ഐക്യരാഷ്ട്രസംഘടനയ്ക്ക് ഒക്ടോബർ 24ന് 73 വയസ് പൂർത്തിയാകുന്നു. ലോകത്ത് സമാധാനവും സുരക്ഷയും ഉറപ്പാക്കി ഭാവി തലമുറയെ യുദ്ധത്തിന്റെ ദുരന്തങ്ങളിൽനിന്ന് രക്ഷിക്കുക, അടിസ്ഥാന മനുഷ്യാവകാശങ്ങളും ഒരുവന്റെ വ്യക്തിത്വവും മാന്യതയും സ്ത്രീ പുരുഷ തുല്യതയും ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങളും അംഗീകരിക്കുക എന്നിവയാണ് ഐക്യരാഷ്ട്രസംഘടനയുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ. സമാധാനം എന്നാൽ യുദ്ധമില്ലാത്ത അവസ്ഥ മാത്രമാണോ? അല്ല. നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം, അതിലെ ജീവജാലങ്ങളുടെ നിലനിൽപ്പ് എന്നിവയ്ക്ക് തടസ്സമാവുന്ന ഘടകങ്ങൾ ഇല്ലാതാവുന്ന അവസ്ഥകൂടിയാണ് അത്. പട്ടിണി, ഭീകര പ്രവർത്തനങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, പരിസ്ഥിതി നാശം, പാർപ്പിട പ്രശ്നം, പ്രകൃതി ദുരന്തങ്ങൾ ഇങ്ങനെ ഭൂമിയുടെയും ജീവജാലങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുമ്പോൾ മാത്രമാണ് മാനവരാശിക്ക് സമാധാനവും പുരോഗതിയും സാധ്യമാവുന്നത്.
1815‐ൽ നടന്ന വിയന്ന കോൺഗ്രസ് മുതൽ അന്താരാഷ്ട്രതലത്തിൽ ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പൊതുവേദികളുടെ പ്രവർത്തനം തുടങ്ങി. ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാൻ നടന്ന വേഴ്സായി സന്ധിയുടെ ഭാഗമായി രൂപംകൊണ്ട സർവരാഷ്ട്രസഖ്യം ഈ രംഗത്തെ പ്രതീക്ഷ നൽകുന്ന കാൽവയ്‌പായി. എന്നാൽ രണ്ടാം ലോക മഹായുദ്ധം സർവരാഷ്ട്രസഖ്യത്തിന്റെ പരാജയത്തിൽ കലാശിച്ചു.
ഒന്നും രണ്ടും ലോകയുദ്ധങ്ങൾ സൃഷ്ടിച്ച വൻമനുഷ്യദുരന്തത്തിന്റെയും നാശങ്ങളുടെയും പശ്ചാത്തലത്തിലാണ് ലീഗ് ഓഫ് നേഷൻസിന്റെ തുടർച്ചയെന്നോണം 1945 ഒക്ടോബർ 24ന് ഐക്യരാഷ്ട്ര സംഘടന നിലവിൽവന്നത്. രണ്ടാമത്തെ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡിന്റെ ഭാഷയിൽ യുഎൻ രൂപീകരിച്ചത് 'മനുഷ്യരെ സ്വർഗത്തിലേക്ക് നയിക്കാനല്ല മറിച്ച് നരകത്തിൽനിന്ന് അവരെ രക്ഷിക്കാനാണ്'. 51 രാഷ്ട്രങ്ങളുമായി തുടങ്ങിയ യുഎന്നിൽ ഇപ്പോൾ 193 രാഷ്ട്രങ്ങൾ അംഗങ്ങളാണ്. ആറ് പ്രത്യേക ഏജൻസികൾ ഉൾപ്പെടെ 17 ഏജൻസികൾ ഇന്ന് യുഎന്നിന് കീഴിൽ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1200 ഓളം ഓഫീസുകളുണ്ട്. 41000 ഉദ്യോഗസ്ഥരും. 1,20,000 സമാധാന സേനാംഗങ്ങളും യുഎന്നിനുണ്ട്.
വിജയം കാണാത്ത ലക്ഷ്യങ്ങൾ
പ്രാഥമികലക്ഷ്യം മാത്രമല്ല അനുബന്ധ ലക്ഷ്യങ്ങൾ നേടുന്നതിലും യുഎൻ വിജയിച്ചില്ലെന്ന് കാണാം. ഉദാഹരണത്തിന് ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മ്യാൻമറിൽനിന്നുള്ള റോഹിൻഗ്യൻ അഭയാർഥിപ്രശ്നം.ജനലക്ഷങ്ങൾക്ക് ഇതിനകം മ്യാൻമറിലെ റാഖൈൻ പ്രവിശ്യ വിട്ടോടേണ്ടിവന്നുവെന്നാണ് കണക്ക്. ബംഗ്ലാദേശികളാണെന്ന് ആരോപിച്ചാണ് റോഹിൻഗ്യൻ മുസ്ലിങ്ങളെ മനുഷ്യത്വരഹിതമായ മാർഗങ്ങളിലൂടെ മ്യാൻമർ പുറത്താക്കുന്നത്. മേഖലയിലെ രാഷ്ട്രങ്ങളെ ഒരു മേശക്കുചുറ്റുമിരുത്തി ഈ മാനുഷിക ദുരന്തം പരിഹരിക്കാൻ യുഎന്നിന് കഴിഞ്ഞിട്ടില്ല.
യുഎന്നിന്ന് സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സമിതിയുണ്ട്. യുഎൻ സാമ്പത്തിക സാമൂഹ്യ കൗൺസിൽ. ലോകത്തിലെ ഒരു സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ കാര്യമായ ഒരു ശ്രമവും ഈ സമിതി നടത്തിയിട്ടില്ല. 2008ലെ സാമ്പത്തിക മാന്ദ്യം, ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി തുടങ്ങി ഒരു വിഷയത്തിലും സജീവമായി ഇടപെടാൻ ഈ സമിതി തയ്യാറായിട്ടില്ല. ആണവ നിർവ്യാപനം, കാലാവസ്ഥാ മാറ്റം, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളിലും ചില ഇടപെടലുകളൊക്കെ യുഎൻ നടത്തിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. യുഎന്നിന്ന് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന അമേരിക്ക പിൻവാങ്ങുമെന്ന സൂചന ശക്തമാണ്. യുഎന്നിനുകൂടി പങ്കാളിത്തമുള്ള കാലാവസ്ഥാ മാറ്റ കരാർ, ഇറാനുമായുള്ള ആണവകരാർ എന്നിവയിൽനിന്ന് പിന്മാറുമെന്നും അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി എന്നാണ് ന്യൂയോർക്കിലുള്ള യുഎൻ ആസ്ഥാനം അമേരിക്ക പൂട്ടുക എന്ന് പറയാനാവില്ല.
0 comments