കനത്ത ജാഗ്രത, ദേശീയ ദുരന്തനിവാരണ സേന രംഗത്ത്

തൊടുപുഴ
മഴപ്പെയ‌്ത്ത‌് തുടരുന്നതിനിടെ വെള്ളിയാഴ്ചയും കെടുതികളിൽ കേരളം വിറങ്ങലിച്ചു. ചരിത്രത്തിൽ ആദ്യമായി ഇടുക്കിയിലെ അഞ്ചു ഷട്ടറുകളും തുറക്കേണ്ടി വന്നെങ്കിലും സർക്കാർ ഒരുക്കിയ സുരക്ഷ, കെടുതിയുടെ ആഘാതം കുറച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇടുക്കിയായിരുന്നു ശ്രദ്ധാകേന്ദ്രം. വ്യാഴാഴ്ച വൈകിട്ട് 4.30 ന് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ട്രയൽറൺ നീരൊഴുക്ക് കുറയാത്തതിനാൽ രാത്രിയും തുടർന്നു. രാവിലെ ഏഴിന് രണ്ടു ഷട്ടറുകൾ കൂടി തുറക്കേണ്ടിവന്നു. വൃഷ്ടിപ്രദേശത്തെ കനത്ത മഴ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഒടുവിൽ അവശേഷിക്കുന്ന രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ചെറുതോണി പാലത്തിനു മുകളിലൂടെ കുതിച്ച വെള്ളം നാടിനെ ഭയപ്പെടുത്തി. അണക്കെട്ടിനും പാലത്തിനും മധ്യേ വളർന്നു നിന്ന കൂറ്റൻ മരങ്ങൾ കടപുഴകി. പാലത്തിൽ തടഞ്ഞ മരങ്ങൾ സുരക്ഷാ സേന മുറിച്ചുനീക്കുന്ന ദൃശ്യങ്ങൾ നെഞ്ചിടിപ്പ് കൂട്ടി. കടകൾ ഒഴിപ്പിച്ചും ജനങ്ങളെ മാറ്റിപാർപ്പിച്ചും സർക്കാർ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ കനത്ത നാശനഷ‌്ടം ഒഴിവാക്കി. അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിലുള്ളവരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിരുന്നു.
ഇടുക്കി താലൂക്കിൽ ഏഴു ക്യാമ്പുകളാണ് തുറന്നത്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കി. ചെറുതോണി, തടിയമ്പാട്, കീരിത്തോട് എന്നിവിടങ്ങളിൽ മൊബൈൽ യൂണിറ്റുകൾ, കുടിവെള്ള സ്രോതസുകൾ മലിനമായാൽ ശുദ്ധീകരിക്കാൻ സംവിധാനം എന്നിവയെല്ലാം മുന്നൊരുക്കത്തിന് ഉദാഹരണം. എന്തിനും സജ്ജരായി ഫയർ ആൻഡ് റെസ്ക്യൂ സംഘം ചെറുതോണിയിലും പരിസരത്തും ഉണ്ട‌്. ഇടുക്കിയിൽ സ്കൂബാ ടീമിനെയും നിയോഗിച്ചു.
മൂന്ന് ആംബുലൻസും ഒരു സ്കൂബാ വാനും ഉൾപ്പെടെ 10 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടിമാലി, മാങ്കുളം, പള്ളിവാസൽ, കൊന്നത്തടി എന്നിവയിലും ചെറുതോണിയിലും കരിമ്പനിലുമായി ദേശീയ ദുരന്തനിവാരണ സേന രംഗത്തുണ്ട്. 75 പേരടങ്ങിയ ആർമി സംഘം അടിമാലിയിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.
ആറ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഇരുനൂറോളം പേരടങ്ങിയ പൊാലീസ് സംഘത്തെ ചെറുതോണിയിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരവും ചരക്ക് ഗതാഗതവും നിരോധിച്ചു.








0 comments