നാട്ടിൽ ഹിറ്റാണ് ഈ പിള്ളേരുടെ എല്‍ഇഡി ബള്‍ബും സോളാര്‍ വഴിവിളക്കും

ബിപിസി കോളേജിലേക്ക് വരൂ... അവിടെ എൽഇഡി ബൾബുകളും സോളാർ തെരുവുവിളക്കും നിർമിക്കുന്ന വിദ്യാർഥികളെ കാണാം. പ്രകൃതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിന് പുനരുപയോഗ ഊർജങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ആശയം ഉയർത്തിപ്പിടിച്ചാണ് വിദ്യാർഥികൾ എൽഇഡി ബൾബിന്റെയും സോളാർ തെരുവുവിളക്കിന്റെയും നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ നിർമിച്ച എൽഇഡി ബൾബുകൾ കോളേജിനുള്ളിൽത്തന്നെയാണ് വിൽക്കുന്നത്. വിൽപ്പനയിലെ ലാഭം ഉപയോഗിച്ച് ബിപിസി കോളേജിനു സമീപത്തെ എല്ലാ വീടുകളിലും സൗജന്യമായി എൽഇഡി ബൾബുകൾ വിതരണംചെയ്യാനും ഈ വിദ്യാർഥികൾക്ക് കഴിയുന്നു.
കോളേജിലെ എംഎസ്‌സി ഇലക‌്ട്രോണിക്‌സ് വിഭാഗത്തിലെ വിദ്യാർഥികളാണിവർ. പഠനത്തോടൊപ്പം പഠിച്ചവ പ്രായോഗികമാക്കാനും അതുവഴി സാമൂഹ്യസേവനം നടത്താനും ശ്രമിക്കുകയാണ് വിദ്യാർഥികൾ. തങ്ങൾക്കറിയാവുന്ന അറിവ് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും ഇവർ സന്നദ്ധരാണ്. കോളേജിനു പുറത്തെത്തി സൗജന്യമായി എൽഇഡി ബൾബുകൾ വിതരണംചെയ്യുമ്പോൾ ഊർജസംരക്ഷണത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും ലഘുലേഖകൾ വിതരണംചെയ്യാനും അവർ സമയം കണ്ടെത്തുന്നു. പിറവം മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഈ വിദ്യാർഥികൾ ഇതിനകം വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് എൽഇഡി നിർമാണപരിശീലനം നൽകിക്കഴിഞ്ഞു.
കുട്ടികൾ നിർമിച്ച സോളാർ തെരുവുവിളക്ക‌് കോളേജിലും സമീപപ്രദേശങ്ങളിലും വൻ ഹിറ്റാണ്. രാത്രി തനിയെ കത്തുകയും പകൽ കെടുകയും ചെയ്യുന്ന സോളാർ തെരുവുവിളക്കുകൾ കോളേജ് ക്യാമ്പസിലും പിറവം മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം കാര്യക്ഷമമായി ഇപ്പോഴും പ്രവർത്തിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ മാത്രമല്ല, പഠനത്തിലും ഈ വിദ്യാർഥികൾ മികവുപുലർത്തുന്നു. എംജി യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക്ക് പരീക്ഷകളിലെല്ലാം മികച്ച വിജയമാണ് ഇവർ നേടിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ, വകുപ്പു മേധാവി ഡോ. ബെഞ്ചമിൻ വർഗീസ്, അധ്യാപകരായ പ്രൊഫ. ബിൻസ് ജോൺ, പ്രൊഫ. ലിൻസി ജോർജ്, പ്രൊഫ. ഡോണ മരിയ റോയ്, പ്രൊഫ. എബില മാത്യു എന്നിവർ വിദ്യാർഥികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നു.








0 comments