വരണ്ട ഭൂമിയിൽ തണ്ണിമത്തൻ കൃഷിക്ക്‌ സാധ്യത ഏറുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2018, 04:41 PM | 0 min read

അന്തരീക്ഷ  ഊഷ്‌മാവ്‌ ഉയരുകയും മഴ കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യാപകമായി കൃഷി ചെയ്യാവുന്ന വിളയാണ്‌ തണ്ണിമത്തൻ. നവംബർമുതൽ ഏപ്രിൽവരെ തണ്ണിമത്തൻക്കൃഷിക്ക്‌ ഏറെ യോജ്യമാണ്‌. അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ഈ കൃഷി അടുത്തകാലത്ത്‌ കേരളത്തിൽ സജീവമായിട്ടുണ്ട്‌. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഭൂമിയിൽ, മണ്ണിളക്കമുള്ള എല്ലാ പ്രദേശത്തും തണ്ണിമത്തൻ വളരും. അമ്ലരസം കൂടുതലുള്ള മണ്ണിൽപ്പോലും തണ്ണിമത്തൻ നന്നായിവളരും.


നടീൽരീതി

ഭൂമി കിളച്ച്‌ നടീൽപരുവമാക്കി മാറ്റണം. പ്രസ്‌തുത ഭൂമിയിൽ 50 സെ. മീ. നീളത്തിലും 50 സെ. മീ. വീതിയിലും 40 സെ. മീ. താഴ്‌ചയിലുമായി കുഴിയെടുക്കണം. കുഴിയിൽ ചാണകവളം (4 കിലോ) 200 ഗ്രാം വേപ്പിൻപിണ്ണാക്ക്‌, കരിയിലകൾ എന്നിവ ഇട്ട്‌ ഇളക്കിക്കൊടുത്ത്‌ മണ്ണിട്ടുമൂടണം. പ്രസ്‌തുത കുഴിയുടെ മുകളിൽ തടംകോരി അഞ്ചോ പത്തോ തണ്ണിമത്തൻവിത്ത്‌ നടണം. നനച്ചുകൊടുത്താൽ മൂന്നോ നാലോ ദിവസംകൊണ്ട്‌ മുളവരും. ആരോഗ്യമുള്ള മൂന്ന്‌/നാല്‌ തൈകൾ നിലനിർത്തി മറ്റുള്ളവ പിഴുതുകളയണം.

ചെടിക്ക്‌ മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്‌, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം.
ചെടി പടർന്നുവളരാൻ തുടങ്ങിയാൽ ഭൂമിയിൽ തെങ്ങോലകളോ വൃക്ഷചുള്ളികളോ ഇട്ടുകൊടുക്കണം. ഭൂമിയുടെ ചൂട്‌ തണ്ണിമത്തൻ വള്ളികൾക്ക്‌ നേരിട്ട്‌ ബാധിക്കാതിരിക്കാൻ ഇതു സഹായകമാകും.

വിത്തുനട്ട്‌ 35‐40 ദിവസം കഴിയുമ്പോഴേക്കും പൂക്കൾ വിരിഞ്ഞുതുടങ്ങും. ആൺപൂക്കളാണ്‌ ആദ്യം വിരിയുക. അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും. ഒരാഴ്‌ചയ്‌ക്കകം പെൺപ്പൂക്കൾ വിരയും.

കീടശല്യം തടയാൻ കീടകെണി ഉപയോഗിക്കാവുന്നതാണ്‌. ശക്തമായ കീടാക്രമണം ഉണ്ടാവുകയാണെങ്കിൽ കാർബറിൽ 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ കലക്കി ഉപയോഗിക്കാവുന്നതാണ്‌.

ഇനങ്ങൾ

നാടൻ ഇനങ്ങൾ ‐ പക്കീസ്‌, നാമദാരി ഇവ പ്രാദേശികമായി ഇപ്പോൾ ലഭ്യമാണ്‌. ഇറാനിയൻ ഇനമായ കിരൺ (സിൻഗദ) രാജ്യത്തെ കാർഷിക സർവകലാശാലകൾ വികസിപ്പിച്ച മധുമിലൻ, ജഗങ 1, ഷുഗർബേബി, ദുർഗാപുര മീഠ, അർക്കാമാനിക്ക്‌ എന്നിവ വിപണിയിൽ ലഭ്യമാണ്‌. കേരള കാർഷിക സർവകലാശാലയുടെ വിവിധ വിത്തുവിതരണ കേന്ദ്രങ്ങളിൽ തണ്ണിമത്തൻവിത്തുകൾ ലഭ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home