വെള്ളരിയിലെ വില്ലന്മാർ

കോവൽമുതൽ മത്തൻവരെയുള്ള വെള്ളരിവർഗവിളകളെ ഈവർഷം വേരോടെ ഉണക്കിയ വില്ലനാണ് മത്തൻവണ്ട്.
നീലയും ചുവപ്പും നിറത്തിൽ കാണുന്ന ഈ കുഞ്ഞൻവണ്ട് ഇലകൾതിന്ന് വൃത്താകൃതിയിലോ അർധവൃത്താകൃതിയിലോ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. വണ്ടിനെ വെല്ലുന്ന കൃത്യതയോടെ ഇവയുടെ പുഴുക്കൾ വള്ളികളിലും വേരിലും തുളച്ചുകയറിയാണ് വെള്ളരിയെ മുച്ചൂടും മുടിക്കുന്നത്.
വെള്ളരി നടുന്നതിനുമുമ്പായി റാഡിഷ്, മല്ലിയില തുടങ്ങിയ രൂക്ഷഗന്ധമുള്ള വിളകളെ കെണിവിളയാക്കുന്നത് ശത്രുകീടങ്ങളെ തുരത്തുന്നതിനുള്ള ഏറ്റവുംനല്ല മാർഗം. ബയോമെറ്റ്, ബയോമാജിക് എന്നീ പേരുകളിൽ വിപണിയിൽ ലഭ്യമായ മിത്രകുമിൾ മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർത്തുകൊടുക്കുന്നത് ആക്രമണം തുടങ്ങിയാൽ ചെയ്യേണ്ട ജൈവനിയന്ത്രണ രീതിയാണ്. വിത്തിടുന്നതിനുമുമ്പ് തടം കരിക്കുന്നതും ഒരേ സ്ഥലത്തുതന്നെ തുടർച്ചയായി വെള്ളരിവർഗവിളകൾ കൃഷിചെയ്യാതിരിക്കുന്നതും നന്ന്.
ഈവർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയ മുഞ്ഞയാണ് കോവലിന്റെ പ്രധാന ശത്രു. മുഞ്ഞകൾ ഇലയുടെ അടിയിൽ കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നതിന്റെ ഫലമായി ഇല കുരുടിച്ച് ചെടികളുടെ വളർച്ച മുരടിക്കുന്നു. ബയോവെർട്ട്, ബയോക്യാച്ച് എന്നീ പേരുകളിൽ വിപണിയിൽ ലഭ്യമായ മിത്രകുമിൾ വെർട്ടിസീലിയം 20 ഗ്രാം ആറു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളിൽ മുകളിലും താഴെയുമായി തളിച്ചുകൊടുത്ത് മുഞ്ഞയെ വെട്ടിലാക്കാം. ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ എമൽഷൻ ഇലകളിലും തടത്തിലും ഒഴിച്ചുകൊടുക്കുന്നത് പ്രതിരോധതന്ത്രം.








0 comments