കേരളത്തിലെ കോഴി ഫാമുകൾ പൂട്ടുന്നു; തമിഴ്‌നാട് ലോബി പിടിമുറുക്കി; വില നിയന്ത്രണമില്ലാതെ കുതിക്കുന്നു

മലപ്പുറം: സംസ്ഥാനത്ത് കോഴിയിറച്ചി വില നിയന്ത്രണമില്ലാതെ കുതിക്കുന്നു. കോഴിമുട്ടയുടെ വിലയും ഉയരുകയാണ്. മലപ്പുറം ടൗണിലെ വിൽപ്പനശാലകളിൽ ഞായറാഴ്‌ച ഒരുകിലോഗ്രാം കോഴിയിറച്ചി വിൽപ്പന നടത്തിയത് 245 രൂപക്കാണ്. കോഴിമുട്ടയുടെ ചില്ലറവിൽപ്പന വില എട്ടുരൂപയിലെത്തി. കഴിഞ്ഞയാഴ്‌ച 230 രൂപയുണ്ടായിരിന്ന കോഴിയിറച്ചി വിലയാണ് ഇപ്പോൾ 245 രൂപയിലെത്തിയത്. ലഗോൺ കോഴിയിറച്ചിക്ക് 160, ബ്രോസ്‌റ്റ് ഇറച്ചിക്ക് 240, സ്‌പ്രിങ് ചിക്കന് (കുഞ്ചിക്കോഴി) 200, പാർട്‌സിന് 100 രൂപയുമാണ് ഇൗടാക്കുന്നത്. വരും ദിവസങ്ങളിലും വിലയിൽ കാര്യമായ കുതിപ്പുണ്ടാകുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
മെയ് രണ്ടാം വാരത്തിൽ കോഴിയിറച്ചിക്ക് 200 രൂപയിൽ താഴെമാത്രമാണുണ്ടായിരുന്നത്. കോഴിത്തീറ്റയുടെ വില കുതിച്ചതും തദ്ദേശ ഫാമുകൾ അടച്ചിട്ടതുമാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 550 രൂപയുടെ വർധനയാണ് അടുത്തിടെയുണ്ടായത്. ഇതിനുപുറമെ 18 രൂപയുയുണ്ടായിരുന്ന ഒരു കോഴിക്കുഞ്ഞിന്റെ വില 48 രൂപയിലുമെത്തി. ഏകദേശം 38മുതൽ – 40 ദിവസംവരെ വളർച്ചയുള്ള കോഴികളെയാണ് വിൽപ്പനക്ക് എത്തിക്കുന്നത്. കോഴിക്കുഞ്ഞിന്റെ വില, വളർച്ചയെത്തുന്നതുവരെയുള്ള തീറ്റ, പരിചരണം, മറ്റ് ചെലവുകൾ ഉൾപ്പെടെ ഒന്നരക്കിലോയോളം ഇറച്ചി ലഭിക്കുന്ന കോഴിക്ക് 200 രൂപയോളം ചെലവ് വരുന്നുണ്ട്.
തമിഴ്‌നാട് ലോബിക്കുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ സംസ്ഥാനത്തെ പല ഫാമുകളും അടച്ചിടുന്നതും കോഴിയിറച്ചി വിലവർധനയ്‌ക്ക് ഇടയാക്കുന്നുണ്ടെന്ന് കേരള പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റലൂർ പറഞ്ഞു. അസോസിയേഷൻ കണക്കുപ്രകാരം 3,84,000 ഫാമുകളാണ് സംസ്ഥാനത്താകെയുള്ളത്. എന്നാൽ നിലവിൽ ഒന്നരലക്ഷത്തോളം ഫാമുകൾ അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കുഞ്ഞിനും ഇവയ്‌ക്കുവേണ്ട തീറ്റക്കുംവരെ തമിഴ്‌നാട് കേന്ദ്രമാക്കിയുള്ള വൻകിട കമ്പനികളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ വില പലപ്പോഴും ക്രമാതീതമായാണ് ഇവർ വർധിപ്പിക്കുന്നത്. തീറ്റയുടെ വിലയും ഇതുതന്നെയാണ് സ്ഥിതി. അസംസ്‌കൃതവസ്തുക്കളായ ചോളം, മെയ്സ്, തവിട്, മൊളാസിസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവയുടെ ലഭ്യതക്കുറവാണ് കോഴിത്തീറ്റയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്. കോഴിക്കുഞ്ഞിനും തീറ്റയ്‌ക്കും വില സ്ഥിരതയില്ലാത്തതാണ് ഫാമുകൾ അടച്ചുപൂട്ടലിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ ഇന്ത്യയിൽനിന്നുള്ള കോഴിമുട്ടയ്ക്ക് പ്രിയമേറിയതും കയറ്റുമതികൂടിയതുമാണ് മുട്ട വിലക്കയറ്റത്തിന് ഇടയാക്കിയത്. തമിഴ്‌നാട് പൊള്ളാച്ചി, പല്ലടം, നാമക്കൽ എന്നിവിടങ്ങളിലെ ഫാമുകളിൽനിന്നാണ് ഭൂരിഭാഗം മുട്ടകളും കയറ്റുമതിചെയ്യുന്നത്. ഇൗ ഭാഗങ്ങളിൽനിന്നുള്ള മുട്ടയാണ് കേരളത്തിൽ എത്തുന്നതിൽ ഭൂരിഭാഗവും.











0 comments