകമാകെയുള്ള ബ്രസീൽ ആരാധകർ നെഞ്ചിലേറ്റിയ നെയ്മറുടെ, വിടവാങ്ങൽ അവർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഒപ്പംതന്നെ, മാരക്കാനയിലെ ദുരന്തം അവസാന ലോകകപ്പിലും പരിക്കായി ആ മനുഷ്യനെ വിഴുങ്ങുന്നത് ലോകം കണ്ടുനിന്നു... വേദനയോട് പൊരുതി മെെതാനത്ത് നിറഞ്ഞാടാൻ സാന്റോസിന്റെ ആ പഴയ പയ്യൻ ഇനിയുണ്ടാകില്ല


പെലെയുടെ ഗോൾ റെക്കോർഡ് മറികടന്നെങ്കിലും ലോകകപ്പ് കിരീടമെന്ന സ്വപ്നം നെയ്മറിന് അദൃശ്യമായി തുടരും. കരിയറിലെ തന്റെ അവസാന ഗോളോടെ ബ്രസീൽ ജേഴ്‌സിയിൽ 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളുമെന്ന ചരിത്രനേട്ടവുമായാണ് നെയ്മർ മടങ്ങുന്നത്. പുരുഷ ഫുട്ബോളിൽ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ പെലെയേക്കാൾ (77 ഗോളുകൾ) മൂന്ന് ഗോളുകൾ അധികം നെയ്മറുടെ പേരിലുണ്ട്. എന്നാൽ പെലെയ്ക്ക് മൂന്ന് ലോകകപ്പ് വിജയങ്ങളുള്ളപ്പോൾ നെയ്മർക്ക് സീനിയർ തലത്തിൽ 2013ലെ കോൺഫെഡറേഷൻസ് കപ്പ് മാത്രമാണ് ബ്രസീലിനൊപ്പം നേടാനായത്. നാല് ലോകകപ്പുകളിൽ (2014, 2018, 2022, 2026) ബ്രസീലിനായി ബൂട്ട് കെട്ടിയ താരം ആകെ 15 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.


1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ലോകകപ്പിന്റെ 16-ാം റൗണ്ടിൽ (പ്രീ-ക്വാർട്ടർ) തോറ്റ് പുറത്താകുന്നത്. നെയ്മർ കളിച്ച മുൻ ലോകകപ്പുകളിലെല്ലാം ടീം കുറഞ്ഞത് ക്വാർട്ടർ ഫൈനൽ വരെയെങ്കിലും എത്തിയിരുന്നു. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അവസാനമായി കിരീടം ഉയർത്തിയത് 2002ലാണ്. റൊമാരിയോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങിയ ഇതിഹാസങ്ങൾ നയിച്ച വിജയവഴിയിലേക്ക് ബ്രസീലിനെ തിരികെ എത്തിക്കാൻ നെയ്മറുടെ 'ലാസ്റ്റ് ഡാൻസിനും' സാധിച്ചില്ലെന്നത് ആരാധകരെയും കായികലോകത്തെയും ഒരുപോലെ കണ്ണീരിലാക്കി. അവസാനം പൊടുന്നനെ ഒരു നിശബ്ദത ബാക്കിയാക്കി കാനറികളുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ബൂട്ടഴിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home