എകെജി ഇവിടെയെവിടെയോ ഉണ്ട്


സ്വാതി സുജാത
Published on Mar 22, 2026, 10:59 AM | 2 min read
"എംഎസ്‌പി നഗറിലെ താമസത്തിനുശേഷം വിട്ടുപോരുമ്പോൾ ആ കോളനിവാസികൾ നൽകിയ യാത്രയയപ്പ് ഞങ്ങളെ കരയിപ്പിച്ചു. ലൈലമോളുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസംഘത്തിലെ ബാലികാബാലന്മാരും കുടുംബവും ഞങ്ങളുടെ ജീവിതവുമായി അത്രയധികം ഇഴുകിച്ചേർന്നിരുന്നു’. "എന്റെ ജീവിതകഥ'യിൽ എ കെ ജി തിരുവനന്തപുരത്തെ എംഎസ്‌പി നഗറിലെ മനുഷ്യരെയും ബാലസംഘത്തെയും അടയാളപ്പെടുത്തിയത് നിറകണ്ണുകളോടെയാണ്.
ജീവിതം മുഴുവൻ തെരുവിലും പാർലമെന്റിലും പാവപ്പെട്ടവന്റെ ശബ്ദമായി മുഴങ്ങിയ വിപ്ലവകാരി, ശാരീരിക അവശതകളിൽ തളർന്നുനിൽക്കുമ്പോഴും ചുറ്റുമുള്ളവരിലേക്ക് വെളിച്ചം പകരുകയായിരുന്നു. 1974-ൽ ചികിത്സയ്‌ക്ക് തിരുവനന്തപുരത്ത് എത്തുമ്പോൾ, തന്റെ രോഗത്തെക്കാൾ അദ്ദേഹം കരുതൽ നൽകിയത് എംഎസ്‌പി നഗറിലെ മനുഷ്യർക്കായിരുന്നു. തൊഴിലാളികൾ, കർഷകർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. രോഗബാധിതനായിരിക്കുമ്പോഴും അവരുടെ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടു.
എംഎസ്‌പി നഗറിനരികിലെ കുളത്തിനോട് ചേർന്ന് താമസിച്ചിരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ നോട്ടീസ് ലഭിച്ചപ്പോഴും അദ്ദേഹം ഇടപെട്ടു. പകരം സ്ഥലം നൽകാതെ അവരെ ഇറക്കിവിടരുതെന്ന് കലക്ടർക്ക് കത്തെഴുതി, അവർക്ക് അനുകൂല തീരുമാനം ഉറപ്പാക്കി. കാലുകൾക്ക് സ്വാധീനമില്ലാത്ത യുവാവിനെ സഹായിക്കാൻ അധികാരികൾക്ക് കത്തുകൾ അയച്ചു. താമസിച്ച വീടിന് പരിസരത്തുള്ള എഴുപതോളം കുട്ടികളെ ചേർത്ത് ബാലസംഘം രൂപീകരിച്ച് ആഴ്‌ചയിലൊരിക്കൽ മണിക്കൂറുകളോളം അവർക്കൊപ്പം ചെലവഴിച്ചു.
ഓർമകളിൽ
‘1974ൽ ചികിത്സയ്ക്കായാണ് എ കെ ജി തിരുവനന്തപുരത്തെത്തിയത്. ദാ ഇൗ വീട്ടിലാണ് താമസിച്ചത്’, എ കെ ജി താമസിച്ചിരുന്ന വീട് ചൂണ്ടി അന്നത്തെ ബാലസംഘത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന ആർ പി ശിവജി പറഞ്ഞുതുടങ്ങി. ‘ഒരു ഞായറാഴ്‌ച പകൽ ഇൗ മുറ്റത്ത് ഞങ്ങളെ വിളിച്ചുകൂട്ടി. അന്നിവിടെ തുറന്ന പ്രദേശമായിരുന്നു.
എഴുപതോളം കുട്ടികളുണ്ടായിരുന്നു. പത്രവായനയും കളിയും പാട്ടുമൊക്കെയായി ആഘോഷം. പിന്നീട് എല്ലാ ഞായാറാഴ്‌ചയും മൂന്നുമണിക്കൂറോളം ഞങ്ങൾക്കൊപ്പം എ കെ ജിയും ഉണ്ടാകും. അദ്ദേഹം ആരാണെന്നോ അദ്ദേഹത്തിന്റെ രാഷ്‌ട്രീയമെന്താണെന്നോ അറിയില്ലായിരുന്നു. രാഷ്‌ട്രീയം പറയാതെ ഞങ്ങളിൽ ഒരു രാഷ്‌ട്രീയം ഉണ്ടാക്കാൻ അദ്ദേഹത്തിനായി. അനാരോഗ്യത്തിന്റെ അവശതകളിലും പാർടിയുടെ അടിത്തറ ശക്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.’ അന്ന് എ കെ ജി തുടക്കമിട്ട വായന ക്ലബുകൾ, പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ, വീട്ടുവളപ്പുകളിലെ സാംസ്‌കാരിക പരിപാടികൾ ഇവയെല്ലാം ഇന്നും പിന്തുടരുന്നു.
"ഞങ്ങൾക്കിടയിൽ രാഷ്ട്രീയമില്ല, മതവും ജാതിയുമില്ല. സൗഹാർദമാണ്. ബാലസംഘത്തിലൂടെ വളർന്നതുകൊണ്ട് ഉണ്ടായതാണ് ഇൗ ആത്മബന്ധം. ഞങ്ങളിൽ ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനൊപ്പം കലാ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എ കെ ജി'– വി ജയദേവൻ പറഞ്ഞു. ജയചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ഭാസ്കരൻ, ജയൻ, തുടങ്ങി എല്ലാവരിലും എ കെ ജി ഇന്നുമുണ്ട്, പാട്ടും കളിയും തമാശകളും രാഷ്‌ട്രീയ ബോധ്യങ്ങളുമായി എ കെ ജി ഇവിടെയെവിടെയോ ഉണ്ടെന്ന വിസ്വാസം.
പൂജപ്പുര ആയുർവേദ ആശുപത്രി സൂപ്രണ്ട് അപ്പുക്കുട്ടൻ നായരുടെയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള ചികിത്സയ്‌ക്കാണ് എംഎസ്‌പി നഗറിലെ വാടകവീട്ടിൽ എ കെ ജി എത്തിയത്. സുശീലാ ഗോപാലനും എ കെ ജിയും അവിടെ താമസിക്കുമ്പോൾ, അവർ ആ കോളനിയിലെ ഓരോ വീടിന്റെയും ഭാഗമായി മാറി.
ബാലസംഘത്തിലെ കുട്ടികൾക്ക് അദ്ദേഹം നൽകിയ സ്നേഹം വെറുമൊരു വാത്സല്യമായിരുന്നില്ല, അവരെ നല്ല പൗരന്മാരായി വളർത്താനുള്ള കരുതൽ കൂടിയായിരുന്നു. കളികളിലൂടെയും പാട്ടുകളിലൂടെയും അവരിൽ സാഹോദര്യത്തിന്റെ വിത്തുകൾ പാകി. അതുകൊണ്ടുതന്നെയാണ്, അവിടെനിന്ന് മടങ്ങേണ്ടി വന്നപ്പോൾ ആ ബാല്യങ്ങൾ പൊട്ടിക്കരഞ്ഞത്.










0 comments