ന്യൂനമർദം; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. "വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് 'തീവ്രന്യൂനമർദ്ദമായി' മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, വടക്കൻ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടർന്ന് വടക്കൻ ഒഡീഷ, വടക്കൻ ഛത്തീസ്‌ഗഢ്- നു മുകളിലൂടെ നീങ്ങാൻ സാധ്യത. തൽഫലമായി ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.










0 comments