സ്വർണപണയ സ്ഥാപനത്തിലെ തിരിമറി: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിലെ സ്വർണത്തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും ചികിത്സയിലിരിക്കെ മരിച്ചു. ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതേ സ്വർണ സ്ഥാപനത്തിലെ ജീവനക്കാരിയും വെങ്ങാനൂർ സ്വദേശിനിയുമായ അഞ്ജു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ 30നാണ് ഇരുവരും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വെങ്ങാനൂർ നെല്ലിവിളയിൽ പ്രവർത്തിക്കുന്ന 'സൂര്യ ഫിനാൻസ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവിടെ ഇവർ രണ്ടുപേരും ചേർന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ഓഫീസിനുള്ളിൽ വെച്ച് ഇരുവരും ഷേക്കിൽ എലിവിഷം കലർത്തി കഴിച്ചത്. വിഷം കഴിച്ച വിവരം ഐശ്വര്യ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ അഞ്ജു വിവരം പുറത്തുപറഞ്ഞിരുന്നില്ല.
സ്ഥാപനത്തിൽ പണയത്തിന് വച്ച 70 പവൻ സ്വർണം സുഹൃത്ത് സിന്ധുവിന് ഇവർ നൽകിയെന്നാണ് വിവരം. പണയം വച്ച ആളുകൾ സ്വർണം തിരികെ എടുക്കാൻ വന്നപ്പോൾ സിന്ധുവിനെ ഇക്കാര്യം അറിയിച്ചു. എന്നാൽ സ്വർണം തന്നതിന് തളിവില്ലല്ലോ എന്ന് സിന്ധു മറുപടി പറഞ്ഞതായും വിവരമുണ്ട്. സിന്ധു നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപന ഉടമകൾ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ അഞ്ജുവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിനാൻസ് സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടോ എന്നും, യുവതികളുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ മറ്റ് സമ്മർദ്ദങ്ങളുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്.










0 comments