നെൽക്കൃഷിയിൽ കീടനിയന്ത്രണം ജൈവരീതിയിൽ

രാസവിഷം തളിക്കാതെതന്നെ നെൽക്കൃഷിയിൽ കീടരോഗനിയന്ത്രണം സാധിക്കുമെന്ന‌് ശാസ‌്ത്രം വ്യക്തത വരുത്തിയിട്ടുണ്ട‌്. പ്രയോഗത്തിൽ കൊണ്ടുവരാത്തതാണ‌് പ്രശ‌്നം. പലരും നെൽക്കൃഷിയെന്നു പറയുമ്പോൾ പഴയ കീടനാശിനിയെക്കുറിച്ച‌് ഓർത്തുപോകുന്നു. പകരക്കാരനെ പരിചയപ്പെടുന്നില്ലെന്നതാണ‌് സത്യം. വിത്ത‌് തെരഞ്ഞെടുക്കുമ്പോഴും നിലം ഒരുക്കുമ്പോഴും തുടർന്നുള്ള സൂക്ഷ‌്മതല പരിശോധനയിലും നിരീക്ഷണത്തിലുമെല്ലാം ശ്രദ്ധിക്കുകയും ചില പ്രകൃതിസൗഹൃദനടപടികൾ സ്വീകരിക്കുകയുംചെയ്‌താൽ ഇത‌് സാധിക്കും. പരിസ്ഥിതി സൗഹൃദകൃഷി, സംരക്ഷിതകൃഷി എന്നൊക്കെ ഇതിനെ പറയാം. അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങൾ കുറിക്കുന്നു.
നിലമൊരുക്കുമ്പോൾ:
മുൻ കൃഷിക്കാലത്തെ അവശിഷ്ടങ്ങൾ മാറ്റുകയോ കത്തിക്കുകയോ ചെയ്യുക. കീടമുട്ടകളോ/കുമിൾതന്തുക്കളോ ഇതിൽ ഉണ്ടാകാം. നിലം നന്നായി 20 സെന്റിമീറ്റർ എങ്കിലും ആഴത്തിൽ കിളച്ച‌് രണ്ടുമൂന്നു തവണ കട്ടയുടച്ച‌് ഉഴുതുമറിക്കുക. സൂര്യതാപം ഏൽപ്പിക്കുകയും കളകൾ നശിപ്പിക്കുകയും ചെയ്യുക. മണ്ണിൽ കുമ്മായവസ‌്തുക്കൾ ഉപയോഗിച്ച‌് അമ്ലത കുറയ‌്ക്കുക. വരമ്പുകൾ ചളികോരിവച്ച‌് കളകൾ വളരുന്നത‌് തടയുക.
വിത്തൊരുക്കുമ്പോൾ:
കുമിൾരോഗം തടയാൻ ജൈവ കുമിൾനാശിനിയായ ‘സ്യൂഡോ മോണസ‌്’ ലായനിയിൽ വിത്ത‌് കുതിർത്ത‌് ഉപയോഗിക്കുക. ചില കീടങ്ങൾ ധാരാളം കാണുന്നിടത്ത‌് പ്രതിരോധയിനം നെൽവിത്ത‌് ഉപയോഗിക്കുക. ഉദാഹരണം: മുഞ്ഞ–-ഗാളീച്ച തടയാൻ: ഉമ, രേവതി, രമ്യ, പഞ്ചമി, പവിത്ര, ഭാഗ്യ, അരുണ, മകം, രശ‌്മി, കനകം, കാർത്തിക, നിള, ധന്യ, കൈരളി. തണ്ടുതുരപ്പൻ: കാഞ്ചന, ധന്യ, മകം, രശ‌്മി, നിള, കുഞ്ഞുകുഞ്ഞ‌്, കരുണ. ഓലചുരുട്ടി: കൈരളി, സാഗര, ദീപ‌്തി.
വളം ചെയ്യുമ്പോൾ:
ആലവളം ചേർക്കുമ്പോൾ ‘ട്രൈക്കോഡർമ’ എന്ന മിത്രകുമിൾചേർത്ത‌് വംശവർധന നടത്തിയശേഷം ഉപയോഗിക്കുക.
പച്ചച്ചാണകം, -ഗോമൂത്രം തുടങ്ങിയവയ‌്ക്ക‌് പ്രാമുഖ്യം നൽകുക. അവശ്യാധിഷ‌്ഠിത രാസവളപ്രയോഗം നടത്തുക. അധികരിക്കാതെ സൂക്ഷിക്കുക.
പരിസ്ഥിതിസൗഹൃദ പരിചരണം
ഇതിൽ ഊന്നൽ നൽകുന്നത‌്, നിരീക്ഷണത്തിലൂടെ പാടത്തുള്ള മിത്രകീടങ്ങളെയും ശത്രുകീടങ്ങളെയും തിരിച്ചറിഞ്ഞ‌് സൗഹൃദകീടങ്ങളെ സംരക്ഷിച്ചുനിർത്തുക എന്നതാണ‌്.
പച്ചത്തുള്ളൻ, ചിലന്തി, വെള്ളത്തിലാശാൻ (ജലക്കൂറ), ഇലചുരുട്ടിപ്പുഴുവിനെ തിന്നുന്ന ബീറ്റിൽ, ചീവീട‌്, റോവ‌് ബീറ്റിൽ, ഉയരത്തിൽ പറന്നുകളിക്കുന്ന തുമ്പികൾ എല്ലാം മിത്രകീടങ്ങളാണ‌്. ചാഴിയെ തിന്നുന്ന ചീവീടുകളെ സംരക്ഷിക്കണം. ഇവയെല്ലാം ശത്രുകീടമുട്ടയെയും പുഴുക്കളെയും പ്രാണികളെയും നശിപ്പിക്കും.
കാർഡ‌് പ്രയോഗം:
തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവ കൂടുതലായുള്ളിടങ്ങളിൽ ഇവയുടെ മുട്ടയെയും പുഴുക്കളെയും തിന്നുന്ന മിത്രകീടങ്ങളുടെ മുട്ടയുള്ള കാർഡുകൾ ലഭ്യമാണ‌്. ഇത‌് ഹെക്ടറിൽ അഞ്ച‌് കാർഡ‌് എന്ന തോതിൽ നൂലിൽകെട്ടി നെൽനിരപ്പിൽനിന്ന‌് അൽപ്പം താഴ‌്ത്തിക്കെട്ടുകയോ ഓലയിൽ പിൻചെയ്യുകയോ ചെയ്യുക. മുട്ട വിരിഞ്ഞ പുഴുക്കൾ ഇവ തിന്നും.
ചാഴിപോലുള്ള കീടങ്ങളെ തടയാൻ കായം, വെളുത്തുളളി, കാന്താരി എന്നിവ ചേർത്തരച്ച ലായനി തളിക്കുക.
ഒാലചുരുട്ടിയെ തടയാൻ വെള്ളം വാർത്തുകളയുകയും ചൂടിക്കയർകൊണ്ട‌് ഓലയുടെ മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും വലിച്ച‌് ചുരുൾനിവർത്തി പുഴുക്കളെ താഴെവീഴ‌്ത്തുകയോ ചെയ്യാം.








0 comments