ad
Deshabhimani

ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 'ടൂർ ഡി ഫ്രാൻസ്' സൈക്കിൾ മത്സരത്തിന്റെ മൂന്നാം ഘട്ടത്തിൽ കാണികൾക്ക് വിലക്ക്

fire

ഫ്രാൻസിൽ പടർന്നുപിടിക്കുന്ന കാട്ടുതീ |Photo:Reuters

വെബ് ഡെസ്ക്

Published on Jul 06, 2026, 06:22 AM | 1 min read

പാരീസ് : ഫ്രാൻസിൽ പടർന്നുപിടിക്കുന്ന കാട്ടുതീയെത്തുടർന്ന് വിഖ്യാത സൈക്കിൾ മത്സരമായ ടൂർ ഡി ഫ്രാൻസിന്റെ മൂന്നാം ഘട്ടത്തിൽ കാണികൾക്ക് വിലക്കേർപ്പെടുത്തി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ കാട്ടുതീ ഇതിനോടകം 1,600 ഹെക്ടറിലധികം ഭൂമി ഇല്ലാതാക്കി. മത്സരത്തിന്റെ ഫിനിഷിംഗ് ലൈനായ 'ലെസ് ആംഗിൾസ്' എന്ന സ്ഥലത്തുനിന്നും വെറും 60 കിലോമീറ്റർ മാത്രം അകലെയാണ് നിലവിൽ തീ പടരുന്നത്.


ശക്തമായ പുക കാരണം പലയിടങ്ങളിലും രണ്ട് മീറ്ററിനപ്പുറം കാഴ്ചപരിധി ഇല്ലാതായിട്ടുണ്ട്. മത്സര റൂട്ടിൽ മാറ്റമില്ലെങ്കിലും സുരക്ഷ മുൻനിർത്തി ടൂറിന്റെ പബ്ലിസിറ്റി കാരവാനുകൾ അവസാന 40 കിലോമീറ്ററിൽ പ്രവേശിക്കില്ല. റേസ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ അത്യാവശ്യമായ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മാത്രമായിരിക്കും ഈ ഭാഗത്ത് അനുവദിക്കുക. രക്ഷാപ്രവർത്തനത്തിന് മുൻഗണന നൽകേണ്ടതിനാൽ റൂട്ടിലേക്കോ ഫിനിഷിംഗ് ലൈനിലേക്കോ പൊതുജനങ്ങൾ വരരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.


തീപിടിത്തം നിയന്ത്രിക്കാൻ 750 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെയും 200 വാഹനങ്ങളെയും 9 വാട്ടർ ബോംബിങ് ഹെലികോപ്റ്ററുകളെയും വിന്യസിച്ചിട്ടുണ്ട്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയും അതീവ ഗുരുതരാവസ്ഥയിലാണ്. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന.


ശനിയാഴ്ച സ്പെയിനിലെ ബാഴ്‌സലോണയിൽ നിന്നാണ് ഈ വർഷത്തെ ടൂർ ഡി ഫ്രാൻസ് ആരംഭിച്ചത്. സ്പെയിനിലെ കാറ്റലോണിയയിൽ നടന്ന ആദ്യ രണ്ട് ഘട്ടങ്ങളിലും ഉയർന്ന താപനിലയും പുകയും വെല്ലുവിളി ഉയർത്തിയിരുന്നു. കാറ്റലോണിയയിലെ കോസ്റ്റാ ബ്രാവയിൽ റോഡ് നിർമാണത്തിനിടെ തൊഴിലാളി സർക്കുലർ സോ ഉപയോഗിച്ചപ്പോൾ ഉണ്ടായ തീപ്പൊരിയാണ് അവിടെ കാട്ടുതീക്ക് കാരണമായതെന്നാണ് പ്രാദേശിക അധികൃതർ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂറോപ്പിലാകെ പടരുന്ന കടുത്ത ഉഷ്ണതരംഗവും കാട്ടുതീയും ടൂർ ഡി ഫ്രാൻസിന്റെ തുടർന്നുള്ള ഘട്ടങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് കായികലോകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home