ചെഞ്ചീര നിലത്ത് വിളയുന്നത് പൊൻകതിർ

കണ്ണൂർ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പാതിരയാട് അഞ്ജനത്തിൽ കർഷകശ്രീ ഗോപിയെ ഓർമ്മയില്ലേ? സംയോജിത കൃഷിയിൽ കാലത്തിന് മുൻപേ നടന്നയാൾ. തെങ്ങും, കവുങ്ങും. കുരുമുളകും, വാഴയും ,കൊക്കൊയും, പഴവർഗ്ഗങ്ങളും പച്ചക്കറിയിനങ്ങളും കശുമാവും, പുൽകൃഷിയും ഇടതൂർന്ന് വളരും കൃഷിയിടങ്ങൾ'' പശുവും, പന്നിയും, ആടും.കോഴിയും, കാടയും, മത്സ്യവും, താറാവും മുയലും എമുവും വളർത്തി പരിപാലിക്കപ്പെടുന്നിടം. ചീരകൃഷിയിൽ വൻ വിജയം കൈവരിച്ച ഇദ്ദേഹം ഈ വർഷം ചീരകൃഷിയിടങ്ങൾ പൂർണ്ണമായും അമ്പത് സെന്റ് നെൽകൃഷിചെയ്ത് മാതൃകയൊരുക്കിയിരിക്കയാണിവിടം.
പുരയിടങ്ങളിൽ നെല്ല് കരകൃഷി ചെയ്യുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി മണ്ണ് വയൽ സമാനമായി പരുവപ്പെടുത്തി കുമ്മായവും ജൈവവളങ്ങളും പച്ചില വ ളങ്ങളും ചേർത്ത് തയ്യാറാക്കിയ പാടത്ത് പവിഴം ഇനത്തിൽപ്പെട്ട നെല്ലിന്റെ ഞാറുകൾ പറിച്ചുനടുകയാണ് ചെയ്തത്. നിശ്ചിത അകലത്തിൽ നടീൽ നടത്തി. മേൽ വളമായി ബയോഗ്യാസ് സ്ലറിയും പച്ചച്ചാണകവും മണ്ണിര കമ്പോസ്റ്റും ജൈവകൃഷിരീതിയിൽ പരിപാലിക്കപ്പെട്ട തോട്ടത്തിൽ പൊൻകതിരിട്ടു തുടങ്ങിയിരിക്കുകയാണ്. ഈ കാഴ്ച ആരെയും ആകർഷിക്കും. പൂമുഖത്തോട് ചേർന്നൊരുക്കിയ നെൽവയൽ ദിവസേന കണികണ്ടുണരുന്ന കർഷകോത്തമനും കുടുംബവും ഹരിത കേരളമെന്ന സ്വപ്ന സാക്ഷാത്കാരത്തിന് മാതൃക തന്നെ. കാർഷിക കേരളത്തിന് പകർത്താവുന്നതും.










0 comments