സംയോജിത കൃഷി എന്ത് എങ്ങിനെ.

മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ‌്ക്കും അനുഗുണമായ ഒരു കൃഷി രീതിയാണ് സംയോജിതകൃഷി. നമ്മുടെ പൂർവികർ ദശകങ്ങൾക്കുമുമ്പ‌് സ്വന്തംകൃഷിയിടത്തിൽ പ്രാവർത്തികമാക്കിയ രീതിയുടെ ഒരു പരിഷ്കൃതരൂപമെന്നു പറയാം; വിവിധ കാർഷികരീതികളുടെ സംയുക്തസംരഭങ്ങളെന്നും പറയാം. ഒരു യൂണിറ്റ് കൃഷിയിടത്തിൽനിന്നു മെച്ചപ്പെട്ട ആദായം ഇതുവഴി ലഭ്യമാക്കാൻ കഴിയും. പ്രാഥമികമായി ചെയ്യേണ്ടത് മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾതന്നെ. ഭൂമിയുടെ കിടപ്പനുസരിച്ച് പ്രവർത്തനങ്ങളാകാം. കർക്കടകക്കിളയും തുലാക്കിളയും തെങ്ങിൻതടം തുറക്കലുമൊക്കെ നല്ല പ്രവൃത്തികളാണ്. ഒരുസെന്റ് സ്ഥലത്ത് പെയ്തിറങ്ങുന്ന ലക്ഷത്തിൽപ്പരം ലിറ്റർ വെള്ളത്തെ എങ്ങനെയൊക്കെ സംരക്ഷിക്കാമെന്നത‌് ഇനി വരുംനാളുകളിൽ കൂടുതൽ പ്രസക്തമാകുന്നു.
നെൽക്കൃഷി, സമ്മിശ്രക്കൃഷി, വിവിധ തട്ടുകൃഷി, തെങ്ങ്, കുരുമുളക് കവുങ്ങ്, പഴവർഗങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങി ഒട്ടുമിക്ക ഇടവിളകളും കൃഷിസ്ഥലത്തിനനുസരിച്ച് നട്ടു പരിപാലിക്കുക. ഒപ്പം പശു, ആട്, കോഴി, താറാവ്, മുയൽ, മൽസ്യംവളർത്തൽ, എമു, എരുമ, തേനീച്ചവളർത്തൽ എന്നിവയിൽ സാധ്യമായ മൃഗസംരക്ഷണ പ്രവർത്തനങ്ങളുമാകാം. കൂൺകൃഷിയും ലാഭകരംതന്നെ. സൗകര്യപ്രദമായ രീതിയിൽ ഇവയെ സംയോജിപ്പിക്കാം.
ഒന്ന് ഒന്നിന് വളവും ആശ്രയവുമാകുന്നതാണ് മേൽപ്പറഞ്ഞ കൃഷിരീതികൾ. പ്രദേശികമായ ജൈവവിഭവങ്ങൾവഴി മണ്ണ് വളക്കൂറുള്ളതും ജൈവസമ്പന്നവുമാകുന്നു. ഈർപ്പസംരക്ഷണം സാധ്യമാകുന്നു. വായുസഞ്ചാരമേറുന്ന മണ്ണിൽ ജീവാണുക്കളുടെ പ്രവർത്തനം വർധിക്കുന്നു. സൂക്ഷ്മജീവികൾ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച‌് ചെടികൾക്കാവശ്യമായ മൂലകങ്ങൾ പ്രദാനം ചെയ്യുന്നു. കൃഷിയിടത്തിലെ വേലിവിളകളിൽനിന്നും തോട്ടത്തിലെ മറ്റ് ജൈവാവശിഷ്ടങ്ങളിൽനിന്നും പക്ഷിമൃഗാദികളുടെ വിസർജ്യവും ജൈവവളലഭ്യത വർധിപ്പിക്കും. മണ്ണിരക്കമ്പോസ്റ്റ് കമ്പോസ്റ്റ്‌കുഴികൾ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയും ജൈവളലഭ്യത വർധിപ്പിക്കും.
വർധിച്ചുവരുന്ന താപനിലയെ നിയന്ത്രിക്കാൻ കൃഷിയിടങ്ങളിലെ ജൈവകാർബൺ സഹായകമാകും. സംയോജിത കൃഷിരീതിയിൽ വിളപരിക്രമവും പയർവർഗവിളകളുമാകാം. ജീവാണുവളങ്ങളും വളർച്ചാത്വരകങ്ങളും കൃഷിയിടങ്ങളിൽ ഉപയോഗിക്കണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മൂലകങ്ങൾ മണ്ണിൽ ചേർത്തുകൊടുക്കണം. രാസവസ്തുക്കൾ അളവറ്റരീതിയിൽ മണ്ണിൽ പ്രയോഗിച്ചുകൂടാ. വേനലിൽ ജലസേചനം എല്ലാ വിളകൾക്കും അത്യാവശ്യംതന്നെ. ജലദൗർലഭ്യത പരിഹരിക്കാൻ കണികജലസേചനം പോലുള്ള ശാസ്ത്രീയരീതികളാകാം.
ആത്യന്തികമായി മണ്ണിന് പുതുജീവൻ നൽകി ഉൽപ്പാദനക്ഷമത ഉയർത്തുകയാണ് ലക്ഷ്യം. അങ്ങനെയാകുമ്പോൾ 10 സെന്റ് സ്ഥലത്തെ നെൽക്കൃഷിയിൽനിന്നു ചുരുങ്ങിയത് 300 കി.ഗ്രാം നെല്ല്, പച്ചക്കറിയാണെങ്കിൽ 600 മുതൽ 800 കി.ഗ്രാം നാളീകേരം തെങ്ങൊന്നിൽനിന്നു 100 തേങ്ങ, വാഴയൊന്നിന് ശരാശരി 15 കി.ഗ്രാം എന്ന നിലയിൽ ഉൽപ്പാദനം സാധ്യമാക്കാനും ഒപ്പം മൃഗസംരക്ഷണ മേഖലയിലെ വരുമാനവുമാകുമ്പോൾ കൃഷി നല്ല ലാഭകരമാക്കാനും കഴിയും. പ്രളയാനന്തരകേരളത്തിന് സംയോജിതകൃഷി ഗുണകരംതന്നെ.
പക്ഷേ, ഒട്ടേറെ പ്രവർത്തനങ്ങളും അധ്വാനവും നല്ല ഒരു മനസ്സും ഉണ്ടെങ്കിലേ വിജയപഥത്തിലെത്താൻ കഴിയൂ. ഒട്ടേറെ വിജയകഥകൾ നമ്മുടെ മുമ്പിലുണ്ട്.








0 comments