നെല്ല് സംഭരണ തുക ലഭിക്കുന്നില്ല; കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം മാസങ്ങളായിട്ടും ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ നെൽക്കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ. പിആർഎസ് (പാഡി റസീറ്റ് ഷീറ്റ്) ബാങ്കുകളിൽ സമർപ്പിച്ച് നടപടിക്രമം പൂർത്തിയാക്കിയിട്ടും മാർച്ച് – മെയ് മാസങ്ങളിൽ നെല്ല് സംഭരിച്ച കർഷകർക്ക് പണം ലഭിച്ചില്ല.
സഹകരണ സംഘങ്ങൾ വഴിയുണ്ടായിരുന്ന സംവിധാനം ഒഴിവാക്കി യുഡിഎഫ് സർക്കാർ ബാങ്ക് കൺസോർഷ്യം മുഖേനയാണ് പിആർഎസ് അടിസ്ഥാനത്തിലുള്ള വിതരണം നടപ്പാക്കുന്നത്. കർഷകരുടെ അപേക്ഷകൾ വെരിഫിക്കേഷൻ ഘട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
ബാങ്കുകളുടെ ലോൺ മാനേജ്മെന്റ് സിസ്റ്റത്തിലെ (എൽഎംഎസ്) സാങ്കേതിക പ്രശ്നങ്ങളാണ് നടപടി വൈകാൻ കാരണമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
പണം വിതരണവുമായി ബന്ധപ്പെട്ട് ബാങ്കുകൾ ഏർപ്പെടുത്തുന്ന അധിക നിബന്ധനകർ പലയിടത്തും പ്രതിഷേധത്തിന് ഇടയാക്കി. എഴുപത് വയസ്സ് പിന്നിട്ട കർഷകർക്ക് ജാമ്യക്കാരെ ഹാജരാക്കണമെന്ന നിബന്ധന പല ബാങ്ക് ശാഖകളും മുന്നോട്ടുവയ്ക്കുന്നതായി പരാതിയുണ്ട്. ഈ പ്രായത്തിൽ ജാമ്യക്കാരെ കണ്ടെത്തുക അസാധ്യമാണെന്ന് കർഷകസംഘടനകൾ പറയുന്നു.
പിആർഎസ് വായ്‌പാ സംവിധാനത്തിലെ കാലതാമസം കർഷകരുടെ ക്രെഡിറ്റ് ചരിത്രത്തെയും പ്രതികൂലമായി ബാധിക്കുന്നു. സാങ്കേതിക പോരായ്‌മ പരിഹരിച്ച് സപ്ലൈകോ പോർട്ടലും ബാങ്ക് സംവിധാനവും തമ്മിൽ വിവരങ്ങൾ കൈമാറുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല.
കൃഷിക്കായി എടുത്ത വായ്‌പ തിരിച്ചടയ്ക്കാനും തൊഴിലാളികളുടെ കൂലി നൽകാനും അടുത്ത കൃഷിക്ക് ഒരുക്കങ്ങൾ നടത്താനും പണമില്ലാതെ വലയുകയാണ് കർഷകർ.











0 comments