ad
Deshabhimani

ആശയവിനിമയത്തിന്റെ പരിണാമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 26, 2018, 05:11 PM | 0 min read


ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഒരു ഐപോഡുകൊണ്ടോ ഇ–-മെയിൽ കൊണ്ടോ ടെലിഫോൺ കൊണ്ടോ എന്തിന് ഒരു പുഞ്ചിരികൊണ്ടും നമുക്കത് സാധ്യമാണ്. എന്നാൽ ഇന്നത്തേപ്പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്നലെകൾ. രാജാവിന്റെ സന്ദേശവാഹകരായ ഭൂതൻമാരും അഞ്ചലോട്ടക്കാരും പെരുമ്പറ മുഴക്കുന്നവരുമെല്ലാം സന്ദേശങ്ങൾ കൈമാറിയ കാലം വെറും നൂറുവർഷങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്. എന്നാൽ ഇന്ന് ഇങ്ങനെയല്ല കാര്യങ്ങൾ. ഭൂമിക്കപ്പുറമുള്ള ഗ്രഹങ്ങളിലേക്കും നക്ഷത്രാന്തര ലോകത്തേക്കും സന്ദേശങ്ങൾ അയക്കാനും അവിടെനിന്നുവരുന്ന സന്ദേശങ്ങൾ സ്വീകരിക്കാനും നമുക്ക് കഴിയും. വാർത്താവിനിമയമേഖലയിൽ ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായ പുരോഗതി മറ്റേതൊരു ശാസ്ത്രസാങ്കേതിക മേഖലയിലുമുണ്ടായ വളർച്ചയെ അതിശയിപ്പിക്കുന്നതാണ്.

ഭാഷയില്ലാതെയും
സന്ദേശങ്ങൾ കൈമാറുന്നതിന് വിവിധ രീതികളുണ്ട്. സംസാരത്തിലൂടെ, പാട്ടിലൂടെ, കൂക്കുവിളിയിലൂടെ കൈകൊട്ടലിലൂടെ, ആംഗ്യത്തിലൂടെയെല്ലാം സന്ദേശങ്ങൾ കൈമാറാൻ കഴിയും. മൃഗങ്ങളും പക്ഷികളും സന്ദേശങ്ങൾ കൈമാറുന്നുണ്ട്. എന്നാൽ അവർക്ക് മനുഷ്യരേപ്പോലെ ഭാഷ ഉപയോഗിക്കാൻ കഴിയില്ല. കാരണം മനുഷ്യമസ്തിഷ‌്കത്തിന്റെ വികസനം മറ്റു ജന്തുമസ്തിഷ‌്കങ്ങൾക്കുണ്ടായിട്ടില്ല. മനുഷ്യരേപ്പോലെ ശരീരഭാഷകൊണ്ട് മറ്റു ജന്തുക്കൾക്കും സന്ദേശങ്ങൾ കൈമാറാൻ കഴിയും.

ഭാഷയും
എന്തുകൊണ്ടാണ് മറ്റു ജന്തുകളിൽനിന്ന് വ്യത്യസ്തമായി മനുഷ്യർ വിവിധ ഭാഷകൾ സംസാരിക്കുന്നത്? ശിലാ യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് തീയെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും അത് കെട്ടു പോകാതെ സൂക്ഷിക്കേണ്ടതിനേക്കുറിച്ചും മാത്രമേ സംസാരിക്കാനുണ്ടാകൂ. എന്നാൽ മനുഷ്യൻ ഭൂമിയിൽ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് മാറിയതും ആവശ്യങ്ങൾ ഏറിയതും മസ്തിഷ‌്കത്തിന്റെ വളർച്ചയുമാണ് വ്യത്യസ്ത ഭാഷകൾ രൂപപ്പെടാൻ കാരണമായത്. ഒരു യൂണിവേഴ്സൽ ലാംഗ്വേജ് എന്ന രീതിയിൽനിന്ന‌് പ്രാദേശിക ഭാഷകൾ രൂപംകൊള്ളുന്നതും ഇക്കാലത്താണ്. ഇന്ന് ആറായിരത്തിലധികം വ്യത്യസ്ത ഭാഷകളിലൂടെയാണ് മനുഷ്യർ പരസ്പരം ആശയ വിനിമയം നടത്തുന്നത്. ശരീരഭാഷകൾക്ക് പുറമെ യാണിത്. ജനസംഖ്യയും അധിനിവേശവും പ്രാദേ ശിക ഭാഷകളെ വ്യാപകമാക്കുന്നതിനും കാരണ മായി. ചൈനീസ് ഭാഷയാണ് ഇന്ന് ലോകത്തിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്നത്.


കളിമൺ ഫലകങ്ങളും മൃഗത്തോലുകളുമായിരുന്നു ആദ്യപുസ്തകങ്ങൾ എഴുതാനുപയോഗിച്ച മാധ്യമങ്ങൾ. പിന്നീട് മരത്തോലുകളും പാപ്പിറസുകളും പുസ്തകങ്ങളുടെ മാധ്യമങ്ങളായി. എഴുത്താണിയും കരിമഷിയുമെല്ലാം ചേർന്ന് വരച്ച അക്ഷരങ്ങൾക്ക് പുതിയ രൂപവും ഭാവവും ലഭിച്ചത് അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടുകൂടിയാണ്

എഴുത്ത്‌ സാങ്കേതിക വിദ്യകളും
ഭാഷയ്ക്ക് ജീവനുണ്ടാകുന്നത് സംസാരിക്കുമ്പോഴാണല്ലോ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ സാപിയൻസ് സംസാരിക്കാൻ ആരംഭിച്ചെങ്കിലും ഏതുകാലഘട്ടത്തിലാണ് ഏത് ജനസമൂഹമാണ് ലിഖിതഭാഷ ആരംഭിച്ചതെന്ന് കൃത്യമായി പറയാൻ കഴിയില്ല. കച്ചവടം ആരംഭിച്ച കാലത്തായിരിക്കും ലിഖിതഭാഷ രൂപപ്പെട്ടതെന്ന് കരുതുന്നു. ആദ്യകാലത്ത് ലിഖിതഭാഷ ചിത്രരൂപത്തിലായിരുന്നു. സൂമേറിയക്കാരും ഈജീഷ്യൻസുമായിരുന്നു ലിഖിതഭാഷ ആദ്യമായി പ്രചാരത്തിലെത്തിച്ചത്. ഇത്തരം ചിത്രലിഖിതങ്ങളാണ് പിന്നീട് അക്ഷരമാലയുടെ ഉത്ഭവത്തിന് കാരണമായത്.  5000 വർഷങ്ങൾക്കു മുമ്പാണ് ആദ്യത്തെ പുസ്തകങ്ങൾ രൂപംകൊണ്ടത്.

കളിമൺ ഫലകങ്ങളും മൃഗത്തോലുകളുമായിരുന്നു ആദ്യപുസ്തകങ്ങൾ എഴുതാനുപയോഗിച്ച മാധ്യമങ്ങൾ. പിന്നീട് മരത്തോലുകളും പാപ്പിറസുകളും പുസ്തകങ്ങളുടെ മാധ്യമങ്ങളായി. എഴുത്താണിയും കരിമഷിയുമെല്ലാം ചേർന്ന് വരച്ച അക്ഷരങ്ങൾക്ക് പുതിയ രൂപവും ഭാവവും ലഭിച്ചത് അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടുകൂടിയാണ്. യൂറോപ്യനായ യൊഹാൻ ഗുട്ടൻബെർഗ് ആണ് അച്ചടിയന്ത്രം കണ്ടുപിടിച്ചത്. ബി സി 1400ൽ ചൈനക്കാർ അച്ചടിയന്ത്രത്തിന്റെ ഒരു ആദ്യപതിപ്പ് നിർമിച്ചിരുന്നെങ്കിലും ചൈനീസ് ചിത്രലിപി അച്ചടിക്കാൻ അത് പര്യാപ്തമായിരുന്നില്ല. വിസ‌്മൃതിയിലായിപ്പോയ ആദ്യ അച്ചടിയന്ത്രത്തിനുശേഷം എ ഡി 1450ൽ ഗുട്ടൻബെർഗ് നിർമിച്ച അച്ചടിയന്ത്രത്തോടുകൂടിയാണ് ലിഖിതഭാഷയുടെ ആധുനികരൂപം കൈവന്നത്. 1452ൽ ഗുട്ടൻബെർഗ് അച്ചടിയന്ത്രത്തിൽ ബൈബിൾ പ്രിന്റ് ചെയ്യപ്പെട്ടു. ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം എന്ന ബഹുമതിയും ബൈബിളിന് ലഭിച്ചു.     

ലിഖിതഭാഷ ആദ്യമായും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് സൈനികരായിരുന്നു. യുദ്ധ മുന്നണിയിലേക്കും തിരിച്ച് രാജകൊട്ടാരത്തിലേക്കും ദൂതൻമാർ നിരന്തരം സന്ദേശങ്ങളുമായി സഞ്ചരിച്ചിരുന്നു. ഇതാണ് തപാൽ സംവിധാനത്തിന്റെ തുടക്കം. പുരാതന ഈജിപ‌്തിൽ ഇത്തരം സന്ദേശവിതരണ സംവിധാനം 5000 വർഷങ്ങൾക്ക് മുമ്പുമുതൽ ആരംഭിച്ചിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം ഇത്തരം സന്ദേശ വാഹക–-വിതരണ സമ്പ്രദായവും വിസ‌്മൃതിയിലായിത്തീർന്നു. പിന്നീട് മധ്യകാലഘട്ടത്തിലാണ് ഇത്തരം സന്ദേശവാഹക സമ്പ്രദായം പുനരാരംഭിച്ചത്. പോസ്റ്റിയ എന്ന ലത്തീൻ വാക്കിൽനിന്നാണ് പോസ്റ്റ് ഉണ്ടായത്. നിശ‌്ചയിക്കപ്പെട്ടത് എന്നാണീ വാക്കിന്റെ അർഥം. ജൂലിയസ് സീസറിന്റെ ഭരണകാലത്ത് റോമാ സാമ്രാജ്യത്തിൽ സന്ദേശവാഹകർ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പോസ്റ്റ് സ്റ്റേഷനുകളിൽ സന്ദേശങ്ങൾ എത്തിക്കാനാരംഭിച്ചു. ജൂലിയസിന്റെ മരണശേഷം അധികാരത്തിലെത്തിയ അഗസ്റ്റസ് സീസർ ഈ പോസ്റ്റേജ് സംവിധാനം കൂറേക്കൂടി വിപുലമാക്കി. സന്ദേശങ്ങൾക്കു പുറമെ പണവും നിർമാണ ഉപകരണങ്ങളും മൃഗങ്ങളുംവരെ പോസ്റ്റേജ് വഴി കൈമാറ്റം ചെയ്യാൻ അഗസ്റ്റസിന്റെ കാലത്ത് കഴിഞ്ഞിരുന്നു.

    17–-ാം  നൂറ്റാണ്ടുവരെ കത്തുകൾ ലഭിച്ചിരുന്ന വ്യക്തി സന്ദേശവാഹകന് നേരിട്ട് പണം നൽകുകയായിരുന്നു. പണം ലഭിച്ചാൽ സന്ദേശവാഹകൻ കത്തയച്ച വ്യക്തിക്ക് അതിന്റെ റെസീപ്റ്റ് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. പിന്നീട്‌ ആദ്യത്തെ പോസ്റ്റൽ സ്റ്റാമ്പ‌് നിലവിൽ വരികയും ചെയ്തു. ബി സി 2500 മുതൽ ഈജിപ്തിൽ പ്രാവുകളെ സന്ദേശവാഹകരായി ഉപയോഗിച്ചിരുന്നു. 1870–-71 കാലഘട്ടത്തിൽ നടന്ന ജർമൻ–-ഫ്രഞ്ച് യുദ്ധത്തിൽ എയർമെയിൽ സന്ദേശങ്ങൾ കൈമാറുന്നതിന് യന്ത്രങ്ങൾക്കൊപ്പം ഇത്തരം പ്രാവുകളെയും ഉപയോഗപ്പെടുത്തിയിരുന്നു.

1969ൽ ചില അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ കംപ്യൂട്ടറുകളുടെ വാർത്താവിനിമയ ശേഷി വർധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആരംഭിച്ചു. കംപ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പരീക്ഷണമാണ് ഗവേഷകർ നടത്തിയത്. ഇന്റർനെറ്റ് എന്ന വേൾഡ് വൈഡ് നെറ്റ‌് വർക്കിന്റെ ഉത്ഭവം അങ്ങനെയാണുണ്ടായത്

കംപ്യൂട്ടർ വന്നതോടെ മാറ്റം വേഗത്തിൽ
19–-ാം  നൂറ്റാണ്ടായപ്പോഴേക്കും വൈദ്യുതി ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചു. ആദ്യം മോർസ് കോഡും പിന്നീട് ടെലിഫോണും ഒടുവിൽ കംപ്യൂട്ടറുകളുടെ സഹായത്തോടെയുള്ള ഇ–-മെയിലിങ്ങും സന്ദേശങ്ങൾ കൈമാറുന്നത് ധ്രുതഗതിയിലെത്തിച്ചു. കംപ്യൂട്ട് ചെയ്യുക അല്ലെങ്കിൽ കണക്കുകൂട്ടുക എന്നർഥമുള്ള പ്രയോഗത്തിൽ നിന്നാണ് കംപ്യൂട്ടർ എന്ന വാക്കിന്റെ പിറവി. ഇത്തരം കണക്കുകൂട്ടൽ യന്ത്രങ്ങൾക്ക് 3000 വർഷത്തെ ചരിത്രമുണ്ട്. എന്നാൽ ഇന്ന് കംപ്യൂട്ടർ എന്ന് വിളിക്കുന്ന ഉപകരണത്തിന് വെറും 75 വർഷത്തെ പാരമ്പര്യമേ ഉള്ളൂ. ഇന്ന് ഇനി കംപ്യൂട്ടറുകൾ ഇല്ലാത്ത ലോകത്തേക്കുറിച്ച് മനുഷ്യർക്ക് ചിന്തിക്കാൻപോലും കഴിയില്ല.

1969ൽ ചില അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ കംപ്യൂട്ടറുകളുടെ വാർത്താവിനിമയ ശേഷി വർധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആരംഭിച്ചു. കംപ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പരീക്ഷണമാണ് ഗവേഷകർ നടത്തിയത്. ഇന്റർനെറ്റ് എന്ന വേൾഡ് വൈഡ് നെറ്റ‌് വർക്കിന്റെ ഉത്ഭവം അങ്ങനെയാണുണ്ടായത്. വേൾഡ് വൈഡ് വെബ് എന്ന മേൽവിലാസമുപയോഗിച്ച് ഇന്ന് ലോകത്തെവിടെയുമുള്ള വ്യക്തികൾക്ക് പ്രകാശവേഗതയിൽ ബന്ധപ്പെടാൻ സാധിക്കും. വിവരങ്ങൾ കൈമാറുന്നതിനും സന്ദേശങ്ങൾ അയ്ക്കുന്നതിനും ഇന്ന് കംപ്യൂട്ടറുകളാണ്ഏറെപ്പേരും ഉപയോഗിക്കുന്നത്.

കംപ്യൂട്ടറിലെ പ്രോഗ്രാമുകൾ തകരാറാക്കുന്ന ആന്റി പ്രോഗ്രാമുകൾ നിർമിക്കുന്ന ഹാക്കർമാരും ഇന്നുണ്ട്. കംപ്യൂട്ടർ വൈറസ് എന്നാണി ആന്റി–-പ്രോഗ്രാമുകൾ അിറയപ്പെടുന്നത്. ഇന്റർനെറ്റ് വഴി ഇത്തരം വൈറസുകൾ ലോകമൊട്ടാകെയുള്ള കംപ്യൂട്ടറുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും കഴിയും. രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും രഹസ്യങ്ങൾ ചോർത്തുന്നതിനും ശേഖരിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ നഷ്ടപ്പെടുന്നതിനും ബാങ്കിങ‌് മേഖലയും പ്രതിരോധമേഖലയും വ്യോമ–-നാവിക–-കര ഗതാഗത സംവിധാനം താറുമാറാക്കുന്നതിനും ഇത്തരം വൈറസ് പ്രോഗ്രാമുകൾക്ക് കഴിയും ഇതിനെതിരെയുള്ള ആന്റി വൈറസ് പ്രോഗ്രാമുകളും ഇപ്പോൾ നിർമിക്കപ്പെട്ടിട്ടുണ്ട്.

ഭൂമിയിൽ മാത്രമല്ല ഭൂമിക്കപ്പുറത്തും ഇന്ന് കംപ്യൂട്ടർ സന്ദേശമെത്തിക്കുന്നുണ്ട്. ബഹിരാകാശ പര്യവേഷണത്തിൽ കംപ്യൂട്ടർ ഒഴിച്ചുകൂടാനാകാത്ത യാഥാർഥ്യമായിക്കഴിഞ്ഞു. ഭൂമിക്കു വെളിയിലുള്ള ഗ്രഹങ്ങളിൽ പര്യവേഷണത്തിലേർപ്പെട്ടിരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളിൽനിന്ന് ഭൂമിയിലേക്ക് സന്ദേശങ്ങൾ എത്തുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയാണ്. ഇപ്പോൾ സൗരയൂഥവും കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ പേടകങ്ങളിൽനിന്നുള്ള സന്ദേശങ്ങളും ഭൂമിയിലെത്തുന്നുണ്ട്. ഇതെല്ലാം കംപ്യൂട്ടറുകളുടെ സഹായത്താലാണ് നടക്കുന്നത്. നമ്മുടെ കൈയിലുള്ള സ‌്മാർട്ട‌്ഫോൺ വളരെ സങ്കീർണ സംവിധാനങ്ങളുള്ള ഒരു കൊച്ചു കംപ്യൂട്ടറാണ്.

നാളെ ഒരു പക്ഷെ സന്ദേശങ്ങൾ കൈമാറാൻ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരില്ല. ശരീരത്തിനുള്ളിൽ തന്നെ ഇംപ്ലാന്റ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പുകൾ ഉപയോഗിച്ച് ഫോണും കംപ്യൂട്ടറുമൊന്നുമില്ലാതെ തന്നെ വ്യക്തികൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. അത്തരം മനുഷ്യ–-യന്ത്രസംഘാതങ്ങളെ സൈബോർഗുകൾ എന്നാണ് വിളിക്കുന്നത്. അതെ മനുഷ്യൻ സൈബോർഗ് ആയി പരിണമിച്ചു കൊണ്ടിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home