മേൽശാന്തിയുടെ മകൾ സന്നിധാനത്തെത്തിയപ്പോൾ തന്ത്രി അമ്പലംപൂട്ടി താക്കോൽ കൊടുത്തോ

ശബരിമല മേൽശാന്തിയുടെ മകൾ ആചാരം ലംഘിച്ച‌് സന്നിധാനത്തെത്തിയപ്പോൾ അന്നതിനെ ന്യായീകരിക്കുകയായിരുന്നു യുഡിഎഫും ബിജെപിയും. നാലുവർഷം മുമ്പ‌് വിഷു ഉത്സവസമയത്താണ‌് അന്നത്തെ മേൽശാന്തി പി എൻ നാരായണൻനമ്പൂതിരിയുടെ മകൾ സന്നിധാനത്തെത്തിയത‌്.
പതിനെട്ടാം പടി കയറിയതുമാത്രമല്ല, രണ്ടു ദിവസം സന്നിധാനത്ത‌് തങ്ങുകയും ചെയ‌്തു. വിവാദമായതോടെ ദേവസ്വം വിജിലൻസ‌് അന്വേഷിച്ചു. ആചാരലംഘനമുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ട‌് നൽകി. എന്നാൽ അന്നത്തെ യുഡിഎഫ‌് സർക്കാരും കോൺഗ്രസ‌് നേതൃത്വത്തിലുള്ള ദേവസ്വം ബോർഡും റിപ്പോർട്ട‌് പൂഴ‌്ത്തി.
ആചാരലംഘനമുണ്ടായെന്ന‌് വ്യക്തമായിട്ടും അന്ന‌് തന്ത്രി ക്ഷേത്രം അടച്ചില്ല. മേൽശാന്തിക്കും ദേവസ്വം ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വേണമെന്ന നിർദേശവും പരിഗണിച്ചില്ല. എല്ലാം കഴിഞ്ഞശേഷം പ്രായശ‌്ചിത്തവും പരിഹാരപൂജകളും നടത്തി വിഷയം ലളിതവൽക്കരിക്കുകയായിരുന്നു തന്ത്രിയടക്കമുള്ളവർ. പരിഹാരപൂജകൾക്കുള്ള തുക മേൽശാന്തിയിൽ നിന്നും ഈടാക്കി തലയൂരി അന്നത്തെ ദേവസ്വം ബോർഡും യുഡിഎഫ‌് സർക്കാരും. മേൽശാന്തിയെ ന്യായീകരിച്ച‌് ജന്മഭൂമി ആർഎസ്എസ് നിലപാട് വ്യക്തമാക്കി. സമൂഹത്തിനും വിശ്വാസികൾക്കും മുന്നിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ ഈ വിഷയം ചിത്രീകരിച്ചതിൽ വിഷമമുണ്ടെന്നും കാലോചിതമായ ചർച്ചകൾ ഇത്തരം കാര്യങ്ങളിൽ വേണമെന്നും യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അന്ന് പറഞ്ഞു.
2014 മെയ് ഒമ്പതിന്റെ ജന്മഭൂമി ഓൺലൈനിലാണ് മേൽശാന്തിയുടെ മകളുടെ ക്ഷേത്രദർശനം ന്യായീകരിച്ച‌് വാർത്ത നൽകിയത‌്. അന്വേഷണറിപ്പോർട്ടിൻമേൽ മാസങ്ങളോളം അടയിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി രമേശ‌് ചെന്നിത്തല പിന്നീടൊരിക്കലും ഇതേപ്പറ്റി പ്രതികരിച്ചില്ല.








0 comments