രാഷ്‌ട്രീയത്തിൽ ത്യാഗികൾ ഇല്ലത്രെ?


സാജൻ എവുജിൻ
Published on Jan 01, 2026, 03:14 PM | 2 min read
ദിവസേന അമ്പതും നൂറും പേജൊക്കെ വായിക്കുമെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു അഭിമുഖത്തിൽ ആധികാരികം എന്ന മട്ടിൽ ഉന്നയിച്ച ചോദ്യമാണിത്– രാഷ്‌ട്രീയത്തിൽ ത്യാഗികൾ ഇല്ലല്ലൊ? (മുഖ്യമന്ത്രിസ്ഥാനം ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കയായിരുന്നു അദ്ദേഹം). പക്ഷേ, തനിക്ക് ത്യാഗിയായി മാറാൻ കഴിയുമെന്നും സതീശൻ പറയുന്നു.
ശരിയായിരിക്കും;, വി ഡി സതീശൻ പരിചയിച്ച രാഷ്‌ട്രീയത്തിൽ ത്യാഗികൾ ഇല്ലായിരിക്കാം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകാൻ കഴിയാതെ പോയതാണ് ജീവിതത്തിൽ ഏറ്റവും വിഷമം ഉണ്ടാക്കിയ കാര്യമെന്ന് മുമ്പൊരിക്കൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. യുഡിഎഫ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പിന്നീടൊരിക്കൽ അദ്ദേഹം സങ്കടം പങ്കിട്ടത്. ഇപ്പോൾ ചാനൽ അഭിമുഖത്തിൽ രാഷ്‌ട്രീയപ്രവർത്തനത്തെക്കുറിച്ച് തന്റെ തത്വചിന്ത അവതരിപ്പിക്കുകയും ചെയ്‌തു.
കോൺഗ്രസ് നേതാവായാണ് സതീശൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. തനിക്കൊപ്പമുള്ള കോൺഗ്രസുകാരിൽ ത്യാഗബോധത്തോടെ നിലകൊള്ളുന്ന ആരുമില്ലെന്ന് ആക്ഷേപിക്കുകയാണ് സതീശൻ ചെയ്‌തിരിക്കുന്നത്. ഇതു ശരിയാണോ എന്ന് മറ്റ് കോൺഗ്രസുകാർ പറയട്ടെ. കുറഞ്ഞത് അയ്‌മനം സിദ്ധാർഥനാകാൻ പോലും സതീശൻ കോൺഗ്രസുകാരെ അനുവദിക്കുന്നില്ലെന്ന് വച്ചാൽ കഷ്ടാണ്.
മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. എന്തെങ്കിലും സ്ഥാനം പ്രതീക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെക്കുറിച്ച് കേട്ടിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസുകാരായ പലരും അതിനുമുമ്പ് ബ്രിട്ടീഷ്‌ഭരണത്തിന്റെ ആരാധകരായിരുന്നു. പുതിയ ഇന്ത്യയിൽ അവർ ഭരണത്തിന്റെ നടത്തിപ്പുകാരായി മാറുകയും ചെയ്‌തു; അമിതാധികാര വാഴ്‌ചയിലേയ്‌ക്കും ദുർഭരണത്തിലേയ്‌ക്കും രാജ്യം നീങ്ങി. അവശിഷ്ട കോൺഗ്രസ് കുടുംബാധിപത്യ പാർടിയായി മാറുകയും ചെയ്‌തു.
കോൺഗ്രസ് ഭാവിയിൽ ഇത്തരത്തിൽ അധഃപതനം നേരിടാൻ സാധ്യതയുണ്ടെന്ന് ഗാന്ധിജി മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. 1934 ഒക്ടോബർ 28ന് കോൺഗ്രസിൽനിന്ന് രാജിവച്ച് ഗാന്ധിജി ഇങ്ങനെ എഴുതി: ‘‘ കോൺഗ്രസുകാർ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന രാഷ്‌ട്രീയത്തിൽനിന്ന് വ്യതിചലിച്ച്, കേവലം നിയമസഭ–കൗൺസിൽ തെരഞ്ഞെടുപ്പ് ജയങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നു. കോൺഗ്രസുകാർ ക്രിയാത്മക പ്രവർത്തനങ്ങളിൽനിന്ന് അകലുകയും നിയമസഭകളിൽ പൊള്ളയായ പ്രസംഗങ്ങളിൽ അഭിരമിക്കുകയും ചെയ്‌താൽ രാഷ്‌ട്രീയത്തിന്റെ സത്ത അവർക്ക് നഷ്ടമാകും, പുറന്തോട് മാത്രം ശേഷിക്കും’’.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് തന്നെ കോൺഗ്രസിന്റെ അപചയം തിരിച്ചറിഞ്ഞ് ഗാന്ധിജി നടത്തിയ നിരീക്ഷണം ശരിയായി ഭവിച്ചിരിക്കുന്നു. കോൺഗ്രസുകാരിൽ ആരും ത്യാഗബോധത്തോടെ രാഷ്‌ട്രീയപ്രവർത്തനം നടത്താൻ തയ്യാറല്ല. അതിന്റെ കെടുതികളാണ് രാജ്യം കാണുന്നത്. കോൺഗ്രസിന് അധികാരം നഷ്ടമാകുന്ന ഇടങ്ങളിൽ അവർ ബിജെപിയിലേയ്‌ക്ക് ചേക്കേറുന്നു. കോർപറേറ്റ് പിന്തുണയോടെ ബിജെപി നടത്തുന്ന കൂറുമാറ്റ കച്ചവടങ്ങൾക്ക് കോൺഗ്രസുകാർ നിന്നുകൊടുക്കുന്നു. കോൺഗ്രസ് സ്ഥിരമായി പ്രതിപക്ഷത്തിരുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, അവർ ഭരണത്തിലിരുന്ന സംസ്ഥാനങ്ങളിലും എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ത്യാഗം ചെയ്യാൻ കോൺഗ്രസുകാർ ഒരുക്കമല്ലെന്ന് പറയുന്നത് പൂർണമായി ശരിയല്ല, അധികാരം നേടാൻ എന്തും ത്യജിക്കാൻ അവർ തയ്യാറാണ്. അതേസമയം, ത്യാഗധനരായ രാഷ്‌ട്രീയപ്രവർത്തകരുടെ പേരുകൾ പ്രത്യേകം പറയേണ്ടതില്ല; അവരെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ട്.










0 comments