ad
Deshabhimani

എസ്‌കോബാർ... കാൽപ്പന്ത് ലോകത്തെ രക്തസാക്ഷി

andres escobar.jpg
avatar
ജ്യോതിസ് [email protected]

Published on Jun 01, 2026, 03:56 PM | 3 min read

അമേരിക്കൻ ഐക്യനാടുകളിൽ (യുഎസ്എ) നടന്ന 1994ലെ ഫിഫ ലോകകപ്പ് വിശേഷങ്ങൾ


ഫുട്ബോൾ ചരിത്രത്തിൽ കണ്ണീരും ആവേശവും ഒരുപോലെ സമ്മാനിച്ച ടൂർണമെന്റുകളിലൊന്നായിരുന്നു 1994ൽ അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പ്. കാണികളുടെ എണ്ണത്തിലെ റെക്കോർഡുകൾക്കും നിയമങ്ങളിലെ നിർണായക മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച ലോകകപ്പ്, ഫുട്ബോൾ പ്രേമികളുടെ ഉള്ളുലച്ച ആന്ദ്രേസ് എസ്‌കോബാറിന്റെ കൊലപാതകം കൊണ്ടും ബ്രസീലിന്റെ ഐതിഹാസികമായ നാലാം കിരീട നേട്ടം കൊണ്ടും ചരിത്രത്തിൽ മായാതെ നിൽക്കുന്നു.


35,87,538


ടൂർണമെന്റിലുടനീളം ഔദ്യോഗിക കണക്കുകൾ പ്രകാരംആകെ 35,87,538 കാണികളാണ് മത്സരങ്ങൾ കാണാനെത്തിയത്. ഓരോ മത്സരത്തിനും ശരാശരി 68,991 പേരെന്ന ഈ റെക്കോഡ് ഇന്നും തകർന്നിട്ടില്ല. ലോകകപ്പിലെ ഒറ്റ മത്സരത്തിലെ കാണികളുടെ റെക്കോഡ് ഇപ്പോഴും 1950നാണ്. ജൂലൈ 16ന് മരക്കാന സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ–ഉ റുഗ്വായ് ഫൈനലിന് ഔദ്യോഗികമായി 1,73,850 കാണികളുണ്ടായിരുന്നു (യഥാർത്ഥത്തിൽ ഇത് രണ്ട് ലക്ഷത്തിലധികമായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്).


94 world cup stadium.jpg


വിജയത്തിന് മൂന്ന് പോയിന്റ്


ആക്രമണ ഫുട്ബോൾ പ്രോത്സാഹിപ്പിക്കാൻ ഗ്രൂപ്പ് ഘട്ടത്തിൽ വിജയത്തിന് രണ്ട് പോയിന്റിന് പകരം മൂന്ന് പോയിന്റ് നൽകുന്ന രീതി 94ലെ ലോകകപ്പിൽ ആദ്യമായി അവതരിപ്പിച്ചു


ബാക്ക്-പാസ് നിയമം


സ്വന്തം ടീമംഗം കാലുകൊണ്ട് നൽകിയ ബാക്ക്- പാസ് ഗോൾകീപ്പർ കൈകൊണ്ട് തൊടരുതെന്ന നിയമം ലോകകപ്പിൽ ആദ്യമായി കർശനമായി നടപ്പിലാക്കിയത് 94ലെ ടൂർണമെന്റിലായിരുന്നു.


1994 world cup.jpg


ജേഴ്സിയിൽ കളിക്കാരുടെ പേര്


ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി കളിക്കാർ ജേഴ്സിയുടെ പിന്നിൽ നമ്പറിനൊപ്പം തങ്ങളുടെ പേരുകളും പ്രദർശിപ്പിച്ചത് ഈ ലോകകപ്പിലാണ്. പരമ്പരാഗത കറുത്ത വസ്ത്രങ്ങളിൽ നിന്ന് മാറി, റഫറിമാർക്ക് ചുവപ്പ്, മഞ്ഞ, പോലുള്ള നിറങ്ങളിലുള്ള ഷർട്ടുകൾ ധരിക്കാൻ ഫിഫ ആദ്യമായി അനുമതി നൽകി.


സാലെങ്കോയുടെ അഞ്ച്


റഷ്യൻ താരം ഒലെഗ് സാലെങ്കോ (Oleg Salenko) കാമറൂണിനെതിരായ മത്സരത്തിൽ ഒറ്റയ്ക്ക് അഞ്ചു ഗോളുകൾ നേടി. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളുടെ റെക്കോർഡായി ഇത് തുടരുന്നു.


94 world cup goal.png

മില്ലയുടെ ചരിത്ര ഗോൾ


കാമറൂൺ ഇതിഹാസം റോജർ മില്ല റഷ്യക്കെതിരെ ഗോൾ നേടുമ്പോൾ അദ്ദേഹത്തിന് 42 വയസും 39 ദിവസവുമായിരുന്നു പ്രായം. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾസ്കോറർ എന്ന റെക്കോർഡ് ഇതോടെ അദ്ദേഹം സ്വന്തമാക്കി.


പുറത്താക്കപ്പെട്ട ആദ്യ ഗോൾകീപ്പർ


ഇറ്റലിയുടെ ജിയാൻലൂക്ക പഗ്ലിയൂക്ക (Gianluca Pagliuca) പെനാൽറ്റി ബോക്സിന് പുറത്തുവെച്ച് കൈകൊണ്ട് പന്ത് തൊട്ടതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ലോകകപ്പ് ചരിത്രത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്താക്കപ്പെടുന്ന ആദ്യ ഗോൾകീപ്പറായിരുന്നു അദ്ദേഹം.


മിന്നൽ ഹെഡ്ഡർ


ബ്രസീലിയൻ താരം റൊമാരിയോ സെമിഫൈനലിൽ സ്വീഡനെതിരെ അവരുടെ ഉയരക്കാരായ പ്രതിരോധ താരങ്ങൾക്കുമുകളിൽ കുതിച്ചുചാടി നേടിയ ഹെഡ്ഡർ ഗോൾ ലോകകപ്പിലെ ഐതിഹാസിക നിമിഷങ്ങളിലൊന്നായി മാറി.


Bebeto.png


ആരാരോ ആരിരാരോ


ബ്രസീൽ താരം ബെബറ്റോ (Bebeto) ഗോൾ നേടിയ ശേഷം തന്റെ കുഞ്ഞിന്റെ ജനനം ആഘോഷിച്ച് കൈകൊണ്ട് തൊട്ടിൽ ആട്ടുന്ന രീതിയിലുള്ള ഗോളാഘോഷം നടത്തി. പിന്നീട് അത് ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ ഗോളാഘോഷങ്ങളിലൊന്നായി മാറി.


ഒറ്റ ജർമ്മനിയും സ്വതന്ത്ര റഷ്യയും


1938ന് ശേഷം ആദ്യമായി കിഴക്കും പടിഞ്ഞാറും ജർമനികൾ ഒരുമിച്ചുചേർന്ന് ഏകീകൃത രാജ്യമായി ലോകകപ്പിൽ പങ്കെടുത്തു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം റഷ്യ ആദ്യമായി ഒരു സ്വതന്ത്ര രാജ്യമായി ലോകകപ്പിൽ കളിക്കാൻ എത്തിയത് അമേരിക്കയിലാണ്.


ഇൻഡോർ സ്റ്റേഡിയത്തിലെ ആദ്യ ലോകകപ്പ് മത്സരം


പോണ്ടിയാക് സിൽവർഡോം (Pontiac Silverdome) സ്റ്റേഡിയത്തിൽ നടന്ന അമേരിക്ക– സ്വിറ്റ്സർലൻഡ് പോരാട്ടം പൂർണ്ണമായും അടച്ചുറപ്പുള്ള ഒരു ഇൻഡോർ സ്റ്റേഡിയത്തിനുള്ളിൽ നടന്ന ആദ്യ ലോകകപ്പ് മത്സരമായി മാറി.


Fifa Hymn.jpg

ഫിഫ ആന്തം (FIFA Anthem/ Fifa Hymn )


​ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ മത്സരങ്ങൾക്ക് മുന്നോടിയായി കളിക്കാർ മൈതാനത്തേക്ക് പ്രവേശിക്കുമ്പോൾ ഉപയോഗിക്കുന്ന ആദ്യത്തെ ‘ഫിഫ ആന്തം’ ചിട്ടപ്പെടുത്തിയത് ജർമ്മൻ സംഗീതജ്ഞനായ ഫ്രാൻസ് ലാംബെർട്ട് (Franz Lambert) ആണ്. ഈ ലോകകപ്പ് മുതലാണ് വരികളില്ലാത്ത, പൂർണ്ണമായും ഉപകരണസംഗീതമായ (Instrumental music) ഈ ഗാനം ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് 2018ൽ പ്രശസ്ത സംഗീത സംവിധായകരായ ഹാൻസ് സിമ്മറും (Hans Zimmer) ലോൺ ബാൽഫും (Lorne Balfe) ചേർന്ന് "ലിവിങ് ഫുട്ബോൾ" (Living Football) എന്ന പേരിൽ പുതിയ ഫിഫ ആന്തം ഒരുക്കി. ഇതാണ് ഇപ്പോഴത്തെ പ്രവേശന ഗാനം.


Escobar.jpg


കാൽപ്പന്ത് ലോകത്തെ രക്തസാക്ഷി


1994 ജൂൺ 22ന് ആതിഥേയരായ അമേരിക്കയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് കൊളംബിയൻ പ്രതിരോധ താരം ആന്ദ്രേസ് എസ്‌കോബാർ (Andrés Escobar) അമേരിക്കൻ താരം ജോൺ ഹാർക്സ് നൽകിയ ക്രോസ്സ് തടയാൻ ശ്രമിക്കുന്നതിനിടയിൽ പന്ത് കാലിൽ തട്ടി സ്വന്തം ഗോൾകീപ്പർ ഓസ്കാർ കോർഡോബയെയും കടന്ന് വലയിൽ കയറിയത്.


മത്സരത്തിൽ കൊളംബിയ 2-1ന് പരാജയപ്പെട്ട് പുറത്തായി. ആ സെൽഫ് ഗോളിന്റെ വൈരാഗ്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ എസ്‌കോബാറിനെ 1994 ജൂലൈ രണ്ടിന് കൊളംബിയയിലെ മെഡെലിനിൽ വെച്ച് മാഫിയാ സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നീചവും കണ്ണീരണിയിക്കുന്നതുമായ ഓർമ്മയാണിത്..


94 final.jpg

ഗോൾരഹിത ഫൈനൽ


ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ ഒരേയൊരു തവണ മാത്രമാണ് ഫൈനൽ മത്സരം നിശ്ചിത സമയത്തും അധികസമയത്തും 0-0 എന്ന നിലയിൽ അവസാനിച്ചത്. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയെ 3-2 ന് തോൽപ്പിച്ച് ബ്രസീൽ നാലാം കിരീടം നേടി.


romario.jpg

മിന്നും താരങ്ങൾ


1994ൽ അമേരിക്കയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് നിരവധി ഇതിഹാസ താരങ്ങളുടെ മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബ്രസീലിനെ കിരീട വിജയത്തിലെത്തിച്ച റൊമാരിയോ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ കരസ്ഥമാക്കി. ആറു ഗോളുകൾ വീതം നേടി ബൾഗേറിയയുടെ ക്രിസ്റ്റോ സ്റ്റോയിച്ച്കോവും റഷ്യയുടെ ഒലെഗ് സാലെങ്കോയും ഗോൾഡൻ ഷൂ പങ്കിട്ടു. അഞ്ചു ഗോളുകളോടെ ഇറ്റലിയെ ഫൈനലിലെത്തിക്കുകയും ഫൈനലിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്ത റോബർട്ടോ ബാജിയോ ലോകകപ്പ് സിൽവർ ബോൾ നേടി. ബെൽജിയത്തിന്റെ മൈക്കൽ പ്രൂഡ്ഹോം മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരവും, നെതർലാൻഡ്സിന്റെ മാർക്ക് ഓവർമാർസ് മികച്ച യുവതാരത്തിനുള്ള അവാർഡും നേടി.


maradona.jpg


'കാർപാത്തിയൻ മറഡോണ' എന്നറിയപ്പെടുന്ന ഗിയോർഗി ഹാജി റൊമാനിയയെ ക്വാർട്ടർ ഫൈനൽ വരെ എത്തിച്ചപ്പോൾ പൗളോ മാൾഡീനി ഇറ്റലിയുടെ മികച്ച പ്രതിരോധ നിരയ്ക്ക് ചുക്കാൻ പിടിച്ചു. ഉത്തേജക മരുന്ന് വിലക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്നും പുറത്തായെങ്കിലും ഡീഗോ മറഡോണ ഗ്രീസിനെതിരെ നേടിയ ഗോളും, ബ്രസീലിനെ വിജയത്തിലേക്ക് നയിച്ച ഇതിഹാസ നായകൻ ദുംഗയുടെ പ്രകടനവും അവിസ്മരണീയമായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home