വോട്ടറുണ്ട് സൂക്ഷിക്കുക

കൃഷ്‌ണ പൂജപ്പുര
Published on Mar 22, 2026, 11:04 AM | 3 min read
‘തെരഞ്ഞെടുപ്പിൽ ചിരിയുണ്ടോ?’ ഉണ്ട് സാറേ ഉണ്ട്. സീരിയസ് ജനാധിപത്യപ്രക്രിയയായ തെരഞ്ഞെടുപ്പിൽമാത്രമല്ല തൂണിലും തുരുന്പിലും സർവചരാചരങ്ങളിലും ചിരിയുണ്ട്. അത് കണ്ടെത്താൻ ഒറ്റക്കാര്യംമാത്രം കൈയിലുണ്ടായിരുന്നാൽ മതി. ചിരിക്കാൻ ഒരു മനസ്സ്. അതെന്നെക്കുറിച്ചാണോ, ഇത് ഇന്നാരെക്കുറിച്ചല്ലേ എന്നൊന്നും ചിന്തിക്കാതെ, ചുമ്മാ അങ്ങ് ചിരിക്കണം. ഇതാ പലപ്പോഴായി കേട്ട ചില തെരഞ്ഞെടുപ്പ് ചിരിക്കഥകൾ പറയാം. പാൻ ഇന്ത്യൻ കഥകളാണ്
വോട്ട് പിടിക്കാൻ
സ്ഥാനാർഥി വോട്ട് പിടിക്കാൻ ചെന്നപ്പോഴുണ്ട്, ഗൃഹനാഥൻ വീടിനുമുന്നിൽ പറന്പ് കിളയ്‌ക്കുന്നു. കൂടുതലൊന്നും ആലോചിച്ചില്ല. അവിടെ കണ്ട ഒരു മൺവെട്ടിയുമെടുത്ത് സ്ഥാനാർഥിയുമിറങ്ങി. ആത്മാർഥമായി കിളച്ചുമറിച്ചു. മറിക്കലിന്റെ ഇടയിൽ സ്ഥാനാർഥി ഗൃഹനാഥനോട് സ്വകാര്യമായി പറഞ്ഞു: ‘‘ചേട്ടാ ഞാൻ ഇൗ മണ്ഡലത്തിലെ സ്ഥാനാർഥിയാണ്. വോട്ട് എനിക്കുതന്നെ തരണം.’’
അതിന് മറ്റേ ആളിന്റെ മറുപടി: ‘‘അത് വീട്ടുകാരനോട് പറ. ഞാനും ഇവിടത്തെ സ്ഥാനാർഥിയാ. രാവിലെ തുടങ്ങിയ കിളയ്‌ക്കലാ. ഉച്ചയ്‌ക്കുമുന്പ് തീർക്കണം.’’
കണ്ടോ, തെരഞ്ഞെടുപ്പു ബഹളത്തിനിടയിൽ വോട്ടറേം സ്ഥാനാർഥിയേം ഒക്കെ തിരിഞ്ഞുപോകും. വോട്ടർക്കുവേണ്ടി സ്ഥാനാർഥികൾ എന്തും ചെയ്യും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലോ എന്നോ? അതിനെക്കുറിച്ചുമുണ്ട് ഒരു ചിരിക്കഥ.
ഒരു കക്ഷി കൂട്ടുകാരനോട് ചോദിക്കുകയാണ്: ‘‘തന്റെ ചേട്ടൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നല്ലോ. ഒരുപാട് വാഗ്‌ദാനങ്ങളൊക്കെ കൊടുത്തിരുന്നു. ഇപ്പോ എന്തുചെയ്യുന്നു?’’
കൂട്ടുകാരന്റെ മറുപടി: ‘‘ഇപ്പോ ഒന്നും ചെയ്യുന്നില്ല. ചേട്ടൻ ജയിച്ചു.’’
സൂക്ഷിക്കണ്ടേ
സ്ഥാനാർഥി വോട്ട് ചോദിച്ച് ചെന്നു. വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന രണ്ടുവയസ്സുകാരനെ സ്ഥാനാർഥി വാരിയെടുത്തു. ഉമ്മകൊടുത്തു. എന്നിട്ട് അവിടെ നിൽക്കുകയായിരുന്ന വോട്ടറോടും ഭാര്യയോടും തള്ളിമറിക്കൽ.
‘‘ചേട്ടന്റെ അതേ കണ്ണുകൾ. മൂക്ക് ഡിറ്റോ. ദാ ചെവി നോക്കണം. ചേട്ടന്റെ അതേ ചെവികൾ. വായ്, ചുണ്ട്, ദാ നെറ്റി, ദാ കണ്ടോ ചിരി കണ്ടോ. ചേട്ടനെ പതിച്ചുവച്ചേക്കുകാ. ഇതുപോലൊരു ഫോട്ടോകോപ്പി ഞാൻ ജന്മത്ത് വേറെ കണ്ടിട്ടില്ല.’’
സ്ഥാനാർഥിക്ക് അവിടെവച്ച് ഒടിഞ്ഞത് എട്ട് എല്ലാണ്. നാല് പല്ലും പോയി. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഐസിയുവിൽനിന്ന് ഇറങ്ങാൻ പറ്റീല്ല. കാരണമോ? കുഞ്ഞ് അപ്പുറത്തെ വീട്ടിലെ ആയിരുന്നു. അന്നത്തോടെ അവിടെ ഡൈവോഴ്‌സും നടന്നു. ചേട്ടനെക്കുറിച്ച് ചേച്ചിക്ക് നേരത്തേതന്നെ ചില്ലറ സംശയമുണ്ടായിരുന്നു.
കള്ളവും സത്യവും
സ്ഥാനാർഥി വീട്ടിൽ കിടന്ന് അട്ടഹാസത്തോട് അട്ടഹാസം. ‘‘മറ്റേ പത്രാധിപർ എന്നെ തുലയ്‌ക്കാൻവേണ്ടി ഒരുന്പെട്ടിരിക്കുകയാണ്. ദിവസവും എന്നെക്കുറിച്ച് പച്ചക്കള്ളങ്ങളാണ് അച്ചടിച്ച് വിടുന്നത്. ഞാനയാളെ കോടതി കയറ്റും. കുത്തുപാളയെടുപ്പിക്കും. എന്നെ അയാൾക്കറിഞ്ഞുകൂടാ.’’
ഒക്കെ ശ്രദ്ധിച്ചുനിന്ന സ്ഥാനാർഥിയുടെ ഭാര്യ ആശ്വസിപ്പിച്ചു. ‘‘ചേട്ടാ, സമാധാനിക്ക്. ചേട്ടനെക്കുറിച്ചുള്ള കള്ളങ്ങളല്ലേ പത്രാധിപർ അച്ചടിച്ചുള്ളൂ. ചേട്ടനെപ്പറ്റിയുള്ള സത്യങ്ങളൊക്കെയാണ് അച്ചടിച്ചിരുന്നതെങ്കിലോ.’’
സ്ഥാനാർഥി ഒന്ന് ഞെട്ടി. സത്യമാണല്ലോ. സത്യങ്ങളാണ് പുറത്തുവന്നതെങ്കിലോ. പിന്നെ തൂങ്ങിച്ചാകേണ്ടി വരുമായിരുന്നു. നന്ദി പത്രാധിപരേ നന്ദി. പക്ഷേ, സ്ഥാനാർഥിക്ക് പത്രാധിപർ പിന്നെയും പണി കൊടുത്തു. ഫോട്ടോയിലൂടെ.
ഫോട്ടോ
സ്ഥാനാർഥിയുടെ ഏജന്റ് സ്ഥാനാർഥിയെ ഉപദേശിച്ചു: ‘‘സാറേ സാറ് കർഷകസ്‌നേഹിയാണെന്ന് വോട്ടർമാരുടെ ഇടയിൽ ഒരു ധാരണ കൊണ്ടുവരണം. അതുകൊണ്ട് വയലിൽ ജോലിചെയ്യുന്ന തരത്തിൽ, കന്നുകാലികളുടെ ഇടയിൽ നിൽക്കുന്ന രീതിയിൽ ഒക്കെ ഫോട്ടോകളെടുത്ത് പത്രത്തിൽ അയക്കണം. കർഷകർ ഭൂരിപക്ഷമുള്ള ഇൗ മണ്ഡലത്തിൽ അതൊരു ചലനമുണ്ടാക്കും.’’
സ്ഥാനാർഥി ഫോട്ടോകളെടുത്ത് അയച്ചു. നേരം വെളുത്ത് പത്രം നോക്കി വീണ്ടും പത്രാധിപരെ തെറി വിളിച്ചു. ഭാര്യ വന്നപ്പോൾ പത്രം കാണിച്ച് സ്ഥാനാർഥി അട്ടഹസിച്ചു: ‘‘ദാ നോക്ക് പത്രാധിപർ എന്നെ അവഹേളിച്ചിരിക്കുന്നു.’’
ഭാര്യ ഫേ-ാട്ടോ നോക്കി: ‘‘മുൻ പേജിൽ വലുതായിത്തന്നെ കൊടുത്തിട്ടുണ്ടല്ലോ ചേട്ടാ. നല്ല കാര്യമല്ലേ പത്രാധിപർ ചെയ്‌തത്.’’
‘‘നീ അതിന്റെ അടിക്കുറിപ്പ് വായിക്ക്.’’ വായിച്ചു. അടിക്കുറിപ്പ് ഇങ്ങനെ: ‘പോത്തുകളുടെ ഇടയിൽ സ്ഥാനാർഥി. ഇടത്തുനിന്ന് നാലാമത്.’
കൂനിന്മേൽ കുരു
വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ സ്വതന്ത്രന് കിട്ടിയത് മൂന്ന് വോട്ട്. വീട്ടുകാർ സഹതാപം തോന്നി സ്ഥാനാർഥിയെ ആശ്വസിപ്പിക്കേണ്ട സമയം. പക്ഷേ, വീട്ടിൽ ഭാര്യ അയാളെ കഴുത്തിന് കുത്തിപ്പിടിച്ച് എയറിൽ നിർത്തി. ‘‘നിങ്ങൾക്ക് മൂന്ന് വോട്ട് കിട്ടി. ഒന്ന് നിങ്ങളുടെ, രണ്ടാമത്തേത് എന്റെ, മൂന്നാമത്തെ വോട്ട് ഏതവളുടേതാണെന്ന് എനിക്ക് ഇപ്പോ അറിയണം.’’
ഉത്തരം റെഡി
വോട്ട് ചോദിച്ച് ചെല്ലുന്ന സ്ഥാനാർഥിയോട് ഒരുമാതിരിപ്പെട്ട എല്ലാ വോട്ടർമാരും ‘‘കൊള്ളാം അതുപിന്നെ പറയണോ എന്റെ വോട്ട് സ്ഥാനാർഥിക്കുതന്നെ’’ എന്നുപറഞ്ഞ് സന്തോഷിപ്പിക്കുന്പോൾ ചില തീവ്ര വോട്ടർമാരുണ്ട്. സ്ഥലകാലം നോക്കാതെ സ്ഥാനാർഥികളോട് ചോദ്യം ചോദിച്ചുകളയും. അങ്ങനെ ഒരു വോട്ടർ സ്ഥാനാർഥിയോട് എല്ലാരും കേട്ടും കണ്ടും നിൽക്കെ തട്ടിക്കയറി.
‘‘സാറിനെ ജയിപ്പിച്ചാൽ രണ്ടുവർഷത്തിനകം ഇൗ ഗ്രാമത്തെ പട്ടണംപോലെ ആക്കാമെന്ന് പറഞ്ഞു. പക്ഷേ, ദാ ഇവിടെ പൊളിഞ്ഞ റോഡുകൾ, കുടിവെള്ളക്ഷാമം, കൃത്യമായി കറന്റില്ല, ഗുണ്ടാഭീഷണി’’ ഒന്നുനിർത്തി ആള് പൊട്ടിത്തെറിച്ചു. ‘‘ഇങ്ങനെയാണല്ലേ ഗ്രാമത്തെ പട്ടണമാക്കുന്നത്.’’
ഒട്ടും പതറാതെ ശാന്തനായി സ്ഥാനാർഥി പറയുകയാണ്: ‘‘അതിന് താൻ സിറ്റീൽ ഇൗയിടെയെങ്ങും വന്നിട്ടില്ല അല്ലേ. അവിടേം പൊളിഞ്ഞ റോഡുകളാണ്. കൊതുകുകടി, ഗുണ്ടാഭീഷണി, ജലക്ഷാമം ഒക്കെയുണ്ട്. ഇനി പറ, ഗ്രാമത്തെ സിറ്റിപോലെയും സിറ്റിയെ ഗ്രാമം പോലെയും ആക്കീലേ. പറ അനിയാ.’’
അനിയൻ പതറിനിന്നപ്പോൾ വോട്ടുറപ്പിച്ച സ്ഥാനാർഥി അനുയായികൾക്കൊപ്പം അടുത്ത വോട്ടറെ കാണാൻ നടന്നു.










0 comments