കനത്ത മഴ: മുംബൈ-പുനെ റൂട്ടിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ട നിലയിൽ |Photo:PTI
മുംബൈ : കനത്ത മഴയെത്തുടർന്ന് മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച രാവിലെ മണ്ണിടിഞ്ഞ് വീണത്. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പുണെ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
അഹമ്മദാബാദ്-കോൽഹാപൂർ എക്സ്പ്രസ്, ഇൻഡോർ-ദൗണ്ട് എക്സ്പ്രസ്, അഹമ്മദാബാദ്-പുണെ ഡുറന്റോ എക്സ്പ്രസ് തുടങ്ങിയ ഒൻപതോളം ദീർഘദൂര ട്രെയിനുകൾ മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടു. റെയിൽവേ ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണി ജീവനക്കാരും സ്ഥലത്തെത്തി ട്രാക്കിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്‌ലൈൻ നമ്പറുകളും തുറന്നു.
മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ തുടരുന്ന കനത്ത മഴ ജനജീവിതം പൂർണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുംബൈ, പുനെ, താനെ, പാൽഘർ ജില്ലകളിൽ ഓറഞ്ച് അലേർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് ഈ പ്രദേശങ്ങളിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് മുംബൈയിലെ മൻഖുർദിൽ മൂന്ന് നില കെട്ടിടം തകർന്ന് അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു.










0 comments