ഓർമച്ചിത്രത്തിലെ സഖാക്കൾ ബ്രിട്ടോയ‌്ക്ക‌് വിടനൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2019, 07:41 PM | 0 min read

കൊച്ചി>‘തോൽക്കാനാകാത്ത മനസ്സാ‌ണ് സൈമൺ ബ്രിട്ടോ. അവന്റെ കണ്ണുകളിൽ അതു വായിച്ചെടുക്കാം’. 38 വർഷം മുമ്പെടുത്ത ബ്ലാക്ക‌് ആൻഡ‌് വൈറ്റ‌് ചിത്രത്തിലെ ബ്രിട്ടോയെ ചൂണ്ടി പഴയ സമരസഖാവ‌് സുരേഷ‌്കുറുപ്പ‌് പറഞ്ഞു. എറണാകുളം ടൗൺഹാളിൽ സൈമൺ ബ്രിട്ടോയെ അവസാനമായി യാത്രയാക്കാൻ എത്തിയവരിലേറെയും എസ‌്എഫ‌്ഐ പ്രവർത്തനകാലത്തെ സഹപ്രവർത്തകരായിരുന്നു. 1980ൽ എറണാകുളത്ത‌ുവച്ച‌് പരസ‌്പരം തോളിൽ കൈയിട്ടെടുത്ത ആ ചിത്രത്തിൽ ബ്രിട്ടോയ‌്ക്കൊപ്പം ഉണ്ടായിരുന്നവർ ഒരുമിച്ചാണ‌് പ്രിയസഖാവിന‌് അന്ത്യാഭിവാദ്യം അർപ്പിച്ചത‌്. സുരേഷ‌്കുറുപ്പ‌്, ടി വി ഗോപിനാഥ‌്, എൻ കെ വാസുദേവൻ, സി പി ജീവൻ, അശോക‌് ചെറിയാൻ എന്നിവർ അന്ത്യാഭിവാദ്യം നൽകാൻ ഒരുമിച്ചെത്തി. ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ഡോ. കെ എൻ ഗണേഷിന‌് ആ സമയം എത്താനായില്ല.

ഇരിക്കുന്നത് ഇടത്തുനിന്ന് സൈമണ്‍ ബ്രിട്ടോ, ടി വി ഗോപിനാഥ്, എന്‍ കെ വാസുദേവന്‍, കെ എന്‍ ഗണേഷ്. നില്‍ക്കുന്നവര്‍(ഇടത്തുനിന്ന്( സി പി ജീവന്‍, കെ സുരേഷ്‌കുറുപ്പ്, അശോക് എം ചെറിയാന്‍

കേര‌ള സർവകലാശാല യൂണിയൻ സംഘടിപ്പിച്ച നാടകോത്സവത്തിന്റെ ഭാഗമായാണ‌് അവർ ഒരുമിച്ച‌് ചിത്രമെടുത്തത‌്. യൂണിവേഴ‌്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനത്തുനിന്ന‌് സുരേഷ‌്കുറുപ്പ‌് ഒഴിഞ്ഞകാലം. അന്ന‌് ഇന്ദുചൂഡനാണ‌് ചെയർമാൻ. നാടകോത്സവത്തിന്റെ സംഘാടകരായിരുന്നു സുരേഷ‌്കുറുപ്പ‌് അടക്കമുള്ളവർ. എല്ലാവരും എസ‌്എഫ‌്ഐയുടെ നേതാക്കൾ. വീണുകിട്ടിയ ഇടവേളയിൽ എടുത്ത ചിത്രമായിരുന്നു അത‌്. ആരുടെയോ കൈവശമുണ്ടായിരുന്ന അതിന്റെ കോപ്പി ഈയടുത്താണ‌് സാമൂഹ്യമാധ്യമംവഴി  ലഭിച്ചത‌്. സൈമൺ ബ്രിട്ടോ കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയപ്പോൾ പ്രചരിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്‌ ഇതായിരുന്നു. കെഎസ‌്‌യു നേതാവിന്റെ കുത്തേറ്റ‌് വീൽചെയറിലാകുന്നതിനു മുന്നെയുള്ള ബ്രിട്ടോയുടെ ചിത്രങ്ങൾ വിരളമാണുതാനും.

1970കളുടെ പകുതിയിലാണ‌് സൈമൺ ബ്രിട്ടോ എസ‌്എഫ‌്ഐ ജില്ലാ നേതൃത്വത്തിലേക്കെത്തുന്നത‌്. അന്ന‌് കോട്ടയം ജില്ലാ ഭാരവാഹിയായിരിക്കെയാണ‌് താൻ ബ്രിട്ടോയുമായി അടുത്തതെന്ന‌് സുരേഷ‌്കുറുപ്പ‌് പറയുന്നു. ഇതിഹാസതുല്യമായ ജീവിതമാണ‌് ബ്രിട്ടോ നയിച്ചത‌്. ഞാൻ കണ്ട ഏറ്റവും നിഷ‌്കളങ്കനും ധീരനും കാപട്യമില്ലാത്തവനും ഭീതിയില്ലാത്തവനുമായിരുന്നു ബ്രിട്ടോ. മാരകമായി പരിക്കേറ്റ‌് മരണത്തിൽനിന്ന‌ു തിരിച്ചുകയറിയത‌് ബ്രിട്ടോയുടെ ധീരത ഒന്നുകൊണ്ടു മാത്രമായിരുന്നു. ബ്രിട്ടോയ‌്ക്ക‌് ഇനി അധികസമയമില്ലെന്ന‌് വിധിയെഴുതിയിടത്തുനിന്നാണ‌് മൂന്നരപ്പതിറ്റാണ്ടിലധികം കേരളത്തിന്റെ രാഷ്ട്രീയജീവിതത്തിൽ സജീവമായി ബ്രിട്ടോ പ്രവർത്തിച്ചത‌്. വീൽചെയറിലിരുന്ന‌് രാജ്യം മുഴുവൻ സഞ്ചരിച്ചു. പുസ‌്തകങ്ങളെഴുതി, ഇടതടവില്ലാതെ പ്രസംഗിക്കാൻ പോയി. ഇത്തരമൊരു ജീവിതം മറ്റൊരാൾക്കും സാധ്യമാകില്ല. പരിചയപ്പെട്ടവർക്കെല്ലാം സ‌്നേഹം വാരിക്കോരി കൊടുത്താണ‌് ബ്രിട്ടോ മടങ്ങിയത‌്. എനിക്കും കിട്ടി അതിൽ നല്ലൊരു പങ്ക‌് എന്നു പറഞ്ഞുനിർത്തുമ്പോൾ സുരേഷ‌്കുറുപ്പിന്റെ കണ്ണുകളും ഈറനണിഞ്ഞു.

എസ‌്എഫ‌്ഐയുടെ സംസ്ഥാന വൈസ‌് പ്രസിഡന്റായിരിക്കെയാണ‌് ബ്രി ട്ടോയ‌്ക്ക‌് കുത്തേൽക്കുന്നത‌്. അടിയന്തരാവസ്ഥയ‌്ക്കുശേഷം മഹാരാജാസ‌് കോളേജിൽ കെഎസ‌്‌യു ശക്തി പ്രാപിച്ചപ്പോൾ യൂണിയൻ തെരഞ്ഞെടുപ്പിന‌് എസ‌്എഫ‌്ഐയുടെ ചുമതലക്കാരനായിരുന്നു ബ്രിട്ടോ. അന്ന‌് ലോ കോളേജ‌് വിദ്യാർഥിയായ ബ്രിട്ടോയുടെ നേതൃത്വത്തിലാണ‌് കോളേജ‌് യൂണിയൻ എസ‌്എഫ‌്ഐ തൂത്തുവാരുന്നത‌്. ആ തോൽവി ഏൽപ്പിച്ച ആഘാതമാണ‌് കെഎസ‌്‌യുവിനെ ആക്രമണത്തിനു പ്രേരിപ്പിച്ചത‌്.



deshabhimani section

Related News

View More
0 comments
Sort by

Home