മാർക്കറ്റ് പച്ചക്കറികൾ ഉപയോഗിക്കും മുമ്പെ

മാർക്കറ്റിൽനിന്നു വാങ്ങുന്ന പച്ചക്കറികളിൽ പലതിലും വലിയതോതിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന തിരിച്ചറിവാണ് നമ്മെ ജൈവകൃഷിയിലേക്ക് നയിച്ചത്. എന്നാൽ, ഇന്നും നമുക്ക് സ്വയംപര്യപ്‌തമാകാനായില്ലെന്നതിനാൽ പച്ചക്കറിക്ക് മാർക്കറ്റിനെ ആശ്രയിച്ചേപറ്റൂ. ഇത്തരം പച്ചക്കറികൾ വാങ്ങി ഉപയോഗിക്കുമ്പോൾ ഓരോ കുടുംബവും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്താകണമെന്നതാണ് ചുവടെ പ്രതിപാദിക്കുന്നത്. ശ്രദ്ധയോടെ കൈകാര്യം ചെയ്‌തില്ലെങ്കിൽ വിഷസങ്കലനം ആഹാരത്തിലൂടെ ഉണ്ടാകാനിടയുണ്ട്. പാകംചെയ്യുംമുമ്പേ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ഇലക്കറികൾ, മറ്റിനം പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് മാർക്കറ്റിൽനിന്നും വാങ്ങുന്നവ. ഇവയെ പ്രത്യേകവിധത്തിൽ കൈകാര്യം ചെയ്യണം.
ഇലക്കറികൾ
ചീര, കറിവേപ്പില, മല്ലിയില എന്നിവയാണ് മാർക്കറ്റിൽനിന്നു കൂടുതലായി വാങ്ങുന്നവ. കീട, കുമിൾ നാശിനികൾ തളിച്ചവയാണ് പലതും. ഇവയുടെ തണ്ടും ഇലയും ടാപ്പുവെള്ളത്തിൽ പലതവണ കഴുകണം. അതിനുശേഷം വാളൻപുളി കുരുകളഞ്ഞ് ഒരു നെല്ലിക്കാ വലിപ്പത്തിലെടുത്ത് മൂന്നുലിറ്റർ വെള്ളത്തിൽ അലിയിച്ചുചേർത്ത് ലായനി അരിച്ചെടുക്കുക. ഇതിൽ 15 മിനിറ്റ‌് ഇല മുക്കിവയ‌്ക്കുക (പ്രത്യേക പാത്രങ്ങളിൽ ഓരോന്നും മുക്കിവയ‌്ക്കുന്നതാണ് നല്ലത്). വെള്ളം വാർത്തശേഷം വീണ്ടും ശുദ്ധവെള്ളത്തിൽ കഴുകി ഈർപ്പംപോയശേഷം ഇഴയകന്ന തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയോ അപ്പപ്പോൾ ഉപയോഗിക്കുകയോ ചെയ്യാം.
മറ്റിനം പച്ചക്കറികൾ
വെള്ളരി, പാവൽ, പടവലം, പീച്ചിൽ, ഇളവൻ, മത്തൻ, കുമ്പളം തുടങ്ങിയവയൊക്കെ മാർക്കറ്റിൽനിന്നു വാങ്ങാറുണ്ട്. പാവയ‌്ക്ക മുള്ളുള്ളതിനാൽ മൃദുലമായ ഒരു വാഷിങ‌് ബ്രഷ് ഉപയോഗിച്ച് അധികം അമർത്താതെ ടാപ്പ്‌വെള്ളത്തിൽ ഉരസി കഴുകുക. പിന്നീട് 40 മി. ലി. വിനാഗിരി രണ്ടുലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനിയിൽ 15 മിനിറ്റുമുക്കുക. പിന്നീട് ശുദ്ധവെള്ളത്തിൽ കഴുകി, ഒരു കൂട്ടയിൽ ഇട്ടുവയ‌്ക്കുക. വെള്ളത്തിന്റെ അംശം പൂർണമായും പോയശേഷം തൽസമയമോ ഫ്രിഡ്‌ജിൽവച്ച് അടുത്തദിവസമോ ഉപയോഗിക്കാം. പടവലം, വെള്ളരി, മത്തൻ, കുമ്പളം, പീച്ചിൽ എന്നിവ വിനാഗിരിലായനിയിൽ 15 മിനിറ്റ‌് മുക്കിയശേഷം ബാസ്‌കറ്റിൽ കുത്തനെവച്ച് ജലാംശം വാർന്നുപോകണം. പിന്നെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. വഴുതന, തക്കാളി, പച്ചമുളക്, കാപ്‌സിക്കം എന്നിവയും വിനാഗിരിലായനിയിൽ മുക്കി 15 മിനിറ്റിനുശേഷം ശുദ്ധവെള്ളത്തിൽ കഴുകി ഒരു രാത്രി വയ‌്ക്കുക. അടുത്തദിവസം ഉപയോഗിക്കാം. ബാക്കി ഫ്രിഡ്‌ജിൽവയ‌്ക്കാം.
ക്വാളിഫ്‌ളവറിന്റെ കാര്യത്തിൽ ചെറിയ തണ്ടുകളാക്കി അടർത്തിയശേഷം 40 മി. ലി. വിനാഗിരി 2 ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനിയിൽ 15 മിനിറ്റ‌് മുക്കുക. തുടർന്ന് പലതവണ ശുദ്ധമായ പച്ചവെള്ളത്തിൽ കഴുകി ഉപയോഗിക്കാം. ക്യാബേജിന്റെ ഒന്നുരണ്ട് പുറം ഇല മാറ്റിക്കളയണം. പിന്നീട് കഴുകി കാറ്റിൽ ഉണക്കിസൂക്ഷിക്കാം.
കിഴങ്ങുവർഗങ്ങൾ
ചേമ്പ്, ചേന, കാച്ചിൽ, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ പുറംഭാഗത്ത് പറ്റിയ മണ്ണും അഴുക്കും കഴുകിവൃത്തിയാക്കുക. ജലാംശംപോയശേഷം ഇഴയകന്ന തുണിയിൽവയ‌്ക്കാം. ഫ്രിഡ്‌ജിലും ചെറുകഷണങ്ങളാക്കി വയ‌്ക്കാം. പാകം ചെയ്യാനെടുക്കുമ്പോൾ തൊലി ചെത്തിമാറ്റിവേണം ഉപയോഗിക്കാൻ. ഈ രീതിയിൽ ധാരണയോടെ മുൻ കരുതലോടെവേണം ഉപയോഗിക്കാൻ.








0 comments