ഗാന്ധിജിയുടെ ചിന്തകൾ ഇന്നും അവർക്ക‌് ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2018, 06:05 PM | 0 min read

ഗാന്ധിവധം എന്നും ഒരു സംവാദ വിഷയമാണ്. ഗാന്ധിജിയെ കൊന്നത് തങ്ങളല്ലെന്ന് ഹിന്ദുത്വശക്തികൾ ബാഹ്യമായി നിരാകരിക്കുമെങ്കിലും ഓരോ തീവ്രഹിന്ദുത്വവാദിയും ഗാന്ധിവധത്തിൽ ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ  പേരിൽ 1948ൽ നിരോധിക്കപ്പെട്ട സംഘടനയുടെ നിയന്ത്രണത്തിലുള്ള ഭരണമാണ് ഇന്ന് ഇന്ത്യയിൽ. ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ കൊലപാതകത്തിന് രക്തസാക്ഷിയായ രാഷ്ട്രപിതാവിനെ കോൺഗ്രസുകാർപോലും ഉചിതമായി ആദരിക്കുന്നില്ല എന്ന അഭിപ്രായമാണ് ഗാന്ധിജിയുടെ പൗത്രനും സാമൂഹ്യപ്രവർത്തകനുമായ തുഷാർ ഗാന്ധിക്കുള്ളത്. തുഷാർ ഗാന്ധി മുംബൈയിൽനിന്ന് ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖം 
തയ്യാറാക്കിയത്‌ എൻ എസ്‌ സജിത്‌

? ഗാന്ധിവധത്തിനുശേഷം തീവ്ര ഹിന്ദുത്വവാദികൾ ആക്രോശിച്ചത് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവല്ല, പാകിസ്ഥാനിലെ രാഷ്ട്രപിതാവ് എന്നാണ്. ഈ വാദം ഇപ്പോഴും ആവർത്തിക്കുന്നു. ഗാന്ധിജിയുടെ നൂറ്റമ്പതാം  ജന്മവാർഷികം ആഘോഷിക്കുന്ന സമയത്ത് താങ്കൾ ഈ വാദത്തെ എങ്ങനെ കാണുന്നു?

അതിൽ അസ്വാഭാവികത ഒന്നുമില്ല.  ഇത്തരം ജല്പനങ്ങൾ അവർ തുടർന്നുകൊണ്ടേയിരിക്കും. ഹിന്ദുരാഷ്ട്രമെന്ന അവരുടെ ലക്ഷ്യത്തെ അന്നും ഇന്നും തടയുന്നത് ഗാന്ധിജിയുടെ ചിന്തകളാണ്.

? നിരന്തരമായ ഗൂഢാലോചനകൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ് ഗാന്ധിജിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം പൂർത്തിയാക്കിയത്. അഞ്ചുതവണ പലയിടത്തായി കൊലപാതകശ്രമം നടത്തിയെന്ന് താങ്കൾ ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അതിന്റെ വിശദാംശങ്ങൾ ?

അതെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്, ചരിത്രരേഖകളാണ്. അതിനെ ആർക്കും ഖണ്ഡിക്കാനാകില്ല. കുറ്റാരോപിതർക്ക് ആർഎസ്എസ്, ഹിന്ദുമഹാസഭ എന്നീ സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, ഈ സംഘടനകളുടെ പങ്ക് അന്വേഷിക്കപ്പെട്ടിട്ടില്ല. ഗോഡ്സെയും ആപ്തെയുംതന്നെയായിരുന്നു എല്ലാ ശ്രമങ്ങൾക്കും പിന്നിൽ. അവസാനത്തെ രണ്ട‌് ഉദ്യമം ഒഴിച്ച് ബാക്കിയെല്ലാം സ്വാതന്ത്ര്യത്തിനുമുമ്പ് നടന്നതായിരുന്നു. 1934ൽ പുണെയിൽവച്ചായിരുന്നു ആദ്യ വധശ്രമം. പിന്നെ 1944 ജൂലൈയിൽ പഞ്ച്ഗനിയിൽ. മൂന്നാമത്തേത് അതേവർഷം സെപ്തംബറിൽ. നാലാമത്തെ വധശ്രമം 1946 ജൂൺ 19ന്. അഞ്ചാമത്തേത് 1948 ജനുവരി 20ന് ഡൽഹിയിലെ കേരള ഹൗസിൽവച്ചായിരുന്നു. അതായത്, ഗാന്ധിവധത്തിന‌് കൃത്യം പത്ത് ദിവസംമുമ്പ്.  

മൂന്ന‌് ശ്രമത്തിലും ആർഎസ്എസ്, ഹിന്ദുമഹാസഭ എന്നീ സംഘടനകളുടെ  ഇടപെടൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1948 ജനുവരി 30ന് നടന്ന കൊലപാതകം  കൃത്യമായി ആസൂത്രണംചെയ്യപ്പെട്ടതായിരുന്നു.

ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര് എന്ന വസ‌്തുത സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അതിൽ തങ്ങൾക്ക് പങ്കില്ലെന്നു പറയാൻ ആർഎസ്എസിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്.

കൊലയ‌്ക്ക‌് പ്രേരണയായ പ്രത്യയശാസ്ത്രത്തെക്കുറിച്ചും കൊല നടത്തിയ ആളുകളെക്കുറിച്ചും ഉള്ള കാര്യങ്ങൾ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിൽ സംശയം ഉദിക്കുന്ന പ്രശ്നമേയില്ല. എന്നാൽ, എക്കാലവും അവർ അക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്. അതേ ശക്തികൾതന്നെയാണ് അന്നും ഇന്നും രാജ്യത്തെ ശിഥിലമാക്കാനും അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്നത്.

? ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാർഷികത്തിൽ രാഷ്ട്രപിതാവിന് ഉചിതമായ ആദരം നൽകാൻ അധികാരികൾ ശ്രമിക്കുന്നില്ല. ജന്മനാടായ പോർബന്തറിൽപ്പോലും പതിവു പ്രാർഥനകൾക്ക് അപ്പുറം ആഘോഷങ്ങളൊന്നുമില്ല.

പോർബന്തറിൽ ആകട്ടെ, മറ്റിടങ്ങളിൽ ആകട്ടെ, സർക്കാർ ചിന്തിക്കുന്നതുപോലെ അല്ല ജനങ്ങൾ ചിന്തിക്കുന്നത്. ജനങ്ങളുടെ ഹൃദയത്തിൽ ഗാന്ധിജി മരിച്ചിട്ടില്ല. ഒരു വികാരമായി ഇപ്പോഴുമുണ്ട്. തമസ‌്കരിക്കാൻ ശ്രമിച്ചാലും ആ ചിത്രം മായില്ല.

? കോൺഗ്രസ് സർക്കാരുകൾപോലും ഗാന്ധിജിയോട് നീതി പുലർത്തിയിട്ടില്ല എന്ന് തോന്നുന്നുണ്ടോ.

ഒരു രാഷ്ട്രീയനേതാവിനും ഗാന്ധിജിയുടെ മൂല്യങ്ങൾ ആത്മാർഥമായി പിന്തുടരാനാകില്ല. ആഘോഷങ്ങൾ നടത്തുന്നവർ അത് സത്യസന്ധമായല്ല ചെയ്യുന്നത്. അദ്ദേഹത്തിന്റെ  ഓർമകളെയും ഗാന്ധിജി എന്ന സ്വത്വത്തെയും ചൂഷണം ചെയ്യുകമാത്രമാണ് അവർ ചെയ്യുന്നത്.

ഗാന്ധിജിയെ കൊന്നില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 15 ശതമാനത്തിൽനിന്ന‌് 35 ശതമാനം ആകുമായിരുന്നു എന്ന് ഹിന്ദുത്വശക്തികൾ ന്യായീകരിക്കുന്നുണ്ട്. ദൈവം ഇടപെട്ടു, ഗാന്ധിജി പരാജയപ്പെട്ടു എന്നിങ്ങനെ തുടരുന്നു അവരുടെ ന്യായീകരണങ്ങൾ.

ഇത്തരം ന്യായീകരണങ്ങളും ന്യൂനപക്ഷവിരുദ്ധമായ കള്ളപ്രചാരണങ്ങളും ആർഎസ്എസ് രീതിശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ഭാഗമാണ്. മുസ്ലിം ജനസംഖ്യ സംബന്ധിച്ച വാദങ്ങളെ സാധൂകരിക്കാനുള്ള വസ‌്തുതകളും സ്ഥിതിവിവരക്കണക്കുകളും ആർഎസ്എസിന്റെ കൈവശമില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം ആയിട്ടും മുസ്ലിം ജനസംഖ്യാ വർധനയുടെ കാര്യത്തിൽ  ആർഎസ്എസ് അവകാശപ്പെടുന്ന വിധത്തിലുള്ള മാറ്റമുണ്ടായിട്ടില്ല. എന്നിട്ടും അവർ കള്ളപ്രചാരണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home