Deshabhimani

print edition ദേ പയ്യൻസ് അങ്ങാടിയിലേക്ക്‌
വാ

jayan

ചാല അങ്ങാടിയിലെ ജയൻപാലന്‍ കൈയില്‍ 
ജയന്‍ എന്നെഴുതിയ ടാറ്റുവുമായി

avatar
ബിമല്‍ പേരയം

Published on Oct 03, 2026, 01:30 AM | 2 min read

മലയാള സിനിമയുടെ തലവര മാറ്റിയ ആക്ഷൻ ഹീറോ ജയന്റെ കടുത്ത ആരാധകരിലൊരാളാണ്‌ ചാല കന്പോളത്തിലെ പുളിക്കച്ചവടക്കാരൻ പി ജയപാലൻ. ആരാധന തലയ്‌ക്കുപിടിച്ചെങ്കിലും കുട്ടിക്കാലത്തെ പ്രാരബ്ധം മാറി സ്വന്തമായി കട തുടങ്ങിയപ്പോൾ മാത്രമാണ്‌ കടയ്‌ക്കുമുന്നിൽ പേരിനൊപ്പംതന്നെ ജയന്റെ ചിത്രവും നൽകാനായത്‌. പുളിക്കട, കരിപ്പെട്ടിക്കട, കയറുകട എന്നീ മൂന്നു കടകൾക്കും പേര്‌ ജയൻ എന്നുതന്നെ.


കരിപ്പെട്ടിക്കട തുടങ്ങിയതിന്‌ പ്രചോദനമായത്‌ ജയന്റെ കരിന്പന സിനിമയാണ്‌. ചിത്രത്തിൽ പനകയറുന്ന തൊഴിലാളിയായാണ്‌ ജയൻ വേഷമിട്ടത്‌.ചാലയിലെ പലചരക്ക്‌ സ്‌ട്രീറ്റിൽ കയറി ഇടത്തോട്ടും വലത്തോട്ടും കണ്ണോടിച്ചാൽ ജയൻ എന്ന പേരിലുള്ള കടകൾ കാണാം. ആർക്കും ക‍ൗതുകം തോന്നും. ക‍ൗതുകം തേടിപ്പിടിച്ച്‌ നടന്നാൽ അവസാനിക്കുന്നത്‌ ജയപാലന്റെ മുന്നിലാണ്‌. റിയൽ ഹീറോയുടെ ആരാധകന്‌ ജയൻ മോഡൽ കുപ്പായമോ ജിം ബോഡിയോ ഒന്നുമില്ലെങ്കിലും ഇഷ്‌ട നടന്റെ ചിത്രം കൈയിൽ പച്ചകുത്തിയിട്ടുണ്ട്‌.

കുപ്പായത്തിന്റെ പോക്കറ്റിലും നടന്റെ പേര്‌ തുന്നിച്ചേർത്തു. ജയപാലന് പേരിനകത്തും ജീവിതത്തിലും ചേർന്നുനിൽക്കുന്ന ഒരാളാണ് ജയൻ. ജയന്റെ ആരാധകനായിരുന്ന അച്ഛൻ പരമശിവമാണ്‌ ജയപാലനെന്ന പേരിട്ടത്‌. വീട്ടിൽ ജയനെന്നും വിളിച്ചു. ‘അച്ഛനെ കണ്ടാലും ജയൻ മാതിരി’യെന്ന്‌ ജയപാലൻ. കുട്ടിക്കാലത്ത്‌ ബിഗ്‌ സ്‌ക്രീനിൽ കുറച്ചു ചിത്രങ്ങളേ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ. ഇപ്പോൾ മൊബൈൽ ഫോൺ നിറയെ ചിത്രങ്ങൾ ഡ‍ൗൺലോഡ്‌ ചെയ്‌ത്‌ സൂക്ഷിച്ചിട്ടുണ്ട്‌.


സിനിമയിലെ ജയനെപ്പോലെ, ജയപാലന്റെ ജീവിതത്തിലും കഠിനാധ്വാനത്തിന്റെ കഥയുണ്ട്. 2000ൽ ചുമട്ടുവേലയ്‌ക്കായാണ്‌ ചാലയിലെത്തിയത്‌. മാർക്കറ്റിൽ പ്രായംചെന്ന സ്‌ത്രീകളെത്തിക്കുന്ന ഉൽപ്പന്നങ്ങൾ ബസ്‌ സ്റ്റോപ്പിൽ ഇറക്കിവയ്‌ക്കുന്പോൾ മൂന്നോ അഞ്ചോ രൂപ ലഭിക്കും. പിന്നെ ഹബിന്റെ കവർക്കടയിൽ തൊഴിലാളിയായി. സമീപത്തെ പുളിക്കച്ചവടക്കാരനായ മീരാനും ഹബിനും പള്ളിയിൽ നിസ്‌കാരത്തിനു പോകുന്പോൾ പുളിവിൽപ്പനയുടെ ചുമതല ജയനായിരുന്നു. 2005ൽ വള്ളിയമ്മയുടെ ചെറിയ കടയ്‌ക്കൊപ്പം പുളിക്കച്ചവടം തുടങ്ങാൻ ജയനും ഇടംകിട്ടി. 2015ലാണ്‌ സ്വന്തമായി മുറിയെടുത്ത്‌ കച്ചവടം തുടങ്ങിയത്‌.


പത്താം ക്ലാസ്‌ വിദ്യാഭ്യാസമാണെങ്കിലും മക്കൾ നിരഞ്ജന, ജയന്ത്‌, തക്‌സ്‌ എന്നിവർക്ക്‌ മികച്ച വിദ്യാഭ്യാസം നൽകാനായ സന്തോഷം ഉള്ളിലുണ്ട്‌. തിരിച്ചെന്തൂർ സ്വദേശി സെൽവിയാണ്‌ ജീവിതസഖി. കരമന തേരുവിള പണയിൽവീട്ടിൽനിന്ന്‌ ജയന്‌ സഹായമായി സെൽവിയും കടയിലെത്തും. ബാധ്യതയൊക്കെ തീർന്നുകഴിഞ്ഞ്‌ ജയന്റെ കൂറ്റൻ ബോർഡ്‌ കടയ്‌ക്കുമുന്നിൽ സ്ഥാപിക്കണമെന്നാണ്‌ ജയപാലന്റെ ആഗ്രഹം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home