തുലാക്കിളയുടെ പ്രാധാന്യവും രീതിയും

![]()
‘തുലാക്കിള’ എന്ന കാർഷിക പരിചരണമുറയ‌്ക്ക് പാരമ്പര്യമായും ശാസ്‌ത്രീയമായും ഏറെ പ്രാധാന്യമുണ്ട്. ഈ പ്രവൃത്തി ഇന്ന് വളരെയധികം പരിമിതപ്പെട്ടുവരുന്നത് ശ്രദ്ധേയമാണ്. ഇത് മണ്ണിലും വിളകൾക്കും ചെയ്യുന്ന ധർമം എന്താണെന്നു വേണ്ടത്ര മനസ്സിലാക്കാത്തതിനാലാണിത്. ഈ തുലാമഴക്കാലത്ത് ഈ പ്രവൃത്തി പ്രായോഗികമാക്കാൻ ശ്രമിക്കണം.
എന്താണ് തുലാക്കിള:
വളരെ ലളിതമായ ഒരു പ്രവൃത്തിയാണിത്. വിളകൾക്കിടയിൽ (കരപ്പറമ്പിലെ ദീർഘകാല വിളകൾക്കിടയിൽ) ഒഴിവുവരുന്ന മണ്ണുള്ള ഇടം തൂമ്പകൊണ്ട് കിളച്ചിട്ട് നിരത്തിവയ‌്ക്കുക എന്നതാണിത്. ഇതിനുമുമ്പേ കർക്കിടകത്തിൽ ഈ ഭാഗം കിളച്ച് കൂനകൂട്ടിയും തറരൂപത്തിൽ കൂട്ടിയും വെച്ചിരിക്കും. ഇങ്ങനെ കർക്കിടകക്കിളയോടെ പെയ്യുന്ന മഴവെള്ളം ഒലിച്ചുപോകാതെ മണ്ണിൽ കിനിഞ്ഞിറങ്ങി മണ്ണിനെയും ജലത്തെയും സംരക്ഷിച്ചുനിർത്തുന്നു. ഒപ്പം തെങ്ങ്, കമുക് പോലുള്ള സ്ഥായിവൃക്ഷങ്ങളുടെ വേരുപടലങ്ങൾ മൺപ്രതലത്തിൽ നിറഞ്ഞുനിൽക്കുന്നതൊഴിവാക്കാനും ഈ കർക്കിടകക്കിള പ്രയോജനംചെയ്യും. തുടർന്ന് തുലാമഴ അവസാനിക്കുന്നതോടെ ഈ കൂന തട്ടിനിരപ്പാക്കുന്നതാണ് തുലാക്കിള. കർക്കിടകക്കിള നടത്താത്ത ഇടങ്ങളിൽ തുലാക്കിള കിളച്ച് മണ്ണ് പരുവപ്പെടുത്തിയും ഇതു ചെയ്യും. (ഇതിനെ ചിലയിടങ്ങളിൽ ‘ഒറ്റക്കിള’ എന്നു പറയും).
പ്രയോജനങ്ങൾ എന്തൊക്കെ:
തുലാമഴക്കാലത്ത് പെയ്യുന്ന മഴവെള്ളത്തെ പരമാവധി മണ്ണിലേക്ക് ഊർന്നിറങ്ങുന്നതും തെങ്ങ്, കവുങ്ങ്, കുരുമുളക് പോലുള്ള ദീർഘകാലവിളകൾക്ക് തടംതുറന്ന് വളപ്രയോഗം നടത്തുന്നതും തുലാമഴക്കാലത്തെ കാർഷികപ്രവൃത്തിയാണ്. ഇങ്ങനെ തടംതുറന്ന ഭാഗം വെട്ടി മണ്ണ് നിരപ്പാക്കേണ്ടതുണ്ട്. ഇതുകൂടി തുലാക്കിളയുടെ ലക്ഷ്യമാണ്. ഇങ്ങനെ ചെയ്യുന്നത് തുടർന്നുവരുന്ന വേനൽക്കാലത്ത‌് മണ്ണിൽ ഏൽക്കുന്ന സൂര്യതാപാഘാതം കുറയ‌്ക്കാനും, ജലബാഷ്‌പീകരണം കുറയ‌്ക്കാനും സഹായിക്കും. മണ്ണ് 15 സെ. മീറ്റർ ആഴത്തിൽ കിളച്ചശേഷം പൊടിച്ച് മണ്ണ് ഉപരിതലത്തിൽ ഒരു പുതപ്പുപോലെ നിരപ്പാക്കി ഇടുന്നതിനാൽ ഇത് ഒരു പുതപ്പായി ഉപരിതലത്തിൽ നിൽക്കും. വേനൽച്ചൂടിന്റെ പ്രത്യാഘാതം ഇതിനു കീഴെയുള്ള സസ്യവേരുകളിൽ തട്ടുന്നത് പ്രതിരോധിക്കും. ചൂടിനെയും ജലബാഷ്‌പീകരണത്തെയും തടയുന്ന സംരക്ഷണകവചമായി ഇതു മാറും. ഒപ്പം ഇത്തരം വിളകളുടെ വേരുപടലം ഉപരിതലമണ്ണിൽ പടർന്ന് സൂര്യതാപം നേരിട്ട് പതിയുന്നത് ഇല്ലാതാക്കാനും സഹായിക്കും.
മണ്ണ്, ജല സംരക്ഷണത്തിലും താപപ്രതിരോധത്തിനും ഇന്ന് ശാസ്‌ത്രീയമായ ഒരു നടപടിപ്രക്രിയയായി തുലാക്കിളയെ കൃഷി പരിചരണശാസ്‌ത്രം പ്രോത്സാഹിപ്പിച്ചുവരികയാണ്.








0 comments