ചൈന വൻശക്തിയാകുമ്പോൾ


വി ബി പരമേശ്വരൻ
Published on Sep 10, 2025, 02:35 AM | 4 min read
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിമാത്രമല്ല, പ്രബല സൈനികശക്തിയുമാണ് തങ്ങളെന്ന പ്രഖ്യാപനമാണ് സെപ്തംബർ മൂന്നിന് ബീജിങ്ങിലെ ടിയാനൻമെൻ സ്ക്വയറിൽ 70 മിനിറ്റ് നീണ്ട സൈനികപരേഡിലൂടെ ചൈന ലോകത്തോട് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും സഖ്യശക്തിയായ ജപ്പാനെതിരെ 14 വർഷം (1932–-45) നടത്തിയ യുദ്ധത്തിൽ വിജയിച്ചതിന്റെ 80–-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചൈനയുടെ ഈ ശക്തിപ്രകടനം. 1931ൽ ജപ്പാൻ മഞ്ചൂറിയ കീഴ്‌പ്പെടുത്തിയതുമുതൽ അവർക്കെതിരെ കമ്യൂണിസ്റ്റ് പാർടി ഓഫ് ചൈന ആരംഭിച്ച ചെറുത്തുനിൽപ്പാണ് 1945 സെപ്തംബർ രണ്ടിന് ജപ്പാന്റെ കീഴടങ്ങലോടെ അവസാനിച്ചത്. ഒന്നരദശാബ്‌ദത്തോളം നീണ്ട പോരാട്ടത്തിൽ ചൈനയ്‌ക്ക് 3.5 കോടി പേരുടെ ജീവനാണ് നഷ്ടമായത് (കേരളത്തിലെ ജനസംഖ്യക്ക് തുല്യമാണിത്).
ഇതിൽ രണ്ടുകോടിയും രണ്ടാം ലോകയുദ്ധം ആരംഭിച്ചതിനുശേഷമാണ്. നാസി നേതാവായ ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയതാകട്ടെ ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് ചെമ്പടയാണ്. ഈ യുദ്ധത്തിൽ സോവിയറ്റ് യൂണിയന് ബലിയർപ്പിക്കേണ്ടി വന്നത് 2 കോടിയിലധികം പേരുടെ ജീവനാണ്. അതായത് ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും കമ്യൂണിസ്റ്റുകാരാണെന്ന് ചുരുക്കം. ജാപ്പ് മേധാവിത്വത്തിനെതിരായ പോരാട്ടത്തിൽ ചൈനയോട് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചവരാണ് കിം ഇൽ സുങ്ങിന്റെ (ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ) നേതൃത്വത്തിലുള്ള കൊറിയയിലെ കമ്യൂണിസ്റ്റുകാരും. ഈ ചരിത്രപശ്ചാത്തലത്തിലാണ് ഫാസിസത്തിനുമേലുള്ള വിജയത്തിന്റെ 80–ാം വാർഷികാഘോഷവേദിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും അണിനിരന്നത്. മൂന്നുപേരും ഒരേ വേദിയിൽ വന്ന ആദ്യചടങ്ങ്. 2019നുശേഷം കിം നടത്തുന്ന ആദ്യ വിദേശയാത്രയും ഇതുതന്നെ.
ലോക ശാക്തിക ബലാബലത്തിൽ വലിയ മാറ്റം കുറിക്കുന്നതുകൂടിയാണ് ഈ സൈനികപരേഡ്.
ബീജിങ്ങിനടുത്ത തുറമുഖനഗരമായ തിയാൻജിനിൽ ആഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിലായി നടന്ന 25–-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽത്തന്നെ ഈ മാറ്റം ദൃശ്യമായിരുന്നു. അമേരിക്കൻ ക്യാന്പിൽ എല്ലാ അപമാനവും സഹിച്ച് നിലയുറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഉച്ചകോടിയിൽ പങ്കെടുക്കുകയും ഷിയും പുടിനുമായി ചർച്ച നടത്തുകയും ചെയ്തത്, അമേരിക്ക മുന്നോട്ടുവയ്‌ക്കുന്ന ഏകധ്രുവലോക നയത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി സ്വന്തം താൽപ്പര്യം സംരക്ഷിക്കുക എന്ന അമേരിക്കൻ നയത്തിനേറ്റ തിരിച്ചടി. ട്രംപിന്റെ ചുങ്കനയമാണ് "ഗ്ലോബൽ സൗത്ത്’ എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രങ്ങളിൽ ഐക്യം ഊട്ടിയുറപ്പിച്ചത്. ഈ ഐക്യം കൂടുതൽ പ്രകടമാക്കുന്നതായിരുന്നു സെപ്തംബർ മൂന്നിന്റെ സൈനികപരേഡ് വേദി. 26 രാഷ്the [pwerful ട്രങ്ങളിൽനിന്നുള്ള ഭരണാധികാരികളാണ് ഒത്തുകൂടിയത്.
ഷിക്കും പുടിനും കിമ്മിനും പുറമെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായ ക്യൂബ, വിയറ്റ്‌നാം, ലാവോസ് എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരും ഇറാൻ പ്രസിഡന്റും ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ, മ്യാൻമർ, നേപ്പാൾ, മാലദ്വീപ് ഭരണാധികാരികളും പരേഡിൽ ഭാഗഭാക്കായി. മധ്യേഷ്യൻ രാഷ്ട്രങ്ങളായ കസാഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തജികിസ്ഥാൻ, തുർക്‌മനിസ്ഥാൻ, മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ബെലാറസ്, അർമേനിയ, അസർബൈജാൻ (മുൻ സോവിയറ്റ് യൂണിയനിൽപ്പെട്ട ഒമ്പതു രാഷ്‌ട്രങ്ങൾ) എന്നീ രാഷ്‌ട്രങ്ങളും മംഗോളിയയും കിഴക്കനേഷ്യയിലെ മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും പങ്കെടുത്തു. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്നും പ്രാതിനിധ്യമുണ്ടായി. എന്നാൽ, ഏറ്റവും ശ്രദ്ധേയമായ കാര്യം യൂറോപ്പിൽനിന്നുള്ള പ്രാതിനിധ്യമാണ്. സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിച്ചും സ്ലോവാക്യൻ പ്രസിഡന്റ് റോബർട്ട് ഫിക്കോയും പുടിനും ഷിയുമുള്ള വേദി പങ്കിട്ടു. ഇതിൽ സ്ലോവാക്യ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമാണ്. അമേരിക്ക റഷ്യക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം ശിരസ്സാവഹിക്കുകയും ഉക്രയ്ന് ആയുധമടക്കം യൂറോപ്യൻ യൂണിയൻ നൽകുകയും ചെയ്യുമ്പോഴാണ് സ്ലോവാക്യ പുടിനൊപ്പം വേദി പങ്കിടുന്നത്. ഇതൊരു സൂചനയാണ്. യൂറോപ്യൻ ഊർജസുരക്ഷയെ തകിടംമറിക്കുന്ന അമേരിക്കൻ ഉപരോധത്തിനെതിരെ യൂറോപ്പിൽ ഉയരുന്ന പ്രതിഷേധത്തിന്റെ സൂചന.
ചൈന നേടുന്ന വർധിച്ച സൈനികശക്തിയുടെ വിളംബരമാണ് പരേഡ് എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. 2019ൽ ജനകീയ ചൈനീസ് റിപ്പബ്ലിക്കിന്റെ 70–-ാം വാർഷികത്തോടനുബന്ധിച്ച് നടന്നതിനുശേഷമുള്ള ആദ്യ സൈനികപരേഡാണ് ഇത്. ചൈനീസ് സേന എത്രമാത്രം ആധുനീകരിക്കപ്പെട്ടുവെന്നും നിർമിത ബുദ്ധി ഉൾപ്പെടെ ഉപയോഗിച്ച് ഏറെ മുന്നേറിയെന്നും വെളിവാക്കുന്നതായിരുന്നു പരേഡ്. കടലിൽനിന്നും കരയിൽനിന്നും ആകാശത്തുനിന്നും ഒരേസമയം വിക്ഷേപിക്കാവുന്ന ആണവായുധങ്ങളുള്ള മിസൈലുകൾ പ്രദർശിപ്പിച്ചു.
ചൈന ആദ്യമായാണ് അവരുടെ ആണവശേഷി പരേഡിലൂടെ വിളംബരം ചെയ്യുന്നത്. ആകാശത്തുനിന്ന് വിക്ഷേപിക്കുന്ന ജിം ഗ്ലേയ് -1, അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കുന്ന, 10000 കിലോമീറ്റർ സഞ്ചാരശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ ജൂലാങ് -3, കരയിൽനിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ ഡോങ്‌ഫെങ് 31, ഡോങ്ഫെങ് -61 (യഥാക്രമം 7500 കിലോമീറ്ററും 12,000 കിലോമീറ്ററും സഞ്ചാരശേഷി) എന്നിവ പരേഡിൽ ഉണ്ടായിരുന്നു. ഇവയെല്ലാംതന്നെ ആണവായുധബന്ധിതമാണ്. ഈ അത്യന്താധുനിക യുദ്ധോപകരണങ്ങളെല്ലാംതന്നെ ചൈന തദ്ദേശീയമായി നിർമിച്ചതാണെന്ന കാര്യവും അമേരിക്കയെ വേട്ടയാടുന്നുണ്ട്. യൂറോപ്പും അമേരിക്കയുമെല്ലാം ലക്ഷ്യമാക്കാൻ ചൈനയ്‌ക്ക് കഴിയുമെന്ന് വ്യക്തം. കപ്പൽവേധ ഹൈപ്പർസോണിക് മിസൈലുകളായ യിങ് ജി-17, യിങ് ജി-19, യിങ് ജി 20 എന്നിവയും പ്രദർശിപ്പിച്ചു. അത്യന്താധുനിക ക്രൂസ് മിസൈലുകളും പ്രദർശിപ്പിച്ചു. ഡ്രോൺ നിർമാണത്തിൽ ലോകത്തിൽത്തന്നെ മുന്നിൽ നിൽക്കുന്ന ചൈന ഏറ്റവും ആധുനികമായ ഡ്രോണുകളുടെ മാതൃകകളും പരേഡിൽ ഉൾപ്പെടുത്തിയിരുന്നു. കപ്പലിൽനിന്ന് കുതിച്ചുയരുന്ന, നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന പൈലറ്റില്ലാത്ത ഹെലികോപ്റ്ററുകളും പ്രദർശിപ്പിച്ചു. പരമ്പരാഗത ആയുധങ്ങൾമാത്രമുള്ള പ്രാദേശിക സൈനികശക്തിയിൽനിന്ന് അത്യന്താധുനിക ആയുധശേഷിയുള്ള സൈനികശക്തിയായി ചൈന ഉദയംചെയ്തു എന്ന പ്രഖ്യാപനമാണിത്. അമേരിക്കയുടെ മൂന്നിലൊന്നുമാത്രമാണ് ചൈനയുടെ സൈനിക ബജറ്റ് എങ്കിലും പുതിയ മേഖലകളിലെ സാങ്കേതികമികവ് പരമാവധി സൈനികശേഷിയിൽ ഉൾച്ചേർക്കാൻ നടത്തിയ ശ്രമമാണ് ചൈനയുടെ പ്രധാന നേട്ടമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. നിർമിത ബുദ്ധിയുടെ ഉപയോഗം, ഇലക്‌ട്രോണിക് യുദ്ധോപകരണനിർമാണം, സൈബർ യുദ്ധത്തിനുള്ള ഉപകരണങ്ങൾ, ഇൻഫർമേഷൻ സാങ്കേതികവിദ്യയിലുള്ള മുന്നേറ്റം ഇവയെല്ലാംതന്നെ അമേരിക്കൻ ശേഷിയെപ്പോലും മറികടക്കുന്നതാണെന്ന നിരീക്ഷണവും പലരും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ട്രംപിന്റെ പ്രതികരണത്തിൽനിന്നുതന്നെ അമേരിക്കയുടെ ഉൽക്കണ്ഠകൾ വായിച്ചെടുക്കാം. "നിങ്ങൾ (ഷി) അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്’ എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്.
അതായത് ലോകത്ത് അമേരിക്കയുടെ ഏകഛത്രാധിപത്യം മാത്രമല്ല, പാശ്ചാത്യശക്തികളുടെ ആധിപത്യവും തകരാൻ തുടങ്ങിയിരിക്കുന്നു എന്ന് ഉറപ്പിച്ചുപറയാം.
അടുത്തിടെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയും തിയാൻജിനിൽ നടന്ന എസ്‌സിഒ ഉച്ചകോടിയും ബീജിങ്ങിൽ നടന്ന സൈനികപരേഡും ലോകത്തിന് നൽകുന്ന സന്ദേശവും ഇതാണ്. അമേരിക്കയുടെ ഭ്രാന്തമായ താരിഫ് യുദ്ധവും അവരോട് കൂറുപുലർത്തുന്ന രാഷ്ട്രങ്ങളെയടക്കം സാമന്തരാഷ്ട്രങ്ങളായിമാത്രം കാണുന്ന സമീപനവും രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ യഥേഷ്ടം ഇടപെടുന്ന സമീപനവുമാണ് പല രാജ്യങ്ങളെയും യുഎസിൽനിന്ന് അകറ്റുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ വിശ്വസനീയ പങ്കാളി ചൈനയാണെന്ന് പല രാജ്യങ്ങളും തിരിച്ചറിയാൻ തുടങ്ങിയത് സ്വാഭാവികം മാത്രം. ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുക എന്നത് ചൈനയുടെ നയമല്ല. ഗാർഡിയൻ പത്രത്തിന്റെ ചൈനാ ലേഖക ആമി ഹാക്കിൻസിന്റെ നിരീക്ഷണം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. അമേരിക്കയുടെ ലോക പൊലീസ് നയം അതേപടി ആവർത്തിക്കാൻ ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നുമാത്രമല്ല, മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ആദരിക്കാൻ അവർ എന്നും തയ്യാറായിട്ടുമുണ്ട്. ഇതാണ് ലോകരാജ്യങ്ങളെ ചൈനയോട് അടുപ്പിച്ചുനിർത്തുന്നത്. 150 രാഷ്‌ട്രങ്ങളാണ് ഇപ്പോൾ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കുന്നത്. ലോകക്രമം മാറുകയാണ്. പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കാണ് ആ മാറ്റം.









0 comments